'ജനാധിപത്യത്തെ സംരക്ഷിച്ചതിന് സുപ്രീം കോടതിക്ക് നന്ദി'; ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് വിധിയില്‍ എഎപി

മേയർ തിരഞ്ഞെടുപ്പിൽ ജനാധിപത്യ തത്വങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്
'ജനാധിപത്യത്തെ സംരക്ഷിച്ചതിന് സുപ്രീം കോടതിക്ക് നന്ദി'; ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് വിധിയില്‍ എഎപി

ന്യൂഡൽഹി: ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ആം ആദ്മി പാർട്ടി. ഈ ദുഷ്‌കരമായ സമയങ്ങളിൽ ജനാധിപത്യത്തെ സംരക്ഷിച്ചതിന് സുപ്രീംകോടതിക്ക് നന്ദിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ കുറിച്ചു. ഈ രാജ്യം ഇപ്പോഴും ജനാധിപത്യത്താൽ നയിക്കപ്പെടുന്നു. ഇത് വോട്ട് കള്ളന്മാരുടെ കവിളിലേറ്റ കനത്ത പ്രഹരമാണെന്ന് വിധിക്ക് ശേഷം എഎപി രാജ്യസഭാ എംപി സ്വാതി മലിവാളും കുറിച്ചു.

മേയർ തിരഞ്ഞെടുപ്പിൽ ജനാധിപത്യ തത്വങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. എഎപി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനെ കോടതി വിജയിയായി പ്രഖ്യപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. എഎപി സ്ഥാനാര്‍ത്ഥി നല്‍കിയ അപ്പീലിലായിരുന്നു സുപ്രീം കോടതി വിധി. എഎപി-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയാണ് കുല്‍ദീപ് കുമാര്‍.

അസാധുവായ എട്ട് വോട്ടുകളും എഎപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായിരുന്നു. ഈ വോട്ടുകൾ അസാധുവാക്കിയ ചണ്ഡീഗഡ് പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മാസിയുടെ ഫലപ്രഖ്യാപനമാണ് കോടതി റദ്ദാക്കിയത്. അനില്‍ മാസിക്കെതിരെ പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് കോടതി നിര്‍ദ്ദേശം നൽകി. എന്നാൽ പ്രത്യാഘാതങ്ങള്‍ മനസിലാക്കാതെയാണ് നടപടി എന്നായിരുന്നു അനില്‍ മാസിയുടെ മറുപടി. അനില്‍ മാസിക്ക് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ നോട്ടീസയക്കും. മൂന്നാഴ്ചയ്ക്കകം അനില്‍ മാസി മറുപടി നല്‍കുകയും വേണം. അനില്‍ മാസിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്കും കോടതി നിർദ്ദേശം നൽകിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com