വാ​ഗ്ദാനം നൽകി പീഡിപ്പിച്ച് മുങ്ങി,പൊലീസുമായെത്തി മുന്‍ കാമുകി; വിവാഹ മണ്ഡപത്തിൽ നിന്ന് ഓടി വരന്‍

മാട്രിമോണിയിലൂടെ പരിചയപ്പെട്ട മം​ഗളൂരു സ്വദേശിനിയുമായുള്ള കല്യാണച്ചടങ്ങുകൾക്കിടെയാണ് വിവാഹം മുടക്കാനായി മൈസൂർ സ്വദേശിനി പൊലീസുമായെത്തിയത്
വാ​ഗ്ദാനം നൽകി പീഡിപ്പിച്ച് മുങ്ങി,പൊലീസുമായെത്തി മുന്‍ കാമുകി; വിവാഹ മണ്ഡപത്തിൽ നിന്ന് ഓടി വരന്‍

മംഗളൂരു: വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച് മുങ്ങിയ കാമുകൻ മറ്റൊരു വിവാഹം കഴിക്കുന്നതറിഞ്ഞ് പൊലീസുമായെത്തി മൈസൂർ സ്വദേശിനി. സംഭവം മുൻകൂട്ടിയറിഞ്ഞ കോഴിക്കോട് സ്വദേശിയായ കാമുകൻ വിവാഹ വേദിയിൽ നിന്ന് രക്ഷപ്പെട്ടു. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടേക്കാര്‍ ബീരിയയിലാണ് സംഭവം. മാട്രിമോണിയിലൂടെ പരിചയപ്പെട്ട മം​ഗളൂരു സ്വദേശിനിയുമായുള്ള കല്യാണച്ചടങ്ങുകൾക്കിടെയാണ് വിവാഹം മുടക്കാനായി മൈസൂർ സ്വദേശിനി പൊലീസുമായെത്തിയത്.

എന്നാൽ ഇക്കാര്യം നേരത്തെ അറിഞ്ഞ യുവാവ് മുഹൂർത്തിന് മുൻപേ താലി ചാർത്തിയ ശേഷം മണ്ഡപത്തിൽ നിന്നിറങ്ങി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് വധുവും കുടുംബവും അറിയിച്ചു. കോഴിക്കോട് പന്തീരങ്കാവിലെ ഫ്‌ളാറ്റില്‍ വച്ചാണ് യുവാവ് വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു.

പ്രണയം നടിച്ച് നിരവധി തവണ പന്തീരങ്കാവിലെ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചു, 19 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തു. പണം ആവശ്യപ്പെട്ടപ്പോൾ നഗ്‌ന വീഡിയോ കാണിച്ച് യുവാവ് ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ ലഹരിക്ക് അടിമയാണെന്നും യുവതി പറയുന്നു. ലഹരിയിലും അല്ലാതെയും ശാരീരികമായി പലതവണ ഉപദ്രവിച്ചു. ഗര്‍ഭം നിര്‍ബന്ധിപ്പിച്ച് അലസിപ്പിച്ചു എന്നും യുവതി പരാതിയിൽ പറയുന്നു. ബംഗളൂരുവില്‍ എഞ്ചിനീയറാണ് യുവതി. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പന്തീരങ്കാവ് പൊലീസ് അറിയിച്ചു. യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി നേരത്തെ തളളിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com