മുൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഇന്ത്യയുടെ ഹർജി സ്വീകരിച്ച് ഖത്തർ കോടതി

ചാരപ്രവൃത്തി ആരോപിച്ചാണ് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കെതിരെ ഖത്ത‍‍ർ വധശിക്ഷ വിധിച്ചത്
മുൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഇന്ത്യയുടെ ഹർജി സ്വീകരിച്ച് ഖത്തർ കോടതി

ഡൽഹി: മുൻ നാവിക ഉദ്യോ​ഗസ്ഥരുടെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നൽകിയ ഹർജി ഖത്തർ കോടതി സ്വീകരിച്ചു. ഹർജി പരിശോധിച്ച് വാദം കേൾക്കുന്നതിനായുള്ള തീയതി തീരുമാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചാരപ്രവൃത്തി ആരോപിച്ചാണ് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കെതിരെ ഖത്ത‍‍ർ വധശിക്ഷ വിധിച്ചത്.

കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്‌ട്‌, ഗോപകുമാർ രാഗേഷ് എന്നിവരെയാണ് ചാരവൃത്തി ആരോപിച്ച് 2022 ഓഗസ്റ്റിൽ ഖത്തർ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ ഇന്ത്യൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥരാണ്. ഇന്ത്യൻ നാവികസേനയിൽ 20 വർഷത്തോളം ഇൻസ്ട്രക്ടർമാർ ഉൾപ്പെടെയുള്ള സുപ്രധാന പദവികളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് വധശിക്ഷ വിധിച്ചവരുടെ കൂട്ടത്തിലുള്ളത്.

ഖത്തർ രഹസ്യാന്വേഷണ ഏജൻസി ചാരപ്രവർത്തനത്തിൻ്റെ പേരിലാണ് ഇവരെ പിടികൂടിയതെങ്കിലും ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ എന്താണെന്ന് ഖത്തർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജാമ്യത്തിനായി നിരവധി തവണ ഇവർ അപേക്ഷ നൽകിയിരുന്നു. എന്നാൽ അതെല്ലാം തള്ളുകയായിരുന്നു. എട്ടുപേരെയും ഒരു വർഷത്തോളം തടവിലിട്ട ശേഷമാണ് ഖത്തർ കോടതി കഴിഞ്ഞ മാസം 26ന് വധശിക്ഷ വിധിച്ചത്. ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ രക്ഷിക്കാൻ നിയമപരമായ എല്ലാ വഴികളും തേടുമെന്ന് അറസ്റ്റിലായവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ ഉറപ്പു നൽകിയിരുന്നു.

കസ്റ്റഡിയിലെടുത്ത മുൻ ഉദ്യോഗസ്ഥരിൽ ഒരാളുടെ സഹോദരി മീതു ഭാർഗവ, സഹോദരനെ തിരികെ കൊണ്ടുവരാൻ സർക്കാരിന്റെ സഹായം തേടിയിരുന്നു. വിഷയത്തിൽ ഇടപെടണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മീതു ഭാർഗവ അഭ്യർഥിച്ചത്. ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ശിക്ഷിക്കപ്പെട്ട എട്ട് ഉദ്യോഗസ്ഥരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com