ഡൽഹിയിലെ വായുമലിനീകരണം; സോണിയ ഗാന്ധി ജയ്പൂരിലേക്ക് മാറി

സോണിയയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ട്. ഇതേത്തുടര്‍ന്നാണ് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട സ്ഥലത്തേക്ക് താല്‍ക്കാലികമായി മാറാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
ഡൽഹിയിലെ വായുമലിനീകരണം; സോണിയ ഗാന്ധി ജയ്പൂരിലേക്ക് മാറി

ന്യൂഡൽഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തെ തുടര്‍ന്ന് സോണിയ ഗാന്ധി താല്‍ക്കാലികമായി ജയ്പൂരിലേക്ക് താമസം മാറി. ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നത് വരെയാണ് സോണിയാ ഗാന്ധിയുടെ താല്‍ക്കാലിക സ്ഥലം മാറ്റം. രണ്ട് മാസം മുമ്പാണ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. സോണിയയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ട്. ഇതേത്തുടര്‍ന്നാണ് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട സ്ഥലത്തേക്ക് താല്‍ക്കാലികമായി മാറാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

ജയ്പൂരിലെത്തി സോണിയ ഗാന്ധിയെ കണ്ടതിന് ശേഷം രാഹുൽ ഗാന്ധി നാളെ ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായി പോകും. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാഹുൽ ഗാന്ധി ജയ്പൂരിൽ മടങ്ങിയെത്തും.

സ്വകാര്യ എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് വെബ്സൈറ്റ് aqi.in പ്രകാരം ചൊവ്വാഴ്ച ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 375 ആയിരുന്നു. അത് ഉയര്‍ന്ന മലിനീകരണ തോതിന്റെ പരിധിയിലാണ് വരുന്നത്. ജയ്പൂരില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 72 ആണ്.

പനിയുടെ ലക്ഷണത്തെ തുടര്‍ന്ന് സോണിയ ഗാന്ധിയെ സെപ്തംബറില്‍ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിറ്റേന്ന് തന്നെ സോണിയ ആശുപത്രി വിടുകയും ചെയ്തിരുന്നു. ശ്വാസതടസ്സം മൂലം ഈ വര്‍ഷം ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഡല്‍ഹിയിലെ മലിനീകരണം ഒഴിവാക്കാന്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് മറ്റൊരു നഗരത്തിലേക്ക് മാറേണ്ടി വരുന്നത് ഇതാദ്യമല്ല. 2020 ലെ ശൈത്യകാലത്ത്, ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സോണിയ ഗോവയിലേക്ക് പോയിരുന്നു.

ഇതിനിടെ ദീപാവലി ആഘോഷത്തിന് ശേഷം ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി. ഡല്‍ഹിയിലെ മിക്ക പ്രദേശങ്ങളിലും ഗുരുതര വിഭാഗത്തിലുളള എയര്‍ ക്വാളിറ്റി ഇന്‍ഡക്സാണ് നിലനില്‍ക്കുന്നത്. രാജ്യ തലസ്ഥാനം പൂര്‍ണമായും വിഷപ്പുകയില്‍ മുങ്ങിയിരിക്കുകയാണ്. ഇന്ന് രാവിലെ വിവിധ ഭാഗങ്ങളില്‍ കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. പ്രധാന മേഖലകളില്‍ നാനൂറിന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ദ്വാരക സെക്ടര്‍ 404, ഐടിഒ 430, നരേല 418, രോഹിണി, ആര്‍കെ പുരം 417 എന്നിങ്ങനെ ആയിരുന്നു പ്രധാന നഗരങ്ങളില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ അന്തരീക്ഷ മലിനീകരണ തോത്.

ഡൽഹിയിലെ വായുമലിനീകരണം; സോണിയ ഗാന്ധി ജയ്പൂരിലേക്ക് മാറി
ദീപാവലി ആഘോഷത്തിന് പിന്നാലെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് ഉയർന്ന നിലയിൽ

ദീപാവലിക്ക് തൊട്ടുമുമ്പ് നഗരത്തില്‍ പെയ്ത മഴയെത്തുടര്‍ന്ന് വായു ഗുണനിലവാരം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വലിയ തോതില്‍ പടക്കം പൊട്ടിച്ചതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് സാഹചര്യം വീണ്ടും മാറുകയായിരുന്നു. സുപ്രീം കോടതി ഉത്തരവിനെപ്പോലും വകവക്കാതെയാണ് ജനങ്ങള്‍ ആഘോഷത്തില്‍ ഏര്‍പ്പെട്ടത്. ദീപാവലിക്ക് ശേഷം രാജ്യ തലസ്ഥാനത്ത് വായു മലിനീകരണ തോത് വലിയ തോതില്‍ ഉയരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദീപാവലിയുടെ പിറ്റേ ദിവസം മുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് ഒറ്റ അക്ക നമ്പര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ അന്തരീക്ഷ മലിനീകരണ തോത് മെച്ചപ്പെട്ടതോടെ തീരുമാനം നീട്ടുകയായിരുന്നു. അന്തരീക്ഷ മലിനീകരണം തടയുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com