അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങൾ തിരികെ നൽകണം; കർശന നിർദേശവുമായി മണിപ്പൂർ സർക്കാർ

ആയുധങ്ങൾ 15 ദിവസത്തിനുള്ളിൽ നൽകണമെന്നും അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിങ് അറിയിച്ചു
അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങൾ തിരികെ നൽകണം; കർശന നിർദേശവുമായി മണിപ്പൂർ സർക്കാർ

ഇംഫാൽ: അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങൾ തിരികെ നൽകാൻ നിർദേശിച്ച് മണിപ്പൂർ സർക്കാർ. ആയുധങ്ങൾ 15 ദിവസത്തിനുള്ളിൽ നൽകണമെന്നും അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിങ് അറിയിച്ചു. സുരക്ഷ ഉദ്യോഗസ്ഥരിൽ നിന്ന് അടക്കം ആയുധങ്ങൾ അക്രമകാരികൾ തട്ടിയെടുത്തിരുന്നു.

പതിനഞ്ച് ദിവസത്തെ കാലയാളവിന് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സുരക്ഷാ സേന സംസ്ഥാനത്തുടനീളം സമഗ്രമായ തിരച്ചിൽ നടത്തും. അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചിരിക്കുന്ന എല്ലാ വ്യക്തികൾക്കുമെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

നിരവധി ആളുകൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ച് കൊള്ളയടിക്കൽ, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി സഹകരിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

മെയ് മാസത്തിൽ ആരംഭിച്ച കലാപങ്ങൾക്കിടയിൽ പൊലീസ് സ്റ്റേഷനുകളിൽ നിന്നും പൊലീസ് ഔട്ട്‌പോസ്റ്റുകളിൽ നിന്നും 4000 വ്യത്യസ്ത തരം അത്യാധുനിക ആയുധങ്ങളും ലക്ഷക്കണക്കിന് വ്യത്യസ്ത തരം വെടിക്കോപ്പുകളും അക്രമകാരികൾ കൊള്ളയടിച്ചതായാണ് വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന. നഷ്ടപ്പെട്ട ആയുധങ്ങളിൽ നിന്ന് 1,359 തോക്കുകളും 15,050 വിവിധതരം വെടിക്കോപ്പുകളും കണ്ടെടുത്തതായി കഴിഞ്ഞയാഴ്ച ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഓപ്പറേഷൻസ് ഐകെ മുയ്വ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com