ജെഡിഎസ് ബിജെപി പാളയത്തിൽ: തീരുമാനം അമിത് ഷാ-കുമാരസ്വാമി കൂടിക്കാഴ്ചക്ക് ശേഷം

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസിന് നാല് സീറ്റുകളാണ് ബിജെപി ഉറപ്പ് നൽകിയിരിക്കുന്നത്.
ജെഡിഎസ് ബിജെപി പാളയത്തിൽ: തീരുമാനം അമിത് ഷാ-കുമാരസ്വാമി കൂടിക്കാഴ്ചക്ക് ശേഷം

ന്യൂഡൽഹി: ജനതാദള്‍ സെക്യുലര്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമാകും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാകുന്നത്. ജെഡിഎസിന്റെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ജെഡിഎസിന്റെ എന്‍ഡിഎ പ്രവേശനത്തില്‍ പ്രഖ്യാപനമുണ്ടായത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസിന് നാല് സീറ്റുകളാണ് ബിജെപി ഉറപ്പ് നൽകിയിരിക്കുന്നത്. നേരത്തെ ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെപി നദ്ദയുമായും കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു.

സഖ്യത്തെക്കുറിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്ക് പോകുന്നതായി കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. കർണ്ണാടകയിൽ കോൺഗ്രസിനെ നേരിടാൻ ബിജെപിയുമായി സഖ്യം അനിവാര്യമാണെന്ന സൂചനയും കുമാരസ്വാമി നൽകിയിരുന്നു. ബിജെപിയുമായി ചേരുന്നത് ജെഡിഎസിന്റെ മതേതരത്വ പ്രതിച്ഛയായെ ബാധിക്കില്ലേയെന്ന ചോദ്യത്തോടും ഈ ഘട്ടത്തില്‍ കുമാരസ്വാമി പ്രതികരിച്ചിരുന്നു. ജെഡിഎസ് എല്ലാ സമുദായത്തെയും ബഹുമാനിക്കുന്നുവെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി. ബിജെപിയുമായുള്ള സഖ്യവും പാര്‍ട്ടിയുടെ നിലപാടും വ്യത്യസ്തമാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. പാര്‍ട്ടിയുടെ നിലപാടില്‍ ഒരു സന്ധിയും ഉണ്ടാകില്ലെന്നും കുമാരസ്വാമി ചൂണ്ടിക്കാണിച്ചിരുന്നു. എല്ലാ സമുദായങ്ങളെയും ബഹുമാനിക്കേണ്ടത് ജെഡിഎസിന്റെ ഉത്തരവാദിത്തമാണെന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

നേരത്തെ ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് കര്‍ണ്ണാടകയിലെ മുതിര്‍ന്ന നേതാവായ ബിഎസ് യെദിയൂരപ്പയും നിലപാട് വ്യക്തമാക്കിയിരുന്നു. ജെഡിഎസുമായി സഖ്യമുണ്ടാക്കുമെന്നും കര്‍ണ്ണാടകയിലെ ആകെയുള്ള 28 ലോക്‌സഭാ സീറ്റുകളില്‍ നാലെണ്ണം ജെഡിഎസിന് നല്‍കുമെന്നുമായിരുന്ന ഈ മാസം ആദ്യം യെദിയൂരപ്പയുടെ പ്രതികരണം. നേരത്തെ നിയമസഭയില്‍ പലവിഷയങ്ങളിലും ബിജെപിയും ജെഡിഎസും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സമാനനിലപാട് സ്വീകരിച്ചിരുന്നു. ബിജെപി-ജെഡിഎസ് സഖ്യം സംബന്ധിച്ച ചോദ്യങ്ങളോട് നേരത്തെ കുമാരസ്വാമിയും ദേവഗൗഡയും വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ഒരുഘട്ടത്തില്‍ ബിജെപിയുമായുള്ള സഖ്യത്തെ ദേവഗൗഡ തള്ളുകയും ചെയ്തിരുന്നു.

ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിയുമായി സഖ്യത്തിന് തീരുമാനിച്ചതോടെ കേരളത്തിലെ ജെഡിഎസ് നേതൃത്വം പ്രതിരോധത്തിലായിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ് ജെഡിഎസ്. ഇടതുമുന്നണി മന്ത്രിസഭയിലും ജെഡിഎസ് അംഗമാണ്. കേന്ദ്രനേതൃത്വം എന്‍ഡിഎയുടെ ഭാഗമായതോടെ സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണ്ണായകമാണ്. താമസിയാതെ കേരളഘടകം അവരുടെ നിലപാട് വ്യക്തമാക്കുമെന്നാണ് സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com