
ഗോരഖ്പൂർ: 115 രൂപ ബില്ലിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 15 കാരനെ മൂന്ന് സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം. ഘുഗുലി ഗ്രാമവാസിയായ ചന്ദൻ ആണ് കൊല്ലപ്പെട്ടത്. കടയിൽ നിന്ന് മുട്ട വാങ്ങി കഴിച്ചതിന്റെ പണം നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. തുടർന്ന് കൂടെയുണ്ടായിരുന്ന മൂവരും ചേർന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലുള്ള വയലിൽ കൊണ്ടുവന്ന് മൂർച്ചയുള്ള ആയുധം കൊണ്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം ഛോട്ടി ഗണ്ഡക് എന്ന നദിയുടെ തീരത്ത് മറവു ചെയ്തശേഷം പ്രതികൾ നാട് വിടുകയായിരുന്നു. ചന്ദൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയും ശനിയാഴ്ച പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇന്നലെ രാവിലെയാണ് ഘുഗുലി പൊലീസ് ചന്ദന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്തു.