
ന്യൂഡൽഹി: പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സ്വാതന്ത്രത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ചേരുന്ന പ്രത്യേക സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പാർലമെൻ്റ് ചരിത്രം, രാജ്യത്തിൻ്റെ നിലവിലെ സാഹചര്യം, ഭാവി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് നിർണായക ചർച്ചകൾ ഉണ്ടാകും. പ്രത്യേക ചർച്ച ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും തുടങ്ങുക എന്നാണ് സൂചന. രാജ്യസഭയിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ചർച്ചകൾക്ക് തുടക്കം കുറിക്കും.
നാളെയാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക് മാറുന്നത്. അതിന് മുന്നോടിയായി പാർലമെൻ്റ് സെൻ്റർ ഹാളിൽ പ്രത്യേക സമ്മേളനം ചേരും. വിനായക ചതുർഥി ദിനമാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക് മാറുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ബുധനാഴ്ച്ച മുതൽ പുതിയ മന്ദിരത്തിൽ പതിവ് സിറ്റിങ് ആരംഭിക്കും.
അതേസമയം അദാനി വിവാദം, ചൈനീസ് കടന്ന് കയറ്റം, മണിപ്പൂർ കലാപം എന്നിവ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. വനിതാ സംവരണ ബിൽ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ച് പുതിയ മന്ദിരത്തിൽ പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിൻ്റെ ആവശ്യത്തിന് ബിജെപിക്ക് ഒപ്പമുള്ള എൻസിപി അജിത് പവാർ വിഭാഗത്തിൻ്റെ അടക്കം പിന്തുണയുണ്ട്. ഇന്ന് പാർലമെൻ്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ രാവിലെ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇൻഡ്യ സഖ്യം നേതാക്കൾ യോഗം ചേരും.