
ന്യൂഡല്ഹി: മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട കേസില് ഇരകളുടെയും സാക്ഷികളുടെയും മൊഴിയെടുപ്പ് നടപടികളില് വ്യക്തത വരുത്തി സുപ്രീം കോടതി. വിഷയത്തില് വ്യക്തതേടി മണിപ്പൂര് ഹൈക്കോടതി നല്കിയ കത്തിനെ തുടര്ന്നാണ് വിഷയത്തില് സുപ്രീം കോടതി വ്യക്തത വരുത്തിയത്. നാല് നിര്ദ്ദേശങ്ങളാണ് സുപ്രീം കോടതി മണിപ്പൂര് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്കിയിരിക്കുന്നത്.
സിആര്പിസി 164 പ്രകാരം മൊഴി രേഖപ്പെടുത്തേണ്ടത് മണിപ്പൂര് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന പ്രാദേശിക മജിസ്ട്രേറ്റുമാരായിരിക്കണം. മൊഴി നല്കേണ്ട സാക്ഷിയോ ഇരയോ മണിപ്പൂരിന് പുറത്തുള്ളവരാണെങ്കില് അവരുടെ പ്രദേശത്തുള്ള മജിസ്ട്രേറ്റ് തന്നെ മൊഴി രേഖപ്പെടുത്തണം. മൊഴി രേഖപ്പെടുത്തിയതിന് ശേഷം അത് അസമിലെ ചുമതലപ്പെടുത്തപ്പെട്ട അഡീഷണല് മജിസ്ട്രേറ്റിന് കൈമാറണം. തിരിച്ചറിയല് പരേഡ് നടപ്പിലാക്കേണ്ടത് മണിപ്പൂരിലെ ചുമതലപ്പെട്ട പ്രാദേശിക മജിസ്ട്രേറ്റ് ആയിരിക്കണം എന്നിവയാണ് നാല് നിർദ്ദേശങ്ങൾ. പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്ന കേസുകളില് മാത്രമാണ് ഈ നിര്ദ്ദേശം ബാധകമാകുക. സിബിഐക്ക് കൈമാറിയ ലൈംഗികാതിക്രമ കേസുകളില് ഈ നിര്ദ്ദേശം ബാധകമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പൂര് മൊഴിയെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തില് വ്യക്തത വരുത്തിയത്.
മണിപ്പൂര് കലാപത്തില് സിബിഐ ഏറ്റെടുത്ത കേസുകളിലെ കോടതി നടപടികള് അസമില് നടത്താന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനായിരുന്നു സുപ്രീം കോടതി നിര്ദ്ദേശം നല്കിയിരുന്നത്. മണിപ്പൂര് കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഏറ്റെടുത്ത 11 കേസുകളില് കോടതി നടപടികള് നടക്കേണ്ടത് അസമിലെ കോടതികളിലാണ്.
ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റിനോ സെഷന്സ് ജഡ്ജ് പദവിക്കോ മുകളിലുള്ള ഒന്നോ അതില് അതിലധിമോ ഉദ്യോഗസ്ഥരെ കേസിന്റെ വിചാരണക്കായി ജുഡീഷ്യന് ഉദ്യോഗസ്ഥരായി നിയമിക്കാനാണ് സുപ്രീം കോടതി ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിര്ദ്ദേശം നല്കിയിരിക്കുന്നത്. വിചാരണ നടത്താന് നിയോഗിക്കുന്ന കോടതികളിലേക്കുള്ള ദൂരവും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് പ്രതിയെ ഹാജരാക്കുന്നതിനും റിമാന്ഡ്, ജുഡീഷ്യല് കസ്റ്റഡി, കസ്റ്റഡി നീട്ടല്, മറ്റ് നടപടിക്രമങ്ങള് എന്നിവയ്ക്കായുള്ള എല്ലാ അപേക്ഷകളും ഓണ്ലൈനായി നടത്താനും സുപ്രീം കോടതി അനുമതി നല്കിയിട്ടുണ്ട്.