
ന്യൂഡൽഹി: സൗദി അറേബ്യൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുളള കൂടിക്കാഴ്ച ഇന്ന്. ഹൈദരാബാദ് ഹൗസിൽ വെച്ചായിരിക്കും തന്ത്രപ്രധാനമായ കൂടിക്കാഴ്ച നടക്കുക. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് മുഹമ്മദ് ബിൻ സൽമാൻ ഡൽഹിയിലെത്തിയത്. മുഹമ്മദ് ബിൻ സൽമാന്റെ രണ്ടാം ഇന്ത്യ സന്ദർശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിട്ടുളള കൂടിക്കാഴ്ചയ്ക്ക് മുമ്പ് സൗദി കിരീടാവകാശിക്ക് രാവിലെ പത്തിന് രാഷ്ട്രപതി ഭവനിൽ സ്വീകരണം നൽകും. വൈകിട്ട് ആറിന് രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തും. ഹൈദരാബാദ് ഹൗസിൽ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും സൗദിയും സംയുക്തമായി രൂപം കൊടുത്ത ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ മീറ്റിംഗിന്റെ മിനുട്സിൽ സൗദി കിരീടാവകാശി ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാപാര വാണിജ്യ മേഖലയില് ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം കൂടുതല് ശക്തമാക്കുന്നത് സംബന്ധിച്ച് നിര്ണായക തീരുമാനങ്ങള് കൂടിക്കാഴ്ചയിൽ ഉണ്ടാകും. നിക്ഷേപം, സുരക്ഷ, ഊര്ജ്ജം തുടങ്ങി വിവിധ മേഖലകളിലും ചര്ച്ചകള് നടക്കും. കഴിഞ്ഞ ജൂണില് മോദിയും സൗദി കരീടാവകാശിയും ടെലഫോണില് ചര്ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്ച്ചയായിരിക്കും കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഇന്ത്യയിലെ സൗദി അംബാസിഡര് സാലിഹ് ഈദ് അല് ഹുസൈനി ഇന്ത്യന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. രാത്രി 8.30 ഓടെ സൽമാൻ ഡൽഹിയിൽ നിന്നും സൗദിയിലേക്ക് പുറപ്പെടും. ജി20 ഉച്ചകോടിയിൽ ഇന്ത്യ, സൗദി അറേബ്യ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ ചേർന്ന് ചരിത്രപ്രധാനമായ ഇന്ത്യ-യൂറോപ്പ്-മിഡില് ഈസ്റ്റ് ഇടനാഴി ആരംഭിക്കുന്നതിനുള്ള കരാർ പ്രഖ്യാപിച്ചിരുന്നു.