

തൃശ്ശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പുറത്താക്കിയ വാര്‍ഡ് അംഗങ്ങളെ ബിജെപിയില്‍ എത്തിക്കാന്‍ നീക്കം. എട്ട് വാര്‍ഡ് അംഗങ്ങളെ ബിജെപി നേതാക്കള്‍ സമീപിച്ചതായി സൂചനയുണ്ട്. മറ്റത്തൂരില്‍ ആര് ബിജെപിയിലേക്ക് വന്നാലും സ്വീകരിക്കും എന്നാണ് ബിജെപി എറണാകുളം-തൃശ്ശൂര്‍ മേഖല പ്രസിഡന്റ് എ നാഗേഷ് വ്യക്തമാക്കിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് നിരുപാധിക പിന്തുണയാണ് ബിജെപി നല്‍കിയതെന്നും കോണ്‍ഗ്രസിന്റെ അംഗങ്ങളെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും എ നാഗേഷ് പറഞ്ഞു. രാജിവെച്ച കോണ്‍ഗ്രസ് അംഗങ്ങളോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. എല്‍ഡിഎഫിന്റെ കുത്തക ഭരണത്തിന് എതിരായ ബിജെപിയുടെ പകവീട്ടല്‍ ആണ് മറ്റത്തൂരില്‍ ഉണ്ടായതെന്നും നാഗേഷ് വ്യക്തമാക്കി.
ബിജെപി പ്രവേശനം സംബന്ധിച്ച് അംഗങ്ങൾ പ്രതികരിച്ചിട്ടില്ല. മറ്റത്തൂര്‍ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെ ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. അതേസമയം മറ്റത്തൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും പാര്‍ട്ടി തീരുമാനം ലംഘിച്ച് വിമതനെ പിന്തുണച്ചതാണ് നടപടിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഒരു വിമതന്‍ സിപിഐഎം പിന്തുണയില്‍ പ്രസിഡന്റാകാന്‍ തീരുമാനിച്ചപ്പോള്‍ മറ്റൊരു വിമതനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുണക്കുകയായിരുന്നു എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മറ്റത്തൂരില്‍ ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം യുഡിഎഫ് വിമതപക്ഷം നേടുകയായിരുന്നു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കലിനെ പഞ്ചായത്ത് പ്രസിഡന്റായി പിന്തുണക്കുകയായിരുന്നു. കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തില്‍ നിന്നും വിജയിച്ച എട്ട് കോണ്‍ഗ്രസ് വാര്‍ഡ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.
മറ്റത്തൂരിലെ ഈ 'കൂറുമാറ്റം' വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെ പാര്‍ട്ടി ഇവരെ പുറത്താക്കിയിരുന്നു. വിമതര്‍ അടക്കം പത്ത് പഞ്ചായത്തംഗങ്ങളെയാണ് പുറത്താക്കിയത്. സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി ടീച്ചര്‍, കെ ആര്‍ ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്‍, നൂര്‍ജഹാന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.
Content Highlight; Move to add ward members who resigned from Congress to BJP