

ന്യൂഡൽഹി: പാർട്ടിയിൽ പരിഷ്കരണം വേണമെന്ന മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിൻ്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂർ എം പി. പാർട്ടി ശക്തിപ്പെടണമെന്ന് ദിഗ്‌വിജയ് സിങ്ങിനും ആഗ്രഹിക്കാൻ കഴിയും എന്നായിരുന്നു ശശി തരൂരിൻ്റെ പ്രതികരണം. ഏതൊരു പാർട്ടിയിലും അച്ചടക്കം പ്രധാനമാണെന്ന് പ്രതികരിച്ച ശശി തരൂർ ആർഎസ്എസുമായി ബന്ധപ്പെട്ട ദിഗ്‌വിജയ് സിങ്ങിൻ്റെ നിലപാടിനോട് പ്രതികരിക്കാൻ തയ്യാറായില്ല.
ബിജെപിയെ താൻ പിന്തുണച്ചിട്ടില്ലെന്നും ശശി തരൂർ വ്യക്തമാക്കി. താൻ പറഞ്ഞതിനെ വളച്ചൊടിക്കുകയാണെന്നും താൻ പറയുന്നത് കേൾക്കണം, എഴുതുന്നത് പഠിക്കണം എന്നും ശശി തരൂർ പ്രതികരിച്ചു. കോൺഗ്രസിന് 140 വർഷത്തെ ചരിത്രം ഉണ്ട്. അതിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ടെന്നും ശശി തരൂർ വ്യക്തമാക്കി. പാർട്ടി ശക്തിപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. 'ഞങ്ങൾ സുഹൃത്തുക്കളാണ്, സംസാരം സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം അതിൽ ഒരു സംശയവുമില്ല' എന്നായിരുന്നു അതിനുശേഷം സിംഗുമായി സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള തരൂരിൻ്റെ മറുപടി.
കഴിഞ്ഞ ദിവസമാണ് ദിഗ്‌വിജയ് സിങ്ങ് ആർഎസ്എസിന്റെ സംഘടനാ പാടവത്തെ പുകഴ്ത്തി രംഗത്ത് വന്നത്. എൽ കെ അദ്വാനിക്ക് സമീപമായി, നിലത്തിരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചായിരുന്നു സിങിന്റെ പോസ്റ്റ്. ഒരിക്കൽ നിലത്തിരുന്നിരുന്ന, താഴെത്തട്ടിലുള്ള പ്രവർത്തകന് എങ്ങനെ വളർന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ആർഎസ്എസ് എന്നും അതാണ് സംഘടനയുടെ ശക്തി എന്നുമായിരുന്നു ദിഗ്‌വിജയ് സിങ്ങ് പറഞ്ഞത്.
ദിഗ്‌വിജയ് സിങ്ങിന്റെ ഈ സ്തുതി ഏറ്റുപിടിച്ച് ബിജെപി കോൺഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. ഏകാധിപതികളും ജനാധിപത്യവിരുദ്ധരുമായ കോൺഗ്രസ് നേതൃത്വത്തെ തുറന്നുകാട്ടുന്നതാണ് സിങ്ങിന്റെ ഈ പ്രതികരണം എന്നായിരുന്നു ബിജെപി വക്താവ് സി ആർ കേശവന്റെ പ്രതികരണം. സിങ്ങിന്റെ ഈ പ്രസ്താവനയോട് പ്രതികരിക്കാൻ രാഹുൽ ധൈര്യം കാണിക്കുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. ബിജെപി മോദിയെപ്പോലുള്ളവരെ അംഗീകരിക്കുമെന്നും കോൺഗ്രസ് നെഹ്‌റു കുടുംബത്തിനാണ് ഊന്നൽ നൽകുന്നത് എന്നുമാണ് ബിജെപി നേതാവ് സുധാംശു ത്രിവേദി പ്രതികരിച്ചത്. മോദി താഴെനിന്ന് ഉയർന്നുവന്ന് പാർട്ടിയെ മുകളിലേക്ക് കൊണ്ടുപോകുമ്പോൾ കോൺഗ്രസ് നേതൃത്വം മുകളിൽ നിന്ന് പാർട്ടിയെ താഴേക്ക് കൊണ്ടുപോകുന്നു എന്നും ത്രിവേദി വിമർശിച്ചിരുന്നു.
Content Highlights: Shashi Tharoor backs Digvijaya Singh's call for reforms within the Congress party