ബിജെപിക്ക് ആറായിരം കോടിയുടെ ആസ്തി; വന്‍ വര്‍ധന ടിഎംസിയ്ക്ക്; ആസ്തി വര്‍ധിപ്പിച്ച് കോണ്‍ഗ്രസും

ആസ്തിയില്‍ ഏറ്റവും മുന്നില്‍ ബിജെപിയാണ്
ബിജെപിക്ക് ആറായിരം കോടിയുടെ ആസ്തി; വന്‍ വര്‍ധന ടിഎംസിയ്ക്ക്; ആസ്തി വര്‍ധിപ്പിച്ച് കോണ്‍ഗ്രസും

ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് പാര്‍ട്ടികളുടെ ആസ്തിയില്‍ വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 7,297.61 കോടിയായിരുന്ന ആസ്തി 8,829.158 കോടിയിലേക്ക് ഉയര്‍ന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസാണ് അവരുടെ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ആസ്തിയില്‍ ഏറ്റവും മുന്നില്‍ ബിജെപിയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ മാത്രം ആസ്തി 6,046.81 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെ 4,9990.19 കോടിയില്‍ നിന്നാണ് 21.17 ശതമാനം വര്‍ധിച്ച് 6,046.81 കോടിയായത്. കോണ്‍ഗ്രസിന്റെ ആസ്തിയിലും നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 691.11 കോടിയായിരുന്ന കോണ്‍ഗ്രസിന്റെ ആസ്തി 805.68 കോടിയായി വര്‍ധിച്ചു. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ആസ്തിയില്‍ മാത്രമാണ് ഒരു വര്‍ഷത്തിനിപ്പുറം കുറവ് രേഖപ്പെടുത്തിയത്. 732.79 കോടിയില്‍ നിന്നും 5.74 ശതമാനം കുറഞ്ഞ് 690.71 കോടിയായി.

മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആസ്തിയിലും ഘട്ടംഘട്ടമായുള്ള വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 182.001 കോടിയില്‍ നിന്നും 151.70 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലവിലെ ആസ്തി 458.10 കോടിയാണ്. ശരദ് പവാറിന്റെ എന്‍സിപിയുടെ ആസ്തിയിലും നേരിയ വളര്‍ച്ചയുണ്ട്. 30.93 കോടിയില്‍ നിന്നും 74.54 കോടിയായി ഉയര്‍ന്നു. സിപിഐയുടെ ആസ്തി 14.05 കോടിയില്‍ നിന്നും 15.72 കോടിയായി ഉയര്‍ന്നു.

സിപിഐഎമ്മിന്റെ ആസ്തി 654.79 കോടിയില്‍ നിന്നും 735.77 കോടിയായാണ് ഉയര്‍ന്നത്. എട്ട് ദേശീയ പാര്‍ട്ടികളുടേയും 2020-21 ലെ ആകെ ബാധ്യത 103.55 കോടി രൂപയാണ്. അതില്‍ കോണ്‍ഗ്രസിനാണ് ഏറ്റവും ഉയര്‍ന്ന ബാധ്യത. 71.58 കോടി രൂപയാണ് പാര്‍ട്ടിയുടെ ബാധ്യത. 16.109 രൂപയുമായി സിപിഐഎം ആണ് രണ്ടാം സ്ഥാനത്ത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com