
ന്യൂഡൽഹി: ഇന്ത്യയില് നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയില് പങ്കെടുക്കില്ലെന്ന് അറിയിച്ച് റഷ്യന് പ്രസിഡന്റ് വ്ളാഡിമര് പുടിന്. പകരം റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സെര്ജി ലാവ്റോവ് പങ്കെടുക്കുമെന്ന് പുടിന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോൺ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി-20 ഉച്ചകോടിക്ക് റഷ്യ നല്കുന്ന മികച്ച പിന്തുണയ്ക്ക് മോദി പുടിന് നന്ദി അയറിയിച്ചു.
റഷ്യയുടെ തീരുമാനത്തെ ഇന്ത്യ അംഗീകരിച്ചു. ഇരുനേതാക്കളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തുടരുമെന്നും അറിയിച്ചു. മോദിയും പുടിനും ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി വിഷയങ്ങളിലെ പുരോഗതി അവലോകനം ചെയ്തു. ഊർജ മേഖലയിൽ വൻതോതിലുള്ള പദ്ധതികൾ സ്ഥിരമായി നടപ്പാക്കുന്നതിനും അന്താരാഷ്ട്ര ഗതാഗത, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങളെ സംബന്ധിച്ചും നേതാക്കൾ ചർച്ച ചെയ്തു. ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിൽ പുടിൻ മോദിയെ അഭിനന്ദനം അറിയിച്ചു.
ജോഹന്നാസ്ബർഗിൽ ഓഗസ്റ്റ് 22 മുതൽ 24 വരെ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പുടിൻ നേരിട്ട് പങ്കെടുത്തിരുന്നില്ല. വീഡിയോ കോൺഫറൻസിംഗിലൂടെ അതിന്റെ ചില പ്രധാന സെഷനുകളിൽ പങ്കാളിത്തം അറിയിക്കുക മാത്രമാണ് ചെയ്തത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറന്റ് ഉള്ളതിനാൽ അറസ്റ്റ് ഭയന്നാണ് പുടിൻ ഓൺലൈനായി ഉച്ചകോടിയിൽ പങ്കെടുത്തിരുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതേ കാരണം കൊണ്ട് തന്നെയാണ് അദ്ദേഹം ഇന്ത്യയിലും എത്താത്തത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ആഴ്ച റിപ്പോർട്ടുകൾ സൂചിപ്പിച്ചതിന് പിന്നാലെയാണ് ഇരുനേതാക്കളും തമ്മിൽ ഫോണിലൂടെ സംസാരിച്ചത്. അദ്ദേഹത്തിന് തിരക്കുകൾ ഉണ്ട്. പ്രത്യേക സൈനിക ഓപ്പറേഷനാണ് ഇപ്പോഴും ശ്രദ്ധയെന്ന് ക്രെംലിൻ റിപ്പോർട്ട് ചെയ്തിരുന്നു. ജി20 ലോക നേതാക്കളുടെ ഉച്ചകോടി സെപ്തംബർ 9, 10 തീയതികളിൽ ഡൽഹിയിൽ വച്ച് നടക്കും. ഇന്ത്യയിലെ ലോക നേതാക്കളുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായിരിക്കും ഉച്ചകോടി.