'ഇൻസ്റ്റയിൽ ബിടിഎസ് എൻട്രി'; ഹോളിവുഡ് സെലിബ്രിറ്റികളെ പിന്നിലാക്കി ഫോളോവേഴ്സിന്റെ നിലയ്ക്കാത്ത പ്രവാഹം
ആരാധകർക്ക് സോഷ്യൽ മീഡിയകളിൽ നിരവധി ആർമി ഗ്രൂപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ ഇവർക്കാർക്കും സ്വന്തമായി ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉണ്ടായിരുന്നില്ല.
8 Dec 2021 6:33 AM GMT
ഫിൽമി റിപ്പോർട്ടർ

ലോകമെമ്പാടും ആരാധകരുള്ള സൗത്ത് കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസ് അംഗങ്ങളുടെ ജൈത്രയാത്ര തുടരുമ്പോൾ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്തയായി കഴിഞ്ഞ ദിവസം ഇവർ എത്തിയത് തങ്ങൾ ഏഴ് പേരും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എടുക്കുന്നു എന്നതായിരുന്നു. ആരാധകർക്ക് സോഷ്യൽ മീഡിയകളിൽ നിരവധി ആർമി ഗ്രൂപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ ഇവർക്കാർക്കും സ്വന്തമായി ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉണ്ടായിരുന്നില്ല. ഈ കുറവ് നികന്നതോടെ ഇപ്പോൾ തകർന്നു വീണിരിക്കുന്നത് ഇൻസ്റ്റഗ്രാമിൽ അതുവരെയുണ്ടായിരുന്ന പല റെക്കോർഡുകളുമാണ്.
ജിൻ, ജിമിൻ, ഷൂഗ, ജംഗ്‌കൂക്ക്, ജെ-ഹോപ്പ്, ആർഎം, വി എന്നിവർ സ്വന്തം അക്കൗണ്ടുകൾ ആരംഭിച്ചതിനു പിന്നാലെ ഏഴുപേരുടേയും ഫോളോവേഴ്സിന്റെ എണ്ണം 16 മില്യനും കടന്നു. നിലവിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ളത് വി എന്നറിയപ്പെടുന്ന 25 കാരനായ കിം ടേഹ്യൂങ്ങിനാണ്.
ഇൻസ്റ്റഗ്രാമിൽ ഹോളിവുഡ് താരം ആഞ്ജലീന ജോളിയുടെ റെക്കോർഡാണ് വി തകർത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ 21.6 മില്യൺ ഫോളേവേഴ്സിനെ സ്വന്തമാക്കിയ റെക്കോർഡ് ഇനി മുതൽ വിയുടെ പേരിലായിരിക്കും അറിയപ്പെടാൻ പോകുന്നത്. വെറും നാൽപ്പത് മിനുട്ടിനുള്ളിലാണ് വിയുടെ ഫോളോവേഴ്സിന്റെ എണ്ണം 1 മില്യൺ കടന്നിരുന്നു.
ഹോളിവുഡ് താരമായ ജെന്നിഫർ ആനിസ്റ്റണിനേയും വി ഇതിനകം പിന്നിലാക്കി. കൂടാതെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് ലഭിച്ച ലൈക്കുകളുടെ എണ്ണത്തിലും വി മുന്നിലാണ്. വിയുടെ പോസ്റ്റിന് നാല് മിനുട്ടിനുള്ളിൽ ലഭിച്ചത് 1 മില്യണിലധികം ലൈക്കുകളാണ്. അമേരിക്കൻ ഗായിക ബില്ലി ഐലിഷിന്റെ റെക്കോർഡാണ് വി തകർത്തിരിക്കുന്നത്.
ലോകമറിയപ്പെടുന്ന താരങ്ങളായതു കൊണ്ട് തന്നെ സ്വന്തമായി രഹസ്യ അക്കൗണ്ടുകൾ ഉണ്ടാകുമെന്നാണ് ആരാധകർ ഇത്രയും നാളും കരുതിയിരുന്നത്. ഇതുവരെ ബിടിഎസ് അംഗങ്ങൾ ആശയവിനിമയം നടത്തിയിരുന്നത്, വി വേർസ്, വി ലൈവ് എന്ന ആപ്ലിക്കേഷനിൽ നിന്ന് മാത്രമാണ്. അതിൽ നിന്ന് ഇൻസ്റ്റാഗ്രാം എന്ന ആപ്ലിക്കേഷനിലക്ക് കടന്നപ്പോൾ അത് കൃത്യമായി എങ്ങനെ ഉപയോഗിക്കും എന്നുള്ള ആശങ്കയും ഇവർ അറിയിച്ചിരുന്നു. ഏഴ് പേരുടെയും അക്കൗണ്ടുകൾക്ക് നിയന്ത്രങ്ങളും ഉണ്ട്. ബിടിഎസ് അംഗങ്ങൾക്കല്ലാതെ ഇവരുടെ കമന്റ് ബോക്സിൽ പ്രതികരണം ഇടാനും ആർക്കും കഴിയില്ല. മാത്രമല്ല അംഗങ്ങൾ മാത്രമാണ് പരസ്പരം ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്, മറ്റാരെയും ഇവർ ഫോളോ ചെയ്യുന്നുമില്ല.