
കൂപ്പുകുത്തിയ രൂപ തിരിച്ചു വരവിന്റെ പാതയില്‍. ഡോളറിനെതിരെ 15 പൈസയുടെ നേട്ടമാണ് രൂപ വ്യാപാരത്തിന്റെ തുടക്കത്തില്‍ സ്വന്തമാക്കിയത്. ബുധനാഴ്ച രണ്ടുപൈസയുടെ നഷ്ടത്തോടെയായിരുന്നു 88.75 എന്ന റെക്കോര്‍ഡ് താഴ്ചയില്‍ രൂപ ക്ലോസ് ചെയ്തത്. ഇത് രൂപയുടെ ഏറ്റവും താഴ്ന്ന റെക്കോര്‍ഡ് നിലവാരമായിരിന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രൂപ കുത്തനെ താഴോട്ട് പോകാനുള്ള പ്രധാന കാരണം H1B വിസയ്ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവാണെന്നാണ് പൊതുവെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. വ്യാപാര തീരുവ കുത്തനെ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ H1B വിസയുടെ ഫീസുമായി ബന്ധപ്പെട്ട ട്രംപ് ഭരണകൂടത്തിന്റെ നയവും ഇന്ത്യന്‍ രൂപയെ അടക്കം ബാധിച്ചുവെന്നാണ് പൊതുവെ കണക്കാക്കുന്നത്. ഐടി ഓഹരികളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നതിനും H1B വിസയ്ക്ക് ഫീസ് വര്‍ധനവ് കാരണമായിട്ടുണ്ടെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്. ഏഷ്യന്‍ വിപണിയിലെ തുടര്‍ച്ചയായ ഇടിവും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും രൂപയുടെ മൂല്യം കുറയുന്നതിന് കാരണമാകുന്നുവെന്നും വിപണി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ വര്‍ധിപ്പിക്കുന്നതും മറ്റൊരു കാരണമാണ്.
ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും കുറഞ്ഞു. 0.36 ശതമാനം കുറഞ്ഞ് ബാരലിന് 69.06 എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില്‍പ്പന നടക്കുന്നത്. ഇന്ന് ഓഹരി വിപണി യും നഷ്ടത്തിലാണ്. സെന്‍സെക്സ് 141 പോയിന്റ് ആണ് താഴ്ന്നാണ് വ്യാപാരം തുടങ്ങിയത്. ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, ടൈറ്റന്‍ കമ്പനി എന്നി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
റെക്കോര്‍ഡ് കുതിപ്പില്‍ നിന്ന സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ് സംഭവിച്ചിരിക്കുകയാണ്. ഇന്നലെ 84,600ലെത്തിയ സ്വര്‍ണവില ഇന്ന് പവന് 68 രൂപ കുറഞ്ഞ് 83,920ല്‍ എത്തിയിരിക്കുകയാണ. ഒരു ഗ്രം സ്വര്‍ണത്തിന് 10,490 രൂപയാണ് ഇന്നത്തെ വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്.
ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടെങ്കിലും നിലവില്‍ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില പോകുന്നത്. സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്.ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.
Content Highlights: sharply depreciated rupee is on the path of recovery the stock market continues to lose money