
തന്റെ പേരിലുള്ള ക്രിപ്‌റ്റോകറൻസിയായ ട്രംപ് കോയിൻ ഏറ്റവും കൂടുതൽ സ്വന്തമാക്കിയ ആളുകൾക്കൊപ്പം സ്വകാര്യ അത്താഴ വിരുന്ന് സംഘടിപ്പിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് കോയിൻ കൂടുതലായി കൈവശം വെച്ചിരിക്കുന്ന 220 ഉടമകൾക്കൊപ്പമാണ് ട്രംപ് മെയ് 22 ന് സ്വകാര്യ അത്താഴ വിരുന്ന് നടത്തുന്നത്.
ഇത് സംബന്ധിച്ച് പ്രഖ്യാപനം ബുധനാഴ്ച പുറത്തുവന്നു. നേരത്തെ തന്റെ കൈവശമുള്ള NFT ശേഖരങ്ങൾ വാങ്ങിയവർക്കൊപ്പവും ട്രംപ് സ്വകാര്യ അത്താഴ വിരുന്ന് നടത്തിയിരുന്നു. ട്രംപിനൊപ്പം സ്വകാര്യ അത്താഴ വിരുന്നിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം.
ഇവരിൽ നിന്ന് ആളുകളെ തിരഞ്ഞെടുക്കാൻ ട്രംപ് കോയിൻ ഉടമകളുടെ ഒരു ലീഡർ ബോർഡ് തയ്യാറാക്കുന്നുണ്ട്.അത്താഴത്തിന് മുമ്പ് ട്രംപ് കോയിൻ കൈവശം വെച്ചിരിക്കുന്ന 25 ഉടമകളെ പ്രത്യേകം പരിപാടിയിലേക്ക് ട്രംപ് തന്നെ സ്വാഗതം ചെയ്യും. ഇവർക്ക് വൈറ്റ് ഹൗസിലേക്ക് ഒരു യാത്രയും സംഘടിപ്പിക്കും.
'ഏപ്രിൽ 23 മുതൽ മെയ് 12 വരെ, നിങ്ങളുടെ ട്രംപ് കോയിൻ ബാലൻസ് നിങ്ങളുടെ സ്ഥാനം നിർണയിക്കുന്നു,' എന്നാണ് ചടങ്ങിനെ കുറിച്ചുള്ള പരസ്യത്തിൽ പറയുന്നത്. പ്രസിഡന്റ് ആയി ട്രംപിന്റെ സ്ഥാനാരോഹണത്തിന് ദിവസങ്ങൾക്ക് മുമ്പാണ് ട്രംപ് മീം കോയിൻ പുറത്തിറക്കിയത്. ഇത് ഒരു സിറ്റിംഗ് പ്രസിഡന്റിന് അദ്ദേഹത്തിന്റെ പേരിൽ ഒരു കോയിന്‍ പുറത്തിറക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ ട്രംപിന്റെ ഭാര്യ മെലാനിയയും കോയിൻ പുറത്തിറക്കി. ഉദ്ഘാടനത്തിനുശേഷം രണ്ടിന്റെയും മൂല്യം വളരെയധികം നഷ്ടപ്പെട്ടിരുന്നു. ജനുവരി 17 ന് ലോഞ്ച് ചെയ്തപ്പോൾ ഏകദേശം 200 ദശലക്ഷം ട്രംപ് മെമെകോയിനുകൾ ലഭ്യമായിരുന്നു.
Content Highlights : Donald Trump has dinner with Trump Coin owners makes new announcement