
നോട്ടുനിരോധനത്തിന് പിന്നാലെ ആർബിഐ പുറത്തിറക്കിയ 2000 രൂപ നോട്ടുകളും ആർബിഐ പിൻവലിച്ചിരുന്നു. 2023 മെയ് 19നായിരുന്നു റിസർവ് ബാങ്ക് രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. വിപണിയിൽ നിന്ന് പിൻവലിച്ച നോട്ടുകളിൽ 98.18 ശതമാനം നോട്ടുകളും തിരികെ എത്തിയെന്നാണ് ആർബിഐ കണക്കുകൾ സൂചിപ്പിക്കുന്നത്.
3.56 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളായിരുന്നു മൊത്തമായി വിപണിയിൽ ഉണ്ടായിരുന്നത്. വിപണിയിൽ ചെറിയ മൂല്യമുള്ള നോട്ടുകളുടെ പ്രചാരം വർധിപ്പിക്കുന്നതിനും കള്ളപ്പണം നിയന്ത്രിക്കുന്നതിനും വേണ്ടിയായിരുന്നു മുമ്പ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പിന്നീട് രണ്ടായിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചതെന്നാണ് ആർബിഐ നൽകിയ വിശദീകരണം.
2025 ഫെബ്രുവരി 28 ലെ കണക്കുകൾ പ്രകാരം 6,471 കോടി രൂപയാണ് ഇനിയും തിരികെ എത്തേണ്ടത്. നോട്ട് പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെ 2023 ഒക്ടോബർ 7 വരെ, എല്ലാ ബാങ്കുകളിലും 2000 രൂപ മൂല്യമുള്ള നോട്ടുകൾ നിക്ഷേപിക്കാനും മാറ്റി നൽകാനുമുള്ള സൗകര്യം നൽകിയിരുന്നു. ആർബിഐയുടെ 19 ബ്രാഞ്ച് ഓഫീസുകളിലും ഈ സൗകര്യം നൽകിയിരുന്നു.
2000 രൂപ മൂല്യമുള്ള നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചെങ്കിലും ഇപ്പോളും നിയമപരമായി നിലനിൽക്കുന്നുണ്ട്. നിലവിൽ രണ്ടായിരം രൂപ കൈവശം ഉള്ളവർക്ക് ഇപ്പോഴും നോട്ട് മാറാനും ആക്കൗണ്ടിൽ നിക്ഷേപിക്കാനും സാധിക്കും. രാജ്യത്തെ വിവിധ പോസ്റ്റോഫീസുകൾ വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ നിന്ന് ആർബിഐയുടെ ഇഷ്യൂ ഓഫീസുകളിലേക്ക് കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ അയക്കാം. ഈ തുക നോട്ട് മാറാൻ എത്തുന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ സാധിക്കും.
Content Highlights: 2000 rupees still in hand? How it change? 98 percent of the notes were returned