നിർമല സീതാരാമൻ തുടർച്ചയായ ഒൻപതാമത് യൂണിയൻ ബജറ്റിലും അത്ഭുതങ്ങൾക്കും, അപ്രതീക്ഷിത നീക്കങ്ങൾക്കും മുതിർന്നേക്കില്ല എന്ന അഭിപ്രായമാണ് വിപണി വൃത്തങ്ങൾക്ക് പൊതുവേയുള്ളത്. കഴിഞ്ഞ ആഴ്ച പാർലിമെന്റിൽ സമർപ്പിച്ച ഇക്കണോമിക് സർവ്വേ-2025ന്റെ ആമുഖത്തിൽ തന്നെ ഇന്ത്യൻ രൂപയുടെ വീഴ്ചയിലും, അതിന് കാരണമായ ഇന്ത്യയുടെ വ്യാപാരക്കമ്മിയുടെ വ്യാപ്തിയിലും ആശങ്ക രേഖപ്പെടുത്തപ്പെട്ടതാണ് ഈ ബജറ്റും.സർക്കാരിന്റെ നയങ്ങളും നടപടികളും സാമ്പദ് ഘടനയുടെ സുസ്ഥിരതക്ക് വേണ്ടിയുള്ളതാണെന്ന സൂചനയാണ് ലഭിക്കുന്നത്.
കയറ്റുമതിയും, ഉപഭോഗവും ഒരു പോലെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ ഇത്തവണത്തെ ബജറ്റിനെ കൂടുതൽ പ്രായോഗികവും, വികാസനോന്മുഖവുമാക്കുമെന്നും വിപണി കരുതുന്നു.പ്രധാന ഇറക്കുമതി ഘടകങ്ങളായ സ്വർണത്തിന്റെയും, മറ്റ് ലോഹങ്ങളുടെയും വിലയിലെ വൻ കുതിച്ചു ചാട്ടവും, നിസാര വിലക്ക് ലഭ്യമായിരുന്ന റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറച്ചതും, ക്രൂഡ് ഓയിലിന്റെ വില വീണ്ടും കൂടുന്നതും കയറ്റുമതി നയത്തെ മാത്രമല്ല, ഇന്ത്യയുടെ വ്യാവസായിക നയത്തെ തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് എക്കണോമിക് സർവ്വേ തന്നെ സൂചിപ്പിക്കുന്നത്.
ആദായ നികുതി കുറച്ചതും, ജിഎസ്ടി നിരക്കുകൾ ക്രമപ്പെടുത്തിയതും അമേരിക്കയുടെ പ്രതികാര നികുതിയുടെ ആഘാതം മറികടക്കാൻ വേണ്ടിയുള്ള നടപടികളായിരുന്നെങ്കിലും സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി തന്നെ കണക്കാക്കാം. കഴിഞ്ഞ ബജറ്റിലെ സൂചനകൾ പ്രകാരം ലേബർ കോഡ് കൊണ്ട് വന്നതും, ഇൻഷുറൻസിൽ 100% വിദേശ നിക്ഷേപം അനുവദിച്ചതും, ന്യൂക്ലിയർ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിച്ചതും ബജറ്റ് പ്രഖ്യാപനങ്ങളുടെ നടത്തിപ്പിലെ വിശ്വാസ്യതക്കും അടിവരയിടുന്നുണ്ടെന്നും എക്കണോമിക് സർവേ-2025ൽ ആവർത്തിക്കുന്നു.
കൂടുതൽ വിദേശ ആഭ്യന്തര നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യൻ വിപണിയിൽ നിന്നുമുള്ള പണമൊഴുക്ക് തടയുന്നതിനുമുള്ള നയങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുന്നുണ്ട് . അതേസമയം പ്രതിരോധ മേഖലയും, നിർമാണ മേഖലയും ബജറ്റിൽ കൂടുതൽ പരിഗണന പ്രതീക്ഷിക്കുന്നു.
ധനക്കമ്മിയും നികുതികളും
കഴിഞ്ഞ ബജറ്റിൽ ആദായ നികുതിയിൽ അപ്രതീക്ഷിത ഇളവ് പ്രഖ്യാപിച്ചത് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതിനൊപ്പം പതിവ് പോലെ ഇന്ത്യൻ വിപണി മൂലധന നേട്ട നികുതിയിൽ (ലോങ്ങ് ടെം ക്യാപിറ്റൽ ഗെയിൻ ടാക്സ്) ഇളവുകൾ പ്രതീക്ഷിക്കുന്നു. 2021ൽ ധനക്കമ്മി ആഭ്യന്തര ഉല്പാദനത്തിന്റെ 9.2% ആയിരുന്നത് 4.8% ആയി കുറഞ്ഞതും ഇക്കണോമിക് സർവേ നേട്ടമായി ഉയർത്തിക്കാട്ടിയ സാഹചര്യത്തിൽ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ നേരായ മാർഗത്തിലാണ് എന്നും ഭരണപക്ഷത്തിന് വാദിക്കാനാകും. ബജറ്റഡ് ധനക്കമ്മി ലക്ഷ്യം 4.9% ആയിരുന്നു എന്നും ഇക്കണോമിക് സർവേ പ്രതിപാദിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തെ പ്രഖ്യാപിത ധനക്കമ്മി ലക്ഷ്യം 4.4% ആയിരുന്നു.
തെരെഞ്ഞെടുപ്പ് പ്രോത്സാഹനപ്രതീക്ഷകൾ
തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിനും തമിഴ്‌നാടിനും തമിഴ്നാട്ടുകാരിയായ നിർമല സീതാരാമൻ എന്താണ് കരുതിയിട്ടുണ്ടാകുക എന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. എയിംസിനപ്പുറം കേരളത്തിന് എന്ത് എന്നതും ചർച്ചയാണ്.കഴിഞ്ഞ ബജറ്റിൽ ഡൽഹി തെരെഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നികുതി സ്ലാബിൽ കൊണ്ട് വന്ന മാറ്റങ്ങളും, ബിഹാറിനും തെലങ്കാനക്കും ‘കൂടുതൽ’ നൽകേണ്ടി വന്നതും രാഷ്ട്ര നിർമാണത്തിനുള്ള തുക കവർന്നെന്ന ആക്ഷേപം ഉണ്ടായിരുന്നത് ഇത്തവണ ഉണ്ടായേക്കില്ല എന്നും വിപണി പ്രതീക്ഷിക്കുന്നു.
പ്രതിരോധം
പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ നിർണായക നീക്കങ്ങൾ നടക്കാനിരിക്കെ ബജറ്റിൽ കൂടുതൽ തുക വകയിരുത്തപ്പെടാനുള്ള സാധ്യതയുണ്ട്. പ്രൊജക്റ്റ്-75 അടക്കമുള്ള പദ്ധതികൾ നടക്കാനിരിക്കുന്നത് കപ്പൽ നിർമാണ മേഖലക്കും പ്രതീക്ഷയാണ്. യൂറോപ്യൻ യൂണിയനുമായുള്ള കരാറിനൊപ്പം, ബജറ്റ് പിന്തുണയും പ്രതീക്ഷിച്ച മുന്നേറ്റം തുടരുന്ന പ്രതിരോധമേഖല ബജറ്റ് ദിനത്തിലും, ബജറ്റ് പ്രഖ്യാപനങ്ങൾക്കനുസരിച്ച് പിന്നീടും മികച്ച മുന്നേറ്റം നേടിയേക്കാം.
നിർമാണ മേഖല
ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിലെ മൂലധനനിക്ഷേപം ഈ ബജറ്റിലും കേന്ദ്രസർക്കാർ വീണ്ടും തുടരുമെന്ന പ്രതീക്ഷയാണ് നിലനിൽക്കുന്നത്.കയറ്റുമതികഴിഞ്ഞ ഒരു വർഷക്കാലയളവിൽ 11% മാത്രം മുന്നേറ്റം നേടിയിട്ടുള്ള നിഫ്റ്റി ഇൻഫ്രാ സ്ട്രക്ച്ചർ സൂചിക ബജറ്റ് ദിനത്തിലും തുടർന്നും മുന്നേറ്റം നേടുമെന്ന് കരുതുന്നു. സ്‌മോൾ, മിഡ് ക്യാപ് ഇൻഫ്രാ ഓഹരികളിൽ മിക്കതും ഏറ്റവും കുറഞ്ഞ നിരക്കുകളിലാണ് തുടരുന്നത്.ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിലെ മൂലധനനിക്ഷേപം ഈ ബജറ്റിലും കേന്ദ്രസർക്കാർ വീണ്ടും തുടരുമെന്ന പ്രതീക്ഷയാണ് നിലനിൽക്കുന്നത്.
സിമന്റ്, മറ്റ് നിർമാണ അനുബന്ധ മേഖലകൾ
ബജറ്റിൽ പതിവ് പോലെ ഇൻഫ്രാ ബൂം ഉണ്ടെങ്കിൽ ഇൻഫ്രാ മേഖലക്കൊപ്പം സിമെന്റ് മേഖലയും, ഉരുക്ക്, കേബിൾ, പെയിന്റ് അടക്കമുള്ള നിർമാണ അനുബന്ധ മേഖലകളും നേട്ടമുണ്ടാക്കിയേക്കാം.
കയറ്റുമതി
ഇറക്കുമതി വല്ലാതെ വർദ്ധിക്കുന്നതും, കയറ്റുമതി കുറയുന്നതും വ്യാപാരക്കമ്മിയുടെ തോത് വർദ്ധിപ്പിക്കുന്നത് തന്നെയാണ് ഇന്ത്യൻ സമ്പത്വ്യവസ്ഥയുടെ അടിസ്ഥാന പ്രശ്നം എന്ന് എക്കണോമിക് സർവേയുടെ ആമുഖത്തിൽ തന്നെ കുറിച്ചിട്ടുണ്ട്. കയറ്റുമതി പ്രോത്സാഹനത്തിന് തുക വകയിരുത്തുന്നതിനൊപ്പം, നയപരമായ മാറ്റങ്ങളും ബജറ്റിലും തുടർന്നും ഉണ്ടാകുമെന്നും കരുതുന്നു.
ഭവനനിർമാണം, ഭവന വായ്പ
ഐടി മേഖലയിലെ അടക്കമുള്ള പിരിച്ചുവിടലുകൾ ഭവന നിർമാണ മേഖലയെ പിടിച്ചുലക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പിന്തുണ റിയൽ എസ്റ്റേറ്റ് മേഖലയും അർഹിക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖലക്കും, ഭവനവായ്പ മേഖലയും ഈ ബഡ്ജറ്റിൽ കൂടുതൽ ആനുകൂല്യങ്ങൾ വിപണിയും പ്രതീക്ഷിക്കുന്നു.
കാർഷിക മേഖല
കാർഷിക മേഖലയും പതിവ് പോലെ ബജറ്റിൽ പ്രതീക്ഷയിലാണ്. വളം, കീടനാശിനി, ട്രാക്ടർ ഓഹരികൾ ബജറ്റ് പ്രഖ്യാപന വേളയിൽ മുന്നേറ്റവും തുടർന്ന് ലാഭമെടുക്കലും നേരിട്ടേക്കാം. എങ്കിലും തമിഴ്‌നാട് തെരെഞ്ഞെടുപ്പ് വരാനിരിക്കുന്നത് കാർഷിക മേഖലയിലെ പ്രഖ്യാപനങ്ങൾക്ക് കൂടുതൽ തുകയും, പ്രാധാന്യവും നൽകാനും സാധ്യതയുണ്ട്. അമേരിക്കയുമായുള്ള വ്യാപാരക്കരാർ ഇന്ത്യൻ കാർഷിക മേഖലക്ക് ദ്രോഹമാകാതെ പരിഹരിക്കാനാകില്ലെങ്കിൽ അതിനുള്ള പരിഹാരങ്ങളും ബജറ്റിൽ ഇടം പിടിക്കാനിടയുണ്ട്.
യൂറോപ്പുമായുള്ള വ്യാപാര ഉടമ്പടി കാർ മേഖലക്ക് ക്ഷീണമാകുന്നത് പരിഹരിക്കാനുള്ള നടപടികളും ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് ഓട്ടോ മേഖല പ്രതീക്ഷിക്കുന്നത് .(യൂറോപ്പിൽ നിന്നുമുള്ള കാറുകളുടെ ഇറക്കുമതിച്ചുങ്കം 110%ൽ നിന്നും 40%ലേക്ക് കുറയുന്നത് കാർ നിർമാതാക്കൾക്ക് പ്രത്യക്ഷത്തിൽ ക്ഷീണം തന്നെയാണ്.
കേരളത്തിന് ബജറ്റിൽ വല്ലതും ?
തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാടിനോപ്പം കേരളത്തിനും ബജറ്റിൽ എന്തെങ്കിലുമൊക്കെ പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയാണുള്ളത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തിനായി ടൂറിസം-വ്യാവസായിക ഇടനാഴി സാധ്യത ഏറെയാണ്. വിഴിഞ്ഞം കേന്ദ്രമാക്കി മൽസ്യബന്ധനത്തിനും, ക്രൂയിസ് കപ്പലുകൾക്കും വെവ്വേറെ പദ്ധതികളും സൂചനയിലുള്ളത് ബജറ്റിൽ പ്രതിപാദിക്കപ്പെട്ടേക്കാം. അദാനിയുടെ സാന്നിധ്യം തിരുവനന്തപുരത്തിന് അനുകൂലമാകുമെന്ന് തന്നെ കരുതാം. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും പ്രതീക്ഷകളേറെയാണ്.
കഴിഞ്ഞ സർക്കാരിന്റെ സിൽവർലൈൻ പദ്ധതി പുതിയ രൂപത്തിൽ (ചരക്ക്-യാത്ര) കേരളത്തിനായുള്ള സമ്മാനമായി ബജറ്റിൽ പ്രതിപാദിക്കപ്പെടാനുള്ള വിദൂര സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കിൽ കേരളം കണ്ട ഏറ്റവും വലിയ ഇൻഫ്രാബൂമിനാകും കളമൊരുങ്ങുക. ബിഹാറും, ആന്ധ്രയും വന്നത് പോലെ കേരളം ബജറ്റിൽ പ്രത്യേകമായി പ്രതിപാദിക്കപ്പെട്ടേക്കാം.കഴിഞ്ഞ സർക്കാരിന്റെ സിൽവർലൈൻ പദ്ധതി പുതിയ രൂപത്തിൽ (ചരക്ക്-യാത്ര) കേരളത്തിനായുള്ള സമ്മാനമായി ബജറ്റിൽ പ്രതിപാദിക്കപ്പെടാനുള്ള വിദൂര സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കിൽ കേരളം കണ്ട ഏറ്റവും വലിയ ഇൻഫ്രാബൂമിനാകും കളമൊരുങ്ങുക. ബിഹാറും, ആന്ധ്രയും വന്നത് പോലെ കേരളം ബജറ്റിൽ പ്രത്യേകമായി പ്രതിപാദിക്കപ്പെട്ടേക്കാം.