

ഇന്ത്യയുടെ നാല് പുതിയ തൊഴില്‍ കോഡുകള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി ബജറ്റില്‍ ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വന്നേക്കും. വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങള്‍, തൊഴില്‍ സുരക്ഷ എന്നിവയെകുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ നിര്‍മല സീതാരാമന്‍ ബജറ്റില്‍ പറയുമെന്നാണ് പ്രതീക്ഷ. ലേബര്‍ കോഡ് ഫലപ്രദമായി നടപ്പാക്കിയാല്‍ അത് രാജ്യത്തിന്റെ വളര്‍ച്ചക്ക് കരുത്തേകുമെന്ന് സാമ്പത്തിക സര്‍വേയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്കും, യുവാക്കള്‍ക്കും ജോലി സുരക്ഷയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കിയാല്‍ അത് കൂടുതല്‍ ആളുകളെ തൊഴില്‍സേനയിലേക്ക് കൊണ്ടുവരാനും സഹായിക്കും.

ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ ക്ഷേമം
ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ ക്ഷേമത്തിനായി സാമൂഹിക സുരക്ഷ, വരുമാന സംരക്ഷണം, പരാതി പരിഹാര സംവിധാനങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ്. അതിനായുള്ള നിയമ നിര്‍മാണത്തിന് പ്രാധാന്യം നല്‍കിയുള്ള നയങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. തൊഴില്‍ ശക്തിയുടെ വലിപ്പത്തെയും കഴിവുകളെയും ആശ്രയിച്ചാണ് സാമ്പത്തിക വളര്‍ച്ച നിലനില്‍ക്കുന്നത് എന്നതുകൊണ്ട് തൊഴിലാളികളുടെ അളവ് കണക്കിലെടുക്കുമ്പോള്‍ തന്നെ, ഗുണനിലവാരം മെച്ചപ്പെടുത്തുന്നതും ഒരുപോലെ പ്രധാനമാണ് എന്ന് സാമ്പത്തിക സര്‍വെയിലുണ്ട്.
അനൗപചാരികവും, ഔപചാരികവുമായ തൊഴില്‍ മേഖലകള്‍ തമ്മിലുള്ള അന്തരം ഇ-ശ്രാം പോര്‍ട്ടല്‍ ക്രമാനുഗതമായി നികത്തുന്നതായി റിപ്പോര്‍ട്ടിലുണ്ട്. അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹിക സംരക്ഷണം നല്‍കുന്നതിനുള്ള ഒരു പ്രധാന സ്ഥാപന സംവിധാനമായി ഇത് പ്രവര്‍ത്തിക്കുന്നു.

നിര്‍മ്മാണ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികള്‍, തെരുവോര കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, കാര്‍ഷിക തൊഴിലാളികള്‍ എന്നിവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസായി ഈ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നു.

അവധി എടുക്കുന്നതിന് ശിക്ഷണ നടപടിയെടുക്കാനാവില്ല
പുതിയ ലേബര്‍ കോഡ് അനുസരിച്ച്, ഒരു ജീവനക്കാരന്‍ കാഷ്വല്‍ അവധി, അസുഖ അവധി, മറ്റ് നിയമപരമായ അവധികള്‍ എന്നിവ എടുക്കുന്നതിന് തൊഴിലുടമകള്‍ക്ക് ശിക്ഷണ നടപടിയിലേക്ക് പോകുവാന്‍ അനുവാദമില്ല.
2026 ഏപ്രില്‍ 1 ഓടെ ഇന്ത്യയിലെ നാല് പുതിയ തൊഴില്‍ കോഡുകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Content Highlights: Labour Code and its importance in the budget