വാങ്ങിയത് 190 ആഡംബര കാറുകൾ; ലഭിച്ചത് 21 കോടിയുടെ ഡിസ്‌കൗണ്ട്! ഇതൊരു ഒന്നൊന്നര ഡീൽ

സംഘടനയിലെ അംഗമായ നിതിൻ ജെയിനാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്

വാങ്ങിയത് 190 ആഡംബര കാറുകൾ; ലഭിച്ചത് 21 കോടിയുടെ ഡിസ്‌കൗണ്ട്! ഇതൊരു ഒന്നൊന്നര ഡീൽ
dot image

ബിസിനസുകാർക്ക് ആഡംബരക്കാറുകൾ ഒരു വീക്ക്‌നെസാണന്ന് പറയുന്നതിൽ തെറ്റില്ല. മെർസിഡസ്, ബിഎംഡബ്ല്യു, ഓഡി അങ്ങനെ കോടികൾ വിലയുള്ള കാറുകൾ മാറിമാറി ഉപയോഗിച്ചില്ലെങ്കിൽ അവർക്കൊരു ത്രില്ലില്ല… അത് ശരിയാണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വൈറൽ.

ജെയ്ൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ വമ്പൻ ഡീലിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 65,000 അംഗങ്ങളുള്ള ഈ സംഘടന അവരുടെ ബിസിനസ് പവർ തുറന്നുകാട്ടിയിരിക്കുകയാണ്. ടോപ്പ് ബ്രാൻഡുകളുടെ പതിനഞ്ച് ഡീലർമാരുമായി ചേർന്ന് വലിയൊരു തുകയ്ക്കാണ് ഇവർ ആഡംബര കാറുകൾ അംഗങ്ങൾക്കായി വാങ്ങിക്കൂട്ടിയത്. അതിന് നല്ലൊരു തുക ഡിസ്‌കൗണ്ടും ലഭിച്ചു. സംഘടന വൈസ് പ്രസിഡന്റ് പറയുന്നത്, ഈ ഡീലിൽ നിന്നും ഒരു നയാപൈസ സംഘടനയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ്.

രാജ്യത്തുടനീളമുള്ള ജെയ്ൻ വിഭാഗത്തിൽപ്പെട്ടവരുടെ ഈ സംഘടനയിലുള്ളവർ, അമ്പത് ലക്ഷത്തിനും 1.25 കോടിക്കുമിടയിൽ വിലയുള്ള കാറുകളാണ് വാങ്ങിയത്. ഇതിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ളവരാണ്. ജനുവരിക്കും ജൂണിനുമിടയിലാണ് ഈ കാറുകളുടെ ഡെലിവറി നടന്നത്. ഇത്തരത്തിൽ വാങ്ങിയപ്പോൾ ഇരുപത്തിയൊന്ന് കോടിയുടെ ഡിസ്‌കൗണ്ടും ഇവർക്ക് ലഭിച്ചു.

സംഘടനയിലെ അംഗമായ നിതിൻ ജെയിനാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്. ഡീലർമാരുമായി സംസാരിച്ചപ്പോൾ അവർക്കും നൂറുവട്ടം സമ്മതം. മാർക്കറ്റിങ്ങിനായി കാർ നിർമാതാക്കൾക്ക് ചെലവ് വരുന്നില്ല എന്നതായിരുന്നു മറ്റൊരു ലാഭം. ആദ്യം സംഘടനയിലെ കുറച്ച് പേർ മാത്രമാണ് ഈ പദ്ധതിയുടെ ഭാഗമായിരുന്നുള്ളു. എന്നാൽ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് കേട്ടതോടെ കൂടുതൽപേർ ഇതിന്റെ ഭാഗമായി 190 കാറുകൾക്ക് 21 കോടി ഡിസ്‌കൗണ്ട് ലഭിച്ചതോടെ ഓരോ അംഗത്തിനും എട്ട് മുതൽ 17 ലക്ഷം രൂപയാണ് സേവ് ചെയ്യാൻ കഴിഞ്ഞത്.

Content Highlights: This community bought 190 luxury cars and got 21 crore discount

dot image
To advertise here,contact us
dot image