23 ലക്ഷത്തിന്റെ കാർ വാങ്ങിയ അന്നുമുതൽ പ്രശ്‌നങ്ങൾ;ഷാരൂഖിനും ദീപികയ്ക്കുമെതിരെ വഞ്ചനാകുറ്റത്തിന് പരാതി

മഥുര പൊലീസാണ് കേസെടുത്തത്

23 ലക്ഷത്തിന്റെ കാർ വാങ്ങിയ അന്നുമുതൽ പ്രശ്‌നങ്ങൾ;ഷാരൂഖിനും ദീപികയ്ക്കുമെതിരെ വഞ്ചനാകുറ്റത്തിന് പരാതി
dot image

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് മഥുര പൊലീസ്. കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായിയുടെ ഉപഭോക്താവ്, രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശി കീര്‍ത്തി സിംഗിന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഷാരൂഖും ദീപികയും ഈ വാഹനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. ഹ്യുണ്ടായിയുടെ ആറ് ഉദ്യോഗസ്ഥക്കെതിരെയും കേസെടുത്തിട്ടുണ്ട്.

2022 ജൂണില്‍ ഹരിയാനയിലെ സോണിപത്തിലെ കുണ്ഡ്ലിയിലുള്ള മാല്‍വ ഓട്ടോ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 23,97,353 രൂപയ്ക്കാണ് ഹ്യുണ്ടായ് അല്‍കാസര്‍ കീര്‍ത്തി സിംഗ് വാങ്ങിയത്. ഏകദേശം 6 മാസത്തിന് ശേഷം വാഹനത്തിന് തകരാറുകള്‍ കണ്ടു തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. വാഹനം വേഗത്തില്‍ ഓടിക്കുമ്പോള്‍ അനാവശ്യ ശബ്ദങ്ങള്‍ കേള്‍ക്കുക, വൈബ്രേഷന്‍ ഉണ്ടാകുക തുടങ്ങി എഞ്ചിന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ വരെ തകരാറുകള്‍ കാണിച്ചു തുടങ്ങിയെന്നാണ് കീര്‍ത്തി സിംഗ് പരാതിയില്‍ കാണിച്ചിരിക്കുന്നത്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഡീലറിനെ സമീപിച്ചപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും കീര്‍ത്തി സിംഗ് പറഞ്ഞു.

ഭരത്പൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നമ്പര്‍ 2-നെയാണ് സിംഗ് ആദ്യം സമീപിച്ചത്. തുടര്‍ന്ന്, വഞ്ചനാ കുറ്റവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420 പ്രകാരം മറ്റ് പ്രസക്തമായ വകുപ്പുകള്‍ക്കൊപ്പം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി മഥുര ഗേറ്റ് പോലീസ് സ്റ്റേഷനോട് നിര്‍ദ്ദേശിച്ചു. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

1998 മുതല്‍ ഷാരൂഖ് ഖാന്‍ ഹ്യുണ്ടായിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ്. 2023 ഡിസംബറിലാണ് ദീപിക പദുക്കോണ്‍ ഹ്യുണ്ടായിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തേക്ക് വരുന്നത്. കഴിഞ്ഞ വര്‍ഷം ഇരുവരും ഒരുമിച്ച് ഹ്യുണ്ടായിയുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്നു. പരാതിയെക്കുറിച്ചോ അവര്‍ക്കെതിരെ ഫയല്‍ ചെയ്ത കേസിനെക്കുറിച്ചോ ഷാരൂഖ് ഖാനോ ദീപിക പദുക്കോണോ ഇതുവരെ എവിടെയും പരസ്യമായി പ്രതികരിച്ചിട്ടില്ല.

Content Highlights: FIR Filed Shah Rukh Khan Deepika Padukone In Legal Trouble

dot image
To advertise here,contact us
dot image