ഓപ്പറേഷൻ സിന്ദൂർ ട്രേഡ് മാർക്കിനായി റിലയൻസ്, വിമർശനത്തിന് പിന്നാലെ ജൂനിയർ സ്റ്റാഫിന്റെ പേരിൽ പഴിചാരി കമ്പനി

അതേസമയം റിലയൻസിന് ഒപ്പം മറ്റ് മൂന്ന് പേർ കൂടി ട്രേഡ് മാർക്കിനായി അപേക്ഷിച്ചിട്ടുണ്ട്

dot image

'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ ട്രേഡ് മാർക്കിന് അപേക്ഷിച്ച നടപടിയിൽ നിന്ന് പിന്മാറി റിലയൻസ്. സോഷ്യൽ മീഡിയയിൽ വിമർശനം കടുത്തതോടെയാണ് നടപടിയിൽ നിന്ന് റിലയൻസ് പിന്മാറിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യൻ സൈന്യം പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങളിൽ നടത്തിയ നടപടികൾക്ക് പിന്നാലെയാണ് റിലയൻസ് ട്രേഡ് മാർക്കിനായി അപേക്ഷിച്ചത്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള ട്രേഡ് മാർക്കിനായിട്ടായിരുന്നു ഇത്.

തുടർന്ന് വിമർശനം ശക്തമായതോടെ ജൂനിയർ സ്റ്റാഫ് മുൻകൂർ അനുമതി തേടാതെ നടത്തിയ നീക്കമായിരുന്നു ഇതെന്നായിരുന്നു റിലയൻസിന്റെ വിശദീകരണം.

ഇന്ത്യൻ ധീരതയുടെ പ്രതീകമായ ഓപ്പറേഷൻ സിന്ദൂറിനെ ട്രേഡ്മാർക്ക് ചെയ്യാൻ റിലയൻസ് ഇൻഡസ്ട്രീസിന് ഉദ്ദേശമില്ലെന്നും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ ജിയോ സ്റ്റുഡിയോസിലെ ഒരു ജൂനിയർ സ്റ്റാഫ് അബദ്ധത്തിൽ അപേക്ഷ നൽകിയതാണെന്നും ഇത് പിൻവലിച്ചെന്നും റിലയൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പഹൽഗാമിൽ പാകിസ്ഥാൻ സ്‌പോൺസർ ചെയ്ത ഭീകരാക്രമണത്തിന് മറുപടിയായി നടന്ന ഓപ്പറേഷൻ സിന്ദൂറിൽ റിലയൻസ് ഇൻഡസ്ട്രീസും അതിന്റെ എല്ലാ പങ്കാളികളും അഭിമാനിക്കുന്നുണ്ടെന്നും റിലയൻസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം റിലയൻസിന് ഒപ്പം മറ്റ് മൂന്ന് പേർ കൂടി ട്രേഡ് മാർക്കിനായി അപേക്ഷിച്ചിട്ടുണ്ട്. മുംബൈ സ്വദേശി മുകേഷ് അഗർവാൾ, റിട്ടയർഡ് എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ കമൽസിംഗ് ഒബ്ര, ഡൽഹിയിൽ നിന്നുള്ള അഭിഭാഷകൻ അലോക് കോത്താരി എന്നിവരാണ് മറ്റ് അപേക്ഷകർ.

മെയ് 7നാണ് നാലുപേരും ഈ അപേക്ഷകൾ സമർപിച്ചതെന്ന് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.1999ലെ ട്രേഡ് മാർക്ക് ആക്ടിന് കീഴിൽ യോഗ്യത നേടുന്നവർക്ക് ഈ വാചകം ഉപയോഗിക്കാൻ സാധിക്കും.

Content Highlights: Operation Sindoor trademark Reliance blames junior staff after criticism

dot image
To advertise here,contact us
dot image