
ന്യൂ ഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ജെയ്ഷെ നേതാവും കാണ്ഡഹാർ വിമാന റാഞ്ചലിലെ പ്രധാനിയുമായിരുന്ന അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് കൊടുംഭീകരൻ കൊല്ലപ്പെട്ടത്.
ജെയ്ഷെ സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൽ റൗഫ് അസർ. കഴിഞ്ഞദിവസം ബഹവൽപൂരിൽ നടന്ന തിരിച്ചടിയിലാണ് റൗഫ് അസർ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം മറ്റ് 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ ഉള്ളത്. ഇക്കാര്യം ജെയ്ഷെ നേതൃത്വം സ്ഥിരീകരിച്ചു.
24 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അബ്ദുൽ റൗഫ് കാണ്ഡഹാർ വിമാന റാഞ്ചൽ പദ്ധതിയിട്ടത്, ഇന്ത്യയിൽ തടവിൽ കഴിയുകയായിരുന്ന തന്റെ സഹോദരൻ മസൂദ് അസറിനെ വിട്ടുകിട്ടാനായിരുന്നു കാണ്ഡഹാർ വിമാനറാഞ്ചൽ ഉണ്ടായത്. 1999 ഡിസംബറില്‍ 179 യാത്രക്കാരും 11 ജീവനക്കാരുമായി കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച യാത്രാവിമാനം തീവ്രവാദികള്‍ റാഞ്ചി. ഹര്‍ക്കത്ത്-ഉല്‍-മുജാഹിദീന്‍ എന്ന ഭീകര സംഘടനയില്‍ പെട്ട അഞ്ച് അംഗങ്ങളാണ് വിമാനം റാഞ്ചിയത്. തുടര്‍ന്ന് യാത്രക്കാരെ ബന്ദികളാക്കി, മസൂദ് അസർ അടക്കമുള്ള ഭീകരര്‍ക്കായി റാഞ്ചികള്‍ വിലപേശി. ഒടുവില്‍ വാജ്പേയി ഭരണകൂടത്തിന് ഭീകരരുടെ ആവശ്യങ്ങള്‍ക്ക് മുന്‍പില്‍ അടിയറവ് പറയേണ്ടിവന്നു. മസൂദ് അസർ അടക്കമുള്ള ഭീകരരെ വിട്ടുനല്‍കിയതിന് ശേഷമായിരുന്നു അന്ന് ബന്ദികളെ മോചിപ്പിക്കാന്‍ സാധിച്ചത്.
Content Highlights: Abdul Rauf Azhar killed at Operation Sindoor