
നിരന്തര ചർച്ചകൾക്കൊടുവിൽ ഭാരതി എയർടെല്ലും ടാറ്റ ഗ്രൂപ്പും തമ്മിലുള്ള ഡിടിഎച്ച് ലയന തീരുമാനത്തിൽ നിന്ന് ഇരുകമ്പനികളും പിന്മാറി. തൃപ്തികരമായ ഒരു കരാറിലെത്താൻ കഴിയാത്തതിനെ തുടർന്നാണ് ഇരു കമ്പനികളും ചർച്ചകൾ അവസാനിപ്പിച്ചത്. എയർടെലിന്റെ എയർടെൽ ഡിജിറ്റൽ ടിവിയും ടാറ്റയുടെ ടാറ്റ പ്ലേയും സംയോജിപ്പിക്കാനായിരുന്നു ചർച്ചകൾ.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ദി എക്കണോമിക് ടൈംസിൽ ഇരുകമ്പനികളും ലയന ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. തുടർന്ന് ഈ വാർത്തകൾ എയർടെൽ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഡിടിഎച്ച് ദാതാവാണ് ടാറ്റ പ്ലേ.
ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയ്ക്ക് പിന്നാലെ ഇരു കമ്പനികൾക്കും നഷ്ടം വന്നിരുന്നു. തുടർന്നാണ് ഇരു കമ്പനികളും തമ്മിലുള്ള ലയനം ചർച്ചയിൽ എത്തിയത്. ലയന ചർച്ചകളിൽ ഓഹരി കൈമാറ്റവും ഉൾപ്പെട്ടിരുന്നു. ഇരു കമ്പനികളും കൂടി ചേർന്ന് ആരംഭിക്കുന്ന കമ്പനിയിൽ എയർടെല്ലിന് 52-55% ഓഹരികൾ കൈവശം വയ്ക്കുമെന്നും ദി വാൾട്ട് ഡിസ്‌നി കമ്പനി ഉൾപ്പെടെയുള്ള ടാറ്റ പ്ലേ ഓഹരി ഉടമകൾ 45-48% നിലനിർത്തുമെന്നുമായിരുന്നു ചർച്ചകൾ.
ഇരു ബിസിനസുകളുടെയും ഏകദേശ മൂല്യം 7000 കോടിയോളം വരും. മുമ്പ് ടാറ്റ സ്‌കൈ എന്നറിയപ്പെട്ടിരുന്ന ടാറ്റ പ്ലേയുടെ 70% ഉടമസ്ഥാവകാശം ടാറ്റ സൺസിനാണ് 2024 ഏപ്രിലിൽ ടെമാസെക് ഹോൾഡിംഗ്‌സിൽ നിന്ന് 835 കോടിക്ക് 10% ഓഹരികൾ ടാറ്റ സൺസ് ഏറ്റെടുത്തിരുന്നു.
2019-ൽ 21st സെഞ്ച്വറി ഫോക്‌സ് വാങ്ങിയതിലൂടെയാണ് ഡിസ്‌നിയുടെ കൈവശം ടാറ്റ പ്ലേയുടെ ഓഹരിയെത്തിയത്. നേരത്തെ റിലയൻസ് ഇൻഡസ്ട്രീസും ഡിസ്‌നിയും ചേർന്ന് സ്റ്റാർ ഇന്ത്യ, വയാകോം18 എന്നീ കമ്പനികളുടെ ലയനം നടത്തിയിരുന്നു. ഇതിന് സമാനമായിട്ടായിരുന്നു എയർടെലിന്റെയും ടാറ്റ പ്ലേയുടെയും ലയന ചർച്ചകൾ വിലയിരുത്തിയിരുന്നതെങ്കിലും അവസാന നിമിഷം അലസി പിരിയുകയായിരുന്നു.
Content Highlights: Airtel and Tata play DTH merger Talks fail