
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ തനിക്ക് രേഖാമൂലമോ വാക്കാലോ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ മുമ്പാകെ രാഹുല്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
'അദ്ദേഹത്തിന്റെ നിലപാട് കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യാതൊരു പ്രയാസവുമുണ്ടാകാന്‍ പാടില്ലയെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ രാജി വെച്ചുവെന്ന് മാധ്യമങ്ങളുടെ മുമ്പില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ് ഞാനും മനസിലാക്കിയത്. നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി രാഹുല്‍ സ്വയം എടുത്ത തീരുമാനമാണ്', സണ്ണി ജോസഫ് പ്രതികരിച്ചു.
ആരോപണങ്ങളില്‍ പാര്‍ട്ടി രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു. ഇതുവരെയും തനിക്കെതിരെ ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. അത്തരത്തില്‍ പരാതി വന്നാല്‍ നീതിന്യായ സംവിധാനത്തില്‍ നിരപരാധിത്വം തെളിയിക്കും എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു. ആരോപണത്തില്‍ ഹൂ കെയേഴ്സ് പ്രതികരണത്തിന് ശേഷം ആദ്യമായായിരുന്നു വിഷയത്തില്‍ രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണത്തിന്റെ ആദ്യഭാഗങ്ങളില്‍ രാജിവെച്ചില്ലെന്ന് പറഞ്ഞ രാഹുല്‍ ഒടുവില്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു.
'കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച യുവ നടി തന്റെ അടുത്ത സുഹൃത്താണ്. അവര്‍ യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ചെങ്കിലും തന്റെ പേര് പറഞ്ഞിട്ടില്ല. എന്നെക്കുറിച്ചാണ് അവര്‍ പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ല. ഇപ്പോഴും അടുത്ത സുഹൃത്താണ്', രാഹുല്‍ പറഞ്ഞു. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയുടെ ഫോണ്‍ സംഭാഷണവും രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളി. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ? ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്ത കാലമല്ലല്ലോ. ആരും പരാതി പറഞ്ഞിട്ടില്ലല്ലോയെന്നായിരുന്നു എംഎല്‍എയുടെ മറുപടി. പുറത്തുവന്ന ഓഡിയോയുടെ ആധികാരികത ചോദ്യം ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ മറുപടി.
Content Highlights: Sunny Joseph about Rahul Mamkoottathil resignation in Youth Congress president post