'ഇന്ത്യൻ പാസ്പോർട്ട് കൈവശം വെച്ചുള്ള ലോക സഞ്ചാരം അത്ര എളുപ്പമല്ല'; ബുദ്ധിമുട്ടുകൾ പങ്കുവെച്ച് ട്രാവൽ വ്ലോഗർ

'ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് ഈ യാത്രകളെല്ലാം ഒരുപക്ഷെ സങ്കീർണ്ണമായേക്കാം'

dot image

യാത്രകൾ എല്ലായ്പ്പോഴും ആവേശകരമായ ഒരു അനുഭവമാണ്. അത് നമ്മുടെ ചക്രവാളങ്ങളെ വിശാലമാക്കുകയും ആത്മാവിനെ ഉണർത്തുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് ഈ യാത്രകളെല്ലാം ഒരുപക്ഷെ സങ്കീർണ്ണമായേക്കാം. 22 വയസ്സുള്ള സോളോ ട്രാവലറായ ജയന്ത് ശർമ്മ തന്റെ ലോക യാത്ര പങ്കുവെക്കുന്നത് ഇങ്ങനെയാണ്.

ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പങ്കിട്ട ഒരു പോസ്റ്റിൽ, ഇന്ത്യൻ പാസ്‌പോർട്ട് കൈവശം വയ്ക്കുന്നത് യാത്രകളിൽ മറ്റുള്ളവരെക്കാൾ കൂടുതൽ പരിശോധന നേരിടേണ്ടിവരുന്നതിന് കാരണമാകുമെന്ന് അഭിപ്രായപ്പെട്ടു.

'യാത്ര ഇഷ്ടപ്പെടുന്ന ഒരു ഇന്ത്യൻ പാസ്‌പോർട്ട് ഉടമ എന്ന നിലയിൽ ബുദ്ധിമുട്ടേറിയ ഒരു വശം എനിക്ക് കാണേണ്ടി വന്നു. അത് ഗൈഡ്ബുക്കുകളി ലോ റീലുകളിലോ ഉള്ളതല്ല. ഒരു മൂന്നാം അല്ലെങ്കിൽ രണ്ടാം കിട സാമ്പത്തിക രാജ്യത്തെ പൗരൻ എന്ന നിലയിൽ കടുത്ത നോട്ടങ്ങൾ ഏറ്റുവാങ്ങേണ്ടി വരും. പേപ്പർ വർക്ക് ആവശ്യമുള്ളിടത്തെല്ലാം ചെക്ക് പോയിന്റുകൾ ഉയരും, നിങ്ങൾ എവിടേക്ക് പോകുന്നു എന്ന് തെളിയിക്കേണ്ടി വരുന്നതല്ല, തിരിച്ചുവരുമെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടി വരുന്നതാണ് കഷ്ടമെന്നും' അദ്ദേഹം കുറിച്ചു.

'പല രാജ്യങ്ങളിലും ഏഴ് ദിവസമൊക്കെയാണ് സന്ദർശന സമയം ലഭിക്കുക, ഏഴുദിവസങ്ങൾ കൊണ്ട് എന്തുചെയ്യും, പലർക്കും സംശയം കുടിയേറ്റക്കാരായോ അഭയാർത്ഥികളായോ അവിടെ തുടരുമെന്നാണ്. വേണ്ടത് അതിർത്തികളില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്രമാണെന്നും' ജയന്ത് കൂട്ടിച്ചേർത്തു.

പോസ്റ്റ് വൈറലായതിന് പിന്നാലെ വലിയ ചർച്ചകളുണ്ടായി. പറഞ്ഞത് സത്യമെന്നും സമാന അനുഭവങ്ങൾ തങ്ങൾക്കുമുണ്ടായെന്നും പറഞ്ഞ് നിരവധി പേരാണ് കമന്റിട്ടത്. യാത്രകളുടെ ആരും പറയാത്ത മറ്റൊരു വശമെന്നും ചിലർ ഇതിനെ കുറിച്ചു.

Content Highlights: Solo Traveller Shares Struggles Of Travelling With An Indian Passport

dot image
To advertise here,contact us
dot image