
ശ്രീലങ്കയിലെ മധ്യ പ്രവിശ്യയിലെ ഗംബോളയിലെ പച്ചപ്പാർന്ന കുന്നിൻ മുകളിലാണ് നിർമാണ വൈവിധ്യം കൊണ്ട് സഞ്ചാരികളെ മാടി വിളിക്കുന്ന അംബുളുവാവ ഗോപുരം. ഐക്യത്തിന്റെയും മത സൗഹാർദത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും പ്രതീകമാണ് പിരിയൻ ഗോവണികളുള്ള ഈ ജൈവ വൈവിധ്യ സമുച്ചയം.
ഗോപുരത്തിന്റെ ഏറ്റവും അടിയിലാണ് സർവമതങ്ങളെയും ചേർത്ത് പിടിക്കുന്ന ആത്മീയ കേന്ദ്രം അഥവാ ബഹുമത കേന്ദ്രം. ബൗദ്ധ- ഹിന്ദു -ക്രിസ്ത്യൻ- ഇസ്ലാം എന്നീ മതങ്ങളുടെ പ്രതീകങ്ങൾ ഇവിടെ കാണാം, പ്രാർത്ഥിക്കാനും ധ്യാനിച്ചിരിക്കാനും പൂജ ചെയ്യാനും നിസ്കരിക്കാനുമൊക്കെ ഇവിടെ പ്രത്യേകം ഇടങ്ങളുണ്ട്. ആത്മീയ കേന്ദ്രത്തിൽ നിന്ന് മുകളിലേക്ക് ഗോവണി പടികൾ കയറിയാൽ കാണുന്ന മനോഹരമായ കാഴ്ച സഞ്ചാരികളുടെ മനസ് നിറയ്ക്കും.
വെളുപ്പ് നിറത്തിലുളള കെട്ടിടത്തെ ചുറ്റി ഗോവണി മുകളിലേക്ക് നീങ്ങും. പുറത്തു നിന്ന് നോക്കുന്നവർക്ക് ഒരു സ്തൂപം പോലെ തോന്നിക്കും ഈ ഗോപുരം . ഗോവണി പടികൾക്ക് കയറുംതോറും വീതി കുറഞ്ഞു വരികയും അവസാനമൊരു കാൽ വിരൽ കുത്താൻ പോലും ഇടമില്ലാതെ ഗോവണിപടി ചുരുങ്ങുന്നതുമാണ് ഈ കെട്ടിടത്തിന്റെ രൂപകല്പനയുടെ പ്രത്യേകത.
ഒരുമിച്ചു യാത്ര തുടരുന്ന സഞ്ചാരികൾ ഗോവണിയുടെ അവസാനത്തെ പടിയിൽ എത്തുമ്പോൾ തിങ്ങി ഞെരുങ്ങി നടക്കണം. അധികം ഞെരുക്കം അനുഭവപ്പെട്ടാൽ പടിയിൽ നിന്ന് മാറി നിൽക്കാൻ ഗോവണിപടികൾക്കിടയിൽ പ്രത്യേക ഇടമുണ്ട്. എന്നിരുന്നാലും 48 മീറ്ററോളം ഉയരമുള്ള ഈ ടവറിലേക്കുള്ള യാത്ര സാഹസികം തന്നെയാണ്. ഉയരം പേടിയുള്ളവരും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും സാഹസം കാണിക്കാതിരിക്കുന്നതാണ് ഉചിതം. ആവശ്യത്തിന് വെള്ളം കയ്യിൽ കരുതുകയും തെന്നിമാറാൻ സാധ്യതയുള്ളതിനാൽ അനുയോജ്യമായ പാദരക്ഷകളും സഞ്ചാരികൾ കരുതണം.
ഗോവണിപ്പടികളിൽ നിന്ന് നോക്കുമ്പോൾ ശ്രീലങ്കയിലെ പർവത നിരകളുടെ 360 ഡിഗ്രി കാഴ്ച തെളിയും .
ഹന്തന, നക്കൽസ്, പിദുരുതലഗല മലനിരകൾ കാണാൻ നല്ല ഭംഗിയാണ്. കാലാവസ്ഥ അനുകൂലമായാൽ തെക്കൻ തീരദേശവും കാണാനാകുമെന്ന് പ്രാദേശിക സഞ്ചാരി പറഞ്ഞു തന്നു.
ഈ ഗോപുരത്തെ ചുറ്റിപറ്റി ഏകദേശം 13 ഹെക്ടർ കാടുണ്ട് . അപൂർവയിനം ഔഷധസസ്യങ്ങളുടെയും വന്യജീവികളുടെയും ആവാസവ്യവസ്ഥയാണ് പ്രദേശം നിലനിൽക്കുന്നു. കാടിനുള്ളിലേക്ക് നീളുന്ന പാതകളുടെ ഇരുഭാഗത്തും ഔഷധ തോട്ടങ്ങളുണ്ട്.
എല്ലാ സീസണിലും അംബുളുവാവ ജൈവ വൈവിധ്യ കേന്ദ്രം നിങ്ങള്‍ക്ക് സന്ദർശിക്കാം. എന്നാൽ ശൈത്യകാലങ്ങളിലും മൺസൂൺ കാലത്തുമുള്ള യാത്ര അവിസ്മരണീയമായ അനുഭൂതി സമ്മാനിക്കും.
മുമ്പ് ബുദ്ധമതസ്ഥർക്ക് മാത്രമായുളള ഇടമായിരുന്നു ഇത്. മറ്റു മതവിശ്വാസികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി ഡി.എം. ജയരത്നെ പ്രകൃതിയും മതസൗഹാർദവും ഒന്നിക്കുന്നൊരു ശാന്തി കേന്ദ്രമാക്കി പ്രദേശത്തെ മാറ്റാം എന്ന ആശയം മുന്നോട്ടു വെച്ചു.
2009ൽ ആയിരുന്നു അംബുളുവാവ ജൈവ വൈവിധ്യ സമുച്ചയവും ചുറ്റു ഗോവണി ഗോപുരവും പണി കഴിപ്പിച്ചത്. ശ്രീലങ്കയിലെ ആദ്യത്തെ ബഹുമത-പരിസ്ഥിതി വൈവിധ്യസമുച്ചയമായി അംബുളുവാവ മാറി. കൊളോമ്പോയിൽ നിന്ന് ബസിലോ ട്രെയിനിലോ കാൻഡി എന്ന ശ്രീലങ്കയുടെ മധ്യ പ്രവിശ്യയിൽ എത്തിച്ചേരാനാകും. അവിടെ നിന്ന് ഗംബോളയിലേക്ക് ലോക്കൽ ബസിലും ഓട്ടോറിക്ഷയിലും ടാക്സിയിലുമൊക്കെ എത്തി ചേരാം.
കുന്നിനു മുകളിലേക്കുളള കയറ്റത്തിന് ഓട്ടോറിക്ഷ മാത്രമേ ഉപയോഗിക്കാനാവൂ. റോഡിലൂടെ സിഗ്‌സാഗ് രീതിയിൽ വാഹനം ഓടിക്കണം. പ്രാദേശിക ഡ്രൈവർമാർ അതിൽ വിദഗ്ധരാണ്. ഗോപുരം കാണാൻ പ്രവേശന ഫീയുണ്ട്. സാർക്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്കും അല്ലാത്തവർക്കും വെവ്വേറെ നിരക്ക് നൽകണം.
Content Highlights: Ambuluwawa Tower as a symbol of unity Travel Experience