

ഒരു ബോസ്നിയൻ ആരാധകൻ വിൻസെൻ്റ് വാൻ ഗോഗിൻ്റെ മാസ്റ്റർപീസായ 'സ്റ്റാറി നൈറ്റി'നെ ജീവനോടെ പുന:സൃഷ്ടിച്ചത് ശ്രദ്ധയമാകുന്നു. പതിനായിരക്കണക്കിന് സസ്യങ്ങൾ ഉപയോഗിച്ചാണ് ഹലീം സുകിച്ച് എന്ന ബോസ്നിയക്കാരൻ വാൻഗോഗിൻ്റെ 'സ്റ്റാറി നൈറ്റ്' ജീവസുറ്റ പ്രകൃതിദൃശ്യമായി പുനരാവിഷ്കരിച്ചിരിക്കുന്നത്. "വിൻസെൻ്റ് വാൻഗോഗ് ഞങ്ങളുടേതാണ്. ഇത് ഞങ്ങളുടെ പൈതൃകമാണ്, ഇത് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള ഒരു മാർഗമാണ്, എന്ന് ഹലീം സുകിച്ച് എഎഫ്‌പിയോട് പറഞ്ഞു. ആയിരക്കണക്കിന് ലാവെൻഡർ ചെടികളും പുല്ലുകളും മറ്റ് സസ്യങ്ങളും ചുഴികളും സർപ്പിളങ്ങളുമൊക്കെ ഉപയോഗിച്ചാണ് ആകാശത്ത് നിന്ന് നോക്കുമ്പോൾ വാൻഗോഗിയൻ മാസ്റ്റർ പീസിൻ്റെ കാഴ്ചാനുഭവം തരുന്ന സൃഷ്ടി ഉണ്ടാക്കിയിരിക്കുന്നത്.
'ത്രിമാന സ്ഥലത്ത് ഒരു ഫ്ലാറ്റ് ഇമേജ് പുനർനിർമ്മിക്കുക സാധ്യമല്ല. പെയിൻ്റിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അതിൻ്റെ ആകൃതിയിലും അനുപാതത്തിലും ഉറച്ചുനിൽക്കാൻ ശ്രമിച്ചു. അങ്ങനെയാണ് കഴിയുന്നത്ര പെയിൻ്റിങ് പോലെ തോന്നിപ്പിക്കാൻ കഴിഞ്ഞത്. ഞങ്ങൾ വിജയിച്ചുവെന്ന് ഞാൻ കരുതുന്നു' എന്നായിരുന്നു സൃഷ്ടിയോടുള്ള ഹലീം സുകിച്ചിൻ്റെ പ്രതികരണം.
സംരംഭകനായ ഹലീമിന് ഇപ്പോൾ 56വയസ്സാണ് പ്രായം. 20 വർഷം മുമ്പ് മധ്യ ബോസ്നിയയിലെ ലുസ്‌നിക്ക ഗ്രാമത്തിന് ചുറ്റുമുള്ള വനപ്രദേശത്ത് കൂൺ പറിക്കാൻ പോയി മടങ്ങുമ്പോഴാണ് കലാസൃഷ്ടിക്ക് പശ്ചാത്തലമായ ഭൂമി ഹലീം ആദ്യം ശ്രദ്ധിക്കുന്നത്. ഒരു കുടിൽ പണിയുക, വൃത്താകൃതിയിലുള്ള ഒരു ചെറിയ പൂന്തോട്ടം ഉണ്ടാക്കുക എന്ന ഉദ്ദേശത്തിലായിരുന്നു അദ്ദേഹം ഈ സ്ഥലം വാങ്ങിയത്. തൻ്റെ പ്രിയപ്പെട്ട വാൻഗോഗിയൻ സൃഷ്ടിയായ 'സ്റ്റാറി നൈറ്റി'നെക്കുറിച്ച് ഈ സമയം ഹലീം ചിന്തിച്ചിരുന്നില്ല.
2018ൽ ഇവിടുത്തെ പുൽത്തകിയിൽ ട്രാക്ടർ സൃഷ്ടിച്ച സർപ്പിളാകൃതിയിലുള്ള ട്രാക്കുകളാണ് ഹലീമിനെ സ്റ്റാറി നൈറ്റ് ഓർമ്മിപ്പിച്ചത്. ഈ സ്പാർക്കിൽ നിന്നാണ് വാൻഗോഗിൻ്റെ മാസ്റ്റർപീസ് കലാസൃഷ്ടിക്ക് ഇവിടെ ജീവസുറ്റ പുനഃസൃഷ്ടി ഒരുക്കാൻ ഹലീം തീരുമാനിക്കുന്നത്. ഇതിന് പിന്നാലെ ഈ സ്ഥലത്തോട് ചേർന്ന് ഹലീം കൂടുതൽ സ്ഥലം വാങ്ങി. സ്റ്റാറി നൈറ്റ് ലൈവായി ഒരുക്കാൻ 1,30,000 ലാവൻഡർ ചെടികളാണ് ഹലിം ഇവിടെ ഉപയോഗിച്ചത്. പ്രതിദിനം 20-30 സഹായികളാണ് ഇതൊരുക്കാൻ അദ്ദേഹത്തെ സഹായിച്ചത്. ആറുവർഷമെടുത്താണ് ഹലീം അതുല്യകലാകാരൻ്റെ പെയിൻ്റിങ്ങിൻ്റെ ജീവസുറ്റ രൂപം പ്രകൃതിയിൽ തീർത്തത്. ഈ സൃഷ്ടിക്കായി എത്രതുക മുടക്കിയെന്ന് വെളിപ്പെടുത്താൻ ഹലീം തയ്യാറായില്ല. ഞങ്ങൾ ഏകദേശം 130,000 ലാവെൻഡർ ചെടികൾ, പതിനായിരക്കണക്കിന് സുഗന്ധ-ഔഷധ സസ്യങ്ങളും ആയിരക്കണക്കിന് മരങ്ങളും നട്ടുപിടിപ്പിച്ചു എന്നും ഹലീം വ്യക്തമാക്കി.
തൽക്കാലും സന്ദർശകർക്കായി ഹലീം പാർക്ക് തുറന്ന് കൊടുത്തിട്ടില്ല. ചെടികളും മരങ്ങളും തഴച്ചുവളരാൻ ഇനിയും സമയം വേണമെന്നും പൊതുജനങ്ങൾ കുറച്ച് മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്നുമാണ് ഹലീമിൻ്റെ പക്ഷം. ഞങ്ങൾ ഒരു നല്ല അടിത്തറ സൃഷ്ടിച്ചു. എല്ലാ വർഷവും പാർക്ക് കൂടുതൽ മനോഹരമാകും ഹലീം കൂട്ടിച്ചേർത്തു. 1889 ജൂണിൽ സെൻ്റ് റെമി സൈക്യാട്രിക് ഹോസ്പിറ്റലിൽ ആയിരിക്കുമ്പോഴാണ് വിൻസെൻ്റ് വാൻഗോഗ് 'സ്റ്റാറി നൈറ്റ്' വരച്ചത്. ഒരു വർഷത്തിനുശേഷം, 37-ാം വയസ്സിൽ അദ്ദേഹം ആത്മഹത്യ ചെയ്തു.