
ഭൂട്ടാനിൽ ഒരു തവണയെങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരപ്രിയരുണ്ടാവില്ല. പ്രകൃതിമനോഹാരിതയും സംസ്കാരപ്പെരുമയും ഇഴചേർന്ന നാട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് എന്ന് നിസംശയം പറയാം. ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നാണ്. സിഗ്നൽ ലൈറ്റുകളില്ലാത്ത, വാഹനങ്ങൾ ഹോൺ മുഴക്കി വെറുപ്പിക്കാത്ത നാട് കൂടിയാണ് ഹിമാലയത്തിന്റെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഭൂട്ടാൻ. ഇപ്പോഴിതാ, വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഫീസിൽ ഇളവ് വരുത്തിയെന്ന സന്തോഷം പകരുന്ന വാർത്തയാണ് ഭൂട്ടാനിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്.
കൊവിഡ് കാലത്ത് അടച്ചിട്ട ഭൂട്ടാൻ 2022 സെപ്തംബറിൽ വീണ്ടും സഞ്ചാരികൾക്കായി തുറന്നുകൊടുത്തതു മുതൽ ടൂറിസം മേഖലയുടെ പുരോഗതിക്കായി വിവിധ പദ്ധതികൾ രാജ്യം നടപ്പിലാക്കി വരികയാണ്. ഇതിലേറ്റവും ഒടുവിലത്തേതാണ് ഈ ഫീസ് ഇളവ്. മുമ്പ് 65 ഡോളറായിരുന്ന സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ഫീസ് നിലവിൽ 200 ഡോളറാണ്. ഇതിലാണ് കുറവ് വരുന്നത്. കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും ഭൂട്ടാനിൽ താമസിക്കുന്നവർക്കാണ് ഈ ഫീസിളവ് ലഭ്യമാകുക. ദിവസങ്ങളുടെ എണ്ണം കൂടുന്തോറും ഫീസ് തുക കുറയും. ആദ്യ നാല് ദിവസത്തേക്ക് ഈ ഫീസ് അടയ്ക്കുന്നവർക്ക് അടുത്ത നാല് ദിവസം സൗജന്യമായി താമസിക്കാമെന്നും ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏഴ് ദിവസത്തേക്ക് ഫീസ് അടയ്ക്കുന്നവർക്ക് തുടർന്നുള്ള ഏഴ് ദിവസം സൗജന്യമായി അവിടെ തുടരാനാകും. ഇനി 12 ദിവസത്തേക്ക് ഒന്നിച്ചാണ് ഫീസ് അടയ്ക്കുന്നതെങ്കിൽ തുടർന്നുള്ള 18 ദിവസം സൗജന്യമായി ഭൂട്ടാനിൽ താമസിക്കാനാവും. ജൂൺ ഒന്നുമുതൽ ഈ ഇളവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഭൂട്ടാനിലേക്ക് എപ്പോൾ പോകാം
ഭൂട്ടാന് സന്ദര്ശിക്കാന് ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളാണ്. ഈ സമയങ്ങളിൽ അവിടെ തെളിഞ്ഞ കാലാവസ്ഥയാണ് ഉള്ളത്. ജനുവരി, ഫെബ്രുവരി മാസങ്ങൾ തണുപ്പ് കാലമാണ്. ഏപ്രിൽ മുതൽ കാലാവസ്ഥ മനോഹരമാകും. വസന്തകാലത്ത് താഴ്വരകളില് നിറയെ വിരിഞ്ഞ റൊഡോഡെൻഡ്രോണുകളുടെ മനോഹാരിത ആസ്വദിക്കാം. ട്രെക്കിങ്ങിനായി പോകുന്നവർക്ക് ഏറ്റവും മികച്ച സമയം മാർച്ച് - ഏപ്രിൽ, ഓഗസ്റ്റ് - ഒക്ടോബർ മാസങ്ങളാണ്.
എങ്ങനെ പോകാം
ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് റോഡ് മാര്ഗം പോകാൻ ഏറ്റവും എളുപ്പം ബംഗാള് അതിര്ത്തിയിലൂടെയാണ്. ഇവിടെ നിന്ന് ഇന്ത്യ ഉള്പ്പടെ മൂന്നു രാജ്യക്കാര്ക്ക് പെര്മിറ്റ് എടുത്താല് മതി. ബാക്കി ഏത് രാജ്യക്കാര്ക്കും വിസ വേണം. പെര്മിറ്റിന് അപേക്ഷിക്കാന് വോട്ടര് ഐഡി, പാസ്പോര്ട്ട് തുടങ്ങിയവ തിരിച്ചറിയല് രേഖയായി സ്വീകരിക്കും. ഡ്രൈവിങ് ലൈസന്സും പാന് കാര്ഡും ഔദ്യോഗിക രേഖയായി അംഗീകരിക്കില്ല. കേരളത്തില് നിന്ന് പോകുന്നവർക്ക് ഭൂട്ടാനിൽ എത്താന് കോയമ്പത്തൂരില് നിന്ന് ബെഗ് ദോഗ്രയിലേക്ക് നേരത്തെ ബുക്ക് ചെയ്താല് താരതമ്യേന കുറഞ്ഞ നിരക്കിന് വിമാനടിക്കറ്റ് കിട്ടും. അല്ലെങ്കില് ട്രെയിന് മാര്ഗം ചെന്നൈ വഴി കൊല്ക്കത്തയെത്തി സിലിഗുഡിയിലൂടെ റോഡ്മാർഗം ഭൂട്ടാനിലെത്താം. കൊച്ചിയില് നിന്ന് കൊല്ക്കത്ത ബെഗ് ദോഗ്ര വഴിയും ഭൂട്ടാനിലേക്കെത്താം. ബെഗ് ദോഗ്രയാണ് ഇന്ത്യയില് ഭൂട്ടാന് ഏറ്റവും അടുത്ത എയര്പോര്ട്ട്. ഭൂട്ടാനിലേക്കുള്ള വിമാന യാത്ര ചെലവേറിയതും കാലാവസ്ഥയെ ആശ്രയിച്ചുള്ളതുമാണ്.
തിംഫുവാണ് ഭൂട്ടാന്റെ തലസ്ഥാനം. എന്നാൽ, രാജ്യത്തെ ഏക രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് രണ്ടാമത്തെ നഗരമായ പാറോ താഴ്വരയിലാണ്. മലഞ്ചെരുവില് നദിക്കരയിലായുള്ള ഈ വിമാനത്താവളം വിമാനം ഇറക്കാന് ഏറ്റവും വെല്ലുവിളിയുള്ള ഒന്നായാണ് അറിയപ്പെടുന്നത്. ഇരുപതിൽ താഴെ പൈലറ്റുമാര്ക്ക് മാത്രമാണ് അവിടെ വിമാനം ഇറക്കാനുള്ള അംഗീകാരമുള്ളത്. ഇന്ത്യയില് ഡല്ഹി, ഗുവഹാത്തി, ബെഗ് ദോഗ്ര എന്നീ എയര്പോര്ട്ടുകളില് നിന്ന് ഭൂട്ടാന് എയര്ലൈന്സ് സര്വീസുണ്ട്.
മറക്കാതെ പോകേണ്ട ഇടങ്ങൾ
ഭൂട്ടാനിലെത്തിയാല് മറക്കാതെ പോകേണ്ട ഇടമാണ് ടൈഗേഴ്സ് നെസ്റ്റ്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് ഇവിടം ഏറെ പ്രിയങ്കരമാകും. അപൂര്വ്വമായ ഈ നിര്മ്മിതി കീഴ്ക്കാംതൂക്കായ പാറക്കെട്ടില് എങ്ങനെ പണിതു എന്നത് ചരിത്രാന്വേഷികളെയും ആർക്കിടെക്ടിൽ താല്പര്യമുള്ളവരെയും അമ്പരപ്പിക്കുന്നതാണ്. തിംഫുവിലുള്ള ബുദ്ധ ഡോര്നെമ ബുദ്ധന്റെ ഏറ്റവും വലിയ പ്രതിമകളില് ഒന്നാണ്. 206 അടിയാണ് ഉയരം. വെങ്കലത്തില് തീര്ത്ത, ബുദ്ധന് പത്മാസനത്തിലിരിക്കുന്ന പ്രതിമയില് സ്വര്ണം പൂശിയിട്ടുണ്ട്. പുനാക്ക താഴ്വരയാണ് മറ്റൊരു പ്രധാനപ്പെട്ട സ്ഥലം. ജീവത്യാഗം ചെയ്ത സൈനികരുടെ ഓര്മ്മയ്ക്കായി ഇവിടെ ഡോച്ചുല പാസ്സിൽ സ്തൂപങ്ങള് സ്ഥാപിച്ചിട്ടുണ്ട്. ഭൂട്ടാനിലെ രാജാവിന്റെ വേനല്ക്കാല വസതിയും ഇവിടെയാണുള്ളത്. ബുദ്ധമത കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയ ചരിത്രനിര്മ്മിതികളുടെയും മറ്റും ചിത്രങ്ങൾ പകർത്താൻ ആഗ്രഹിക്കുന്നവർ, അതിന് അനുമതിയുണ്ടോ എന്ന് ഗൈഡിനോട് അന്വേഷിക്കാൻ മറക്കരുത്.
കൂടുതൽ അറിയാം....
സ്ത്രീകള്ക്കും പുരുഷന്മാര്ക്കും പ്രത്യേകം വേഷവിധാനമുള്ള നാടാണ് ഭൂട്ടാൻ. ആ പരമ്പരാഗത വേഷമാണ് എല്ലാവരും ധരിക്കാറുള്ളത്. ഇവിടെ ഔദ്യോഗിക ഭാഷ ദ്സോങ്ക ആണെങ്കിലും ഭൂരിപക്ഷം ആളുകൾക്കും ഇംഗ്ലീഷും ഹിന്ദിയും അറിയാം എന്നതിനാല് ഭൂട്ടാൻ സന്ദർശനത്തിൽ ഭാഷ ഒരു പ്രശ്നമാകില്ല. എന്ഗുള്ട്രം എന്നാണ് ഭൂട്ടാൻ കറന്സിയുടെ പേര്. ഇന്ത്യന് രൂപയുടെ അതേ മൂല്യമാണ് ഈ കറൻസിയ്ക്കുള്ളത്. ഇന്ത്യന് രൂപ നല്കിയാലും വ്യാപാരികൾ സ്വീകരിക്കും. ഇന്ത്യന് രൂപ കൊടുത്താല് കറന്സി മാറ്റിക്കിട്ടാനുള്ള സൗകര്യവുമുണ്ട്. പ്രധാന നഗരങ്ങളിൽ മാത്രമാണ് എടിഎമ്മുകൾ ഉള്ളത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം അടയ്ക്കാനുള്ള സൗകര്യങ്ങൾ മിക്കവാറും ഹോട്ടലുകളിലും കടകളിലുമുണ്ട്. ഭൂട്ടാനിലെ ഭൂരിഭാഗം ഹോട്ടലുകളിലും വൈഫൈ സൗകര്യം ലഭ്യമാണ്. പുകയില ഉല്പന്നങ്ങളുടെ വില്പനയും വാങ്ങലും നിരോധിച്ചിട്ടുള്ള സ്ഥലമാണ് ഇവിടം. പൊതുസ്ഥലങ്ങളിൽ പുകവലിയ്ക്ക് നിരോധനമുണ്ട്. നിയമം ലംഘിച്ചാല് പിഴയാണ് ശിക്ഷ. ചൊവ്വാഴ്ചകളിൽ ഭൂട്ടാനിൽ മദ്യം ലഭിക്കില്ല.