
മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ഒഫീഷ്യൽ പാനലിൽ നിന്ന് പുറത്താക്കണമെന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം നിരസിച്ചതിന് പിന്നിൽ ഐസിസിയിലെ ഒരു ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്. മാച്ച് റഫറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടത് ഐസിസിയുടെ പുതിയ സിഇഒ സൻജോഗ് ഗുപ്തയാണെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു.
പൈക്രോഫ്റ്റിനെ മാറ്റേണ്ട തക്കതായ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പിസിബി ആവശ്യത്തോടു സൻജോഗ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഐസിസി സമിതി മുഖം തിരിച്ചത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് സൻജോഗ് ഐസിസി സിഇഒ ആയി നിയമിതനാകുന്നത്. ഐസിസിയുടെ ഏഴാമത്തെ സിഇഒയാണ് സൻജോഗ്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സൻജോഗ്.
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഘയ്ക്ക് ടോസ് ഇട്ട ശേഷം കൈ കൊടുക്കാത്തതാണ് വിവാദമായത്. മത്സര ശേഷവും ഇന്ത്യൻ താരങ്ങൾ ആരും തന്നെ പാക് കളിക്കാരുമായി ഹസ്തദാനത്തിനും നിന്നില്ല.
പാക് ക്യാപ്റ്റനോട് പൈക്രോഫ്റ്റാണ് ഹസ്തദാനം നൽകേണ്ടതില്ലെന്ന സന്ദേശം നൽകിയതെന്ന ആരോപണമാണ് പാക് ടീം ഉന്നയിച്ചത്. പിന്നാലെയാണ് പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ഒരുവേള ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. ഇന്നലെ വൈകിയാണ് യു എ ഇ ക്കെതിരായ മാച്ച് തുടങ്ങിയതും. മത്സരത്തിൽ പക്ഷെ പാകിസ്താൻ വിജയിക്കുകയും സൂപ്പർ ഫോറിലേക്ക് മുന്നേറുകയും ചെയ്തു.
Content Highlights: Sanjog Gupta, Man Who Blocked PCB’s Move Against Andy Pycroft