പൊടിക്കുന്നത് കോടികള്‍; ഡയാന രാജകുമാരിയുടെ 'നൂറ്റാണ്ടിന്‍റെ വിവാഹം' മുതല്‍ അംബാനി കല്യാണം വരെ

ഏറ്റവും കൂടുതല്‍ പണം മുടക്കിയത് ഈ വിവാഹങ്ങള്‍

dot image

വിവാഹത്തിലൂടെ രണ്ട് വ്യക്തികള്‍ ഒന്നിക്കുന്നു എന്നതിലപ്പുറം. വിവാഹ ചടങ്ങുകള്‍ പലപ്പോഴും പലരുടെയും സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഇടമാക്കാറുണ്ട്. പ്രത്യേകിച്ച് രാജകുടുംബങ്ങളും സമ്പന്നകുടുംബങ്ങളുമൊക്കെയാണ് ഇത്തരത്തില്‍ ആഡംബര വിവാഹങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

ആഡംബര വിവാഹങ്ങളെന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. വിളമ്പുന്ന ഭക്ഷണം മുതല്‍ വധു വരന്മാര്‍ അണിയുന്ന വസ്ത്രങ്ങളുടെ വരെ പ്രത്യേകത അറിയാന്‍ ആളുകള്‍ താല്‍പര്യം കാണിക്കാറുമുണ്ട്. അത്തരത്തില്‍ ലക്ഷ്വറി ആയി നടന്ന ചില കല്യാണ വിശേഷങ്ങള്‍ നോക്കാം.

ജെഫ് ബെസോസിന്റെയും ലോറന്‍ സാഞ്ചസിന്റെയും വിവാഹം

ഏവരും കാത്തിരിക്കുന്ന ആഡംബര വിവാഹമാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെയും മാധ്യമപ്രവര്‍ത്തക ലോറന്‍ സാഞ്ചസിന്റെയും. ഈ ലക്ഷ്വറി വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ജെഫിന്റെ 500 മില്യണ്‍ ഡോളര്‍ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്തായിരിക്കും വിവാഹം. 200ലധികം പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുക്കുന്നത്. വിവാഹത്തിന്റെ ആകെ ചെലവ് ഏകദേശം 16 മില്യണ്‍ ഡോളര്‍ (ഏകദേശം 137 കോടിരൂപ) വരെ ആകാന്‍ സാധ്യതയുണ്ടെന്ന് ടെലഗ്രാം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാന്‍ഡ് കനാലിലെ 15-ാം നൂറ്റാണ്ടിലെ കൊട്ടാരമായ പലാസ്സോ പിസാനി മൊറെറ്റ തുടങ്ങി ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളാണ് വിവാഹ വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

അനന്ത് അംബാനി രാധിക മെര്‍ച്ചെന്റ് വിവാഹം

ഇന്ത്യ കണ്ട ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം. 600 മില്ല്യണ്‍ ഡോളറായിരുന്നു വിവാഹത്തിന്റെ ചെലവ്. ഈ വിവാഹം ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചടങ്ങുകളില്‍ ഒന്നായി മാറി. മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്‌സ് തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്ത വിവാഹമായിരുന്നു ഇത്.

അമിത് ഭാട്ടിയയുടെയും വനിഷ മിത്തലിന്റെയും വിവാഹം

2004ലായിരുന്നു സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലിന്റെ മകള്‍ വാനിഷ മിത്തലിന്റെയും ലണ്ടന്‍ ആസ്ഥാനമായുള്ള ബാങ്കര്‍ അമിത് ഭാട്ടിയയുടെയും വിവാഹം. ഏകദേശം 5 മില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചുള്ള വിവാഹമായിരിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെലിബ്രിറ്റികള്‍, ബിസിനസുകാര്‍, ആഗോള പ്രമുഖര്‍ തുടങ്ങിയവരുള്‍പ്പെടെ 1,000-ത്തിലധികം പ്രമുഖര്‍ ഈ വിവാഹത്തില്‍ പങ്കെടുത്തു.

ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹം

ബ്രിട്ടീഷ് രാജകീയ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിവാഹമായിരുന്നു ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും. 1981 ജൂലൈ 29 ന് ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന വിവാഹച്ചടങ്ങില്‍ 48 മില്യണ്‍ ഡോളറാണ് ചെലവായത്. 'നൂറ്റാണ്ടിന്റെ വിവാഹം' എന്ന് വിളിക്കപ്പെടുന്ന ഈ ചടങ്ങില്‍ 3,500 അതിഥികള്‍ പങ്കെടുത്തു.

പ്രിന്‍സ് വില്യമിന്റെയും കേറ്റ് മിഡില്‍ടണിന്റെയും വിവാഹം

2011 ഏപ്രില്‍ 29 ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ വെച്ചാണ് പ്രിന്‍സ് വില്യമിന്റെയും കേറ്റ് മിഡില്‍ടണിന്റെയും വിവാഹം നടന്നത്. ചടങ്ങിന് ശരാശരി 34 മില്യണ്‍ ഡോളര്‍ ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. അലക്‌സാണ്ടര്‍ മക്വീനു വേണ്ടി സാറാ ബര്‍ട്ടണ്‍ രൂപകല്‍പന ചെയ്ത വിവാഹ ഗൗണാണ് മിഡില്‍ടണ്‍ ധരിച്ചിരുന്നത്. 30 തയ്യല്‍ക്കാര്‍ ചേര്‍ന്നാണ് ഈ വസ്ത്രം നിര്‍മിച്ചത്. 1,900 അതിഥികളാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.

സ്‌പെയിനിലെ ലെറ്റീഷ്യ രാജ്ഞിയുടെയും രാജാവ് ഫെലിപ്പിന്റെയും വിവാഹം

സ്‌പെയിനിലെ രാജാവ് ഫെലിപ്പും (ഇപ്പോള്‍ രാജാവ് ഫെലിപ്പ് ആറാമന്‍) ലെറ്റിസിയ ഒര്‍ട്ടിസ് റോക്കസോളാനോയും 2004 മെയ് 22 ന് മാഡ്രിഡില്‍ വച്ചാണ് വിവാഹിതരായത്. ചടങ്ങിന് 25 മില്യണ്‍ ഡോളര്‍ ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 1,500 അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.

Content Highlights: The most expensive weddings

dot image
To advertise here,contact us
dot image