പാര്‍ലെ-ജി ബിസ്‌ക്കറ്റിന് ഗാസയിലെ വില 2300; യുദ്ധക്ഷാമം വെളിപ്പെടുത്തി ഗാസയിലെ പിതാവിന്റെ പോസ്റ്റ്

ബിസ്‌ക്കറ്റിന്റെ വില 2342 രൂപയായി ഉയര്‍ന്നു. പക്ഷെ റാഫിഫിന് ഇഷ്ടപ്പെട്ട ട്രീറ്റ് നിഷേധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല

പാര്‍ലെ-ജി ബിസ്‌ക്കറ്റിന് ഗാസയിലെ വില 2300; യുദ്ധക്ഷാമം വെളിപ്പെടുത്തി ഗാസയിലെ പിതാവിന്റെ പോസ്റ്റ്
dot image

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പാര്‍ലെ-ജി എന്നത് വെറുമൊരു ബിസ്‌ക്കറ്റ് മാത്രമല്ല. ഒരു ഗൃഹാതുര സ്മരണകൂടിയാണ്, സാധാരണക്കാരന്റെ ടീ ടൈം സ്‌നാക്ക് എന്ന ആഡംബരവും. എന്നാല്‍ സംഘര്‍ഷത്തില്‍ മുങ്ങിയ ഗാസയില്‍ പാര്‍ലെ-ജിക്ക് മറ്റൊരു പ്രതിച്ഛായയാണ്. ക്ഷാമത്തിന്റെയും പട്ടിണിയുടെയും വക്കില്‍ എത്തിയ ഒരു ജനതയുടെ വിശപ്പടക്കുന്ന ആഡംബര ഭക്ഷണം!

യുദ്ധകാലത്തെ ദുരിതങ്ങള്‍ എടുത്തുകാണിക്കുന്ന ഗാസയില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഗാസയില്‍ താമസിക്കുന്ന പലസ്തീന്‍കാരന്‍ മുഹമ്മദ് ജവാദിന്റെ പോസ്റ്റ് യുദ്ധകാലത്തെ കടുത്ത ക്ഷാമത്തെ എടുത്തുകാണിക്കുകയാണ്. അദ്ദേഹം പങ്കുവച്ച പോസ്റ്റില്‍ അപൂര്‍വമായി അവര്‍ക്ക് ലഭിക്കുന്ന പാര്‍ലെ-ജി ബിസ്‌ക്കറ്റ് പിടിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഇളയമകള്‍ റാഫിഫിനെ കാണാം. അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് അത്. ഇന്ത്യയില്‍ പാര്‍ലെ ബിസ്‌ക്കറ്റിന്റെ വില എത്രയാണെന്ന് നമുക്കെല്ലാം അറിയാം. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അഞ്ചുരൂപയും അന്താരാഷ്ട്ര തലത്തില്‍ നൂറുരൂപ വിലയുള്ള പാര്‍ലെ-ജിയുടെ ഒരു പായ്ക്കറ്റിന് 2342 രൂപയാണ് താന്‍ നല്‍കിയതെന്ന് ജവാദ് പറയുന്നു.

'നീണ്ട കാത്തിരിപ്പിന് ശേഷം റാഫിഫിന് അവളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റ് ലഭിച്ചു. ബിസ്‌ക്കറ്റിന്റെ പൈസ 146 രൂപയില്‍ നിന്ന് 2342 രൂപയായി ഉയര്‍ന്നു. പക്ഷെ റാഫിഫിന് ഇഷ്ടപ്പെട്ട ട്രീറ്റ് നിഷേധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.' ജാവദ് എഴുതുന്നു. ജാവദിന്റെ കുറിപ്പ് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അന്താരാഷ്ട്ര സമൂഹം സ്വീകരിച്ചത്. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്കത് താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു.

'ആ കുഞ്ഞ് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ബിസ്‌ക്കറ്റ് കഴിക്കുകയാണ്. ഈ യുദ്ധത്തില്‍ നമ്മള്‍ നിഷ്പക്ഷത പാലിക്കുന്നുണ്ടെന്ന് എനിക്കറിയാം - പക്ഷേ ദയവായി നമുക്ക് കൂടുതല്‍ പാര്‍ലെ-ജി പലസ്തീനിലേക്ക് അയയ്ക്കാമോ? ഇവ ഗ്ലൂക്കോസ് ബിസ്‌ക്കറ്റുകളാണ്, അവ സാധാരണ ജനങ്ങളെ പിന്തുണയ്ക്കാന്‍ ശരിക്കും സഹായിക്കും.' ജാവദിന്റെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ട ഒരു ഇന്ത്യന്‍ പൗരന്‍ വിദേശകാര്യ മന്ത്രി ജയ്ശങ്കറിനെ ടാഗ് ചെയ്തുകൊണ്ട് ചോദിച്ചു.

'പാര്‍ലെ ജിയെ അവള്‍ വളരെയധികം സ്‌നേഹിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ബിസ്‌ക്കറ്റ് ഒരു ബാഗ് അവള്‍ക്ക് കൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ കുട്ടിക്ക് നിങ്ങള്‍ നല്‍കുന്ന സ്‌നേഹം വളരെ പ്രശംസനീയവും മഹത്തരവുമാണ്. അസാധ്യമായ സമയങ്ങളില്‍ പോലും ഒരു അത്ഭുതകരമായ രക്ഷിതാവായതിന് നന്ദി.' മറ്റൊരു ഉപയോക്താവ് എഴുതി.

അതേസമയം സാധാരണക്കാര്‍ക്ക് എല്ലായ്‌പ്പോഴും താങ്ങായിട്ടുള്ള പാര്‍ലെ-ജി ബിസ്‌ക്കറ്റിന് ഇത്രയേറെ വില വര്‍ധിപ്പിച്ചത് പലര്‍ക്കും ഉള്‍ക്കൊള്ളാനുമായിട്ടില്ല.'5 രൂപ വിലയുള്ള പാര്‍ലെ-ജി 2,500 രൂപയ്ക്ക് വില്‍ക്കുന്നു. നിരപരാധികളുടെ ദുരിതം ചൂഷണം ചെയ്യുന്ന, പ്രതിരോധം എന്ന് വിളിക്കപ്പെടുന്നതിന്റെ യഥാര്‍ത്ഥ മുഖമാണിത്.' ഒരാള്‍ കുറിച്ചു.

ഇതിനുള്ള മറുപടിയും ജവാദ് കുറിച്ചിട്ടുണ്ട്. 'ഗാസയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സഹായം ന്യായമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ സത്യം അതല്ല, ഞങ്ങള്‍ക്ക് ലഭിക്കുന്ന സഹായം മോഷ്ടിച്ച് വിപണിയില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ അധിനിവേശം ചില ഏജന്റുമാര്‍ക്കും കള്ളന്മാര്‍ക്കും മറയായി എന്നുള്ളതാണ്. ഉദാഹരണത്തിന്, ധാന്യ മാവ് ഏകദേശം 500 ഡോളറിനും പഞ്ചസാര കിലോഗ്രാമിന് ഏകദേശം 90 ഡോളറിനും വില്‍ക്കുന്നു. എല്ലാ അടിസ്ഥാന സാധനങ്ങളും കൊടും വിലയ്ക്ക് വില്‍ക്കുന്നു. വാങ്ങാന്‍ കഴിയാത്ത ചിലര്‍, അവര്‍ക്ക് ആവശ്യമുള്ളത് ലഭിക്കാന്‍ വേണ്ടി ജീവന്‍ പണയപ്പെടുത്തുന്നു. അതേസമയം, മറ്റുള്ളവര്‍ വലിയ അളവില്‍ മോഷ്ടിക്കുകയും വലിയ ലാഭത്തില്‍ വിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു.'

Content Highlights: India’s humble Parle-G is a luxury in Gaza; a father's viral post shows war reality

dot image
To advertise here,contact us
dot image