
എങ്ങനെയാണ് എപ്പോഴും മോട്ടിവേറ്റഡായി ഇരിക്കാന്‍ സാധിക്കുന്നത്? പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തില്‍ മുന്നോട്ടുപോകാന്‍ സാധിക്കുന്നത് എങ്ങനെയാണ്? ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അന്വേഷിച്ചിട്ടുള്ളവരായിരിക്കും എല്ലാവരും. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
പൂനെയിലെ FLAME യൂണിവേഴ്‌സിറ്റിയില്‍ നടന്ന കോണ്‍വോക്കേഷന്‍ ചടങ്ങില്‍ പ്രധാന അതിഥിയായി എത്തിയതാണ് ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവായ പി വി സിന്ധു. ചടങ്ങില്‍ ഗ്രാജുവേറ്റുകളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു സിന്ധു പ്രചോദനകരമായ പ്രസംഗം നടത്തിയത്.
തന്റെ കായിക ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച സിന്ധു വിജയങ്ങളുടെയും പരാജയങ്ങളുടെയും പിന്നിലെ കഠിന പരിശ്രമത്തെ കുറിച്ചും സംസാരിച്ചു. പ്രതിസന്ധികളെയും സംശയങ്ങളെയും മറികടന്ന് മുന്നോട്ട് പോകാന്‍ ഉള്ള ധൈര്യത്തിന്റെ പ്രാധാന്യവും ബാഡ്മിന്റണ്‍ താരം വിശദീകരിച്ചു.
വിജയത്തിന്റെ മറ്റൊരു അര്‍ത്ഥതലത്തെ കുറിച്ചും സിന്ധു ചൂണ്ടിക്കാട്ടി. വിജയമെന്നത് ഒരു നിമിഷത്തിലെ നേട്ടം മാത്രമല്ല, മറിച്ച് സ്ഥിരതയും പ്രതിസന്ധികളെ നേരിടാനുള്ള മനോഭാവവും ആണ്. 'Showing Up' അതായത് പ്രതിസന്ധികളിലും തളരാതെ സ്ഥിരമായി മുന്നോട്ട് പോവുക എന്നതാണ് തന്റെ വിജയരഹസ്യമെന്നും സിന്ധു പ്രസംഗത്തിലൂടെ പറഞ്ഞു.
സിന്ധുവിന്റെ വാക്കുകള്‍:
സിന്ധു, താങ്കള്‍ എപ്പോഴും എങ്ങനെയാണ് ഇങ്ങനെ മോട്ടിവേറ്റഡ് ആയിരിക്കുന്നതെന്ന് ആളുകള്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. ഞാന്‍ ഒരു രഹസ്യം പറയാം. ഞാനും എല്ലായ്‌പ്പോഴും മോട്ടിവേറ്റഡായി ഇരിക്കുന്നയാളല്ല. പക്ഷേ ഞാന്‍ എപ്പോഴും ചെയ്യുന്ന ഒരു കാര്യമെന്നത് മുന്നോട്ടുപോവുക മാത്രമാണ്.
പല ദിവസങ്ങളിലും എനിക്ക് അത് സാധിക്കാറുമില്ല. പക്ഷേ ഇവിടെയുള്ള എല്ലാ ഗ്രാജുവേറ്റുകളോടും എനിക്ക് പറയാനുള്ളത് നിങ്ങളെപ്പോഴും പ്രചോദിപ്പിക്കുന്ന തരത്തില്‍ ഇരിക്കാന്‍ പോകുന്നില്ല. എപ്പോഴും കരുത്തരായി ഇരിക്കാനും സാധിക്കില്ല. പക്ഷേ തളരാതെ മുന്നോട്ടുപോകുമ്പോള്‍ നിങ്ങള്‍ക്ക് ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം ഒരുപടി മുന്നില്‍ നില്‍ക്കാന്‍ സാധിക്കും. കാരണം, സ്വപ്‌നങ്ങളെല്ലാം ഫ്രീയാണ്, പക്ഷേ പരിശ്രമങ്ങള്‍ ഒരിക്കലും അങ്ങനെയല്ല.
ചിലപ്പോള്‍ ഒരു പരാജയത്തിന് ശേഷമായിരിക്കാം നിങ്ങള്‍ക്ക് മുന്നോട്ടുപോവേണ്ടി വരിക. ചിലപ്പോള്‍ നിങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ആയിരിക്കാം 'ഷോ അപ്' ചെയ്യേണ്ടത്. കാരണം സ്‌പോര്‍ട്‌സിലും ജീവിതത്തിലും എന്തുവന്നാലും നിങ്ങള്‍ക്ക് എപ്പോഴും മുന്നോട്ടുപോയിക്കൊണ്ടേയിരിക്കണം. സാഹചര്യങ്ങള്‍ എളുപ്പമാണെങ്കിലും നിങ്ങളെ തളര്‍ത്തുന്നതാണെങ്കിലും വിജയിക്കുകയാണെങ്കിലും എല്ലാം നഷ്ടപ്പെട്ടെങ്കിലുംനിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കിലും പ്രത്യേകിച്ച് വിശ്വാസമില്ലെങ്കില്‍ തീര്‍ച്ചയായും ഷോ അപ് ചെയ്യുക.
അതെ വിജയിക്കുകയെന്നത് അതിമനോഹരമാണ്. പക്ഷേ ബഹുമാനിക്കപ്പെടുന്ന ഒരാളായി മാറുകയെന്നതാണ് നിങ്ങള്‍ക്ക് ലഭിക്കാവുന്ന യഥാര്‍ത്ഥ സ്വര്‍ണമെഡല്‍. അതുകൊണ്ട് നിങ്ങളെ ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങളെ പിന്തുടരുക. വേദനിക്കുന്നതുവരെ അതിനുവേണ്ടി പരിശ്രമിക്കുക. കഴിയുന്നത്ര ഉച്ചത്തില്‍ ചിരിക്കുക. അഭിമാനത്തോടെ പരാജയപ്പെടുക. അഗാധമായി സ്‌നേഹിക്കുക. അഭിമാനത്തോടെ ജീവിക്കുക.
ജീവിതം എപ്പോഴെങ്കിലും നിങ്ങളുടെ കണ്ണില്‍ നോക്കി നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കിയോ എന്ന് ചോദിച്ചാല്‍ ഒരു പുഞ്ചിരിയോടെ പറയണം 'ഇതുവരെയില്ല, എന്റെ ലക്ഷ്യത്തിന് അടുത്തുപോലും എത്തിയിട്ടില്ല. ഞാന്‍ മുന്നോട്ടുപോയിട്ടേ ഉള്ളൂ', എന്ന്.
Content Highlights: Badminton Player Ms. P V Sindhu's Secret about stay Motivated