
മുഖത്തെ കറുത്ത പാടുകളും കരിമംഗല്യവും ക്ഷീണവുമെല്ലാം പലരെയും അസ്വസ്ഥരാക്കാറുണ്ട്. അതുകൊണ്ടുതന്നെ പാടുകള്‍ക്കും കരിമംഗല്യത്തിനും ശാശ്വത പരിഹാരം തേടി ക്രീമുകളും മരുന്നുകളുമെല്ലാം തിരഞ്ഞുപോകാത്ത ആരുംതന്നെയുണ്ടാവില്ല.എന്നാല്‍ കേട്ടോളൂ വെറും മൂന്നേ മൂന്ന് കാര്യങ്ങള്‍ കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ഫേസ്പാക്ക് ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന് തിളക്കം ലഭിക്കുകയും കറുത്ത പാടുകളും മറ്റും ഇല്ലാതാക്കാനും സാധിക്കും. പാല്‍, ബദാം, കുങ്കുമപ്പൂവ്, ഇവ മൂന്നും ഉപയോഗിച്ചാണ് ഈ സ്‌പെഷ്യല്‍ ഫേസ്‍പാക്ക് തയ്യാറാക്കുന്നത്.
100 ഗ്രാം ബദാം മിക്‌സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുത്ത് അരിപ്പയില്‍ അരിച്ചെടുക്കുക. ഇത് മിക്‌സ് ചെയ്യാന്‍ പാകത്തില്‍ പാല്‍ ചേര്‍ക്കേണ്ടതുണ്ട്. ഒട്ടും വെളളം ചേര്‍ക്കാതെ തിളപ്പിച്ച് തണുപ്പിച്ചെടുത്ത പാലാണ് ഉപയോഗിക്കേണ്ടത്. ഇനി നിങ്ങള്‍ എണ്ണമയമുള്ള ചര്‍മം(ഓയിലി സ്‌കിന്‍) ഉള്ളവരാണെങ്കില്‍ പാലില്‍ നിന്ന് പാട മുഴുവനായി നീക്കിക്കഴിഞ്ഞ ശേഷമായിരിക്കണം ഉപയോഗിക്കേണ്ടത്. വരണ്ട ചര്‍മം (ഡ്രൈ സ്‌കിന്‍) ആണ് ഉളളതെങ്കില്‍ പാട ഉള്‍പ്പെടെ ഉപയോഗിക്കാവുന്നതാണ്. സാധാരണ ചര്‍മം(നോര്‍മല്‍ സ്‌കിന്‍) ഉള്ളവരാണെങ്കിലും അധികം പാല്‍പ്പാട ഉപയോഗിക്കാതെ പാട നീക്കിയ പാല്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.
മുഖത്ത് ഫേസ്‍പാക്ക് ഇടുമ്പോള്‍ കട്ടിയില്‍ ഇടാന്‍ ശ്രദ്ധിക്കണം. ഇതിന് ആവശ്യമായ ബദാം പൊടിയും അത് യോജിപ്പിക്കാന്‍ ആവശ്യമായ പാലും എടുക്കുക. ഉപയോഗിക്കാന്‍ എടുക്കുന്ന പാലില്‍ ഒന്നോ രണ്ടോ നാര് കുങ്കുമപ്പൂവ് ഇട്ട് അലിയിച്ചെടുക്കണം. പാലില്‍ കുങ്കുമപ്പൂവ് ഇട്ട് വച്ചാല്‍ കുറച്ച് കഴിയുമ്പോള്‍ അലിഞ്ഞ് കിട്ടും. ഈ പാല് ബദാം പൊടിച്ചതിലേക്ക് ഒഴിച്ച് പേസ്റ്റ് പരുവത്തിലാക്കി വയ്ക്കുക.
മുഖവും കഴുത്തും ഫേസ്‌വാഷോ സോപ്പോ ഉപയോഗിച്ച് കഴുകി വെള്ളം ഒപ്പിക്കളഞ്ഞ ശേഷം തയ്യാറാക്കിവച്ച ഫേസ്‍പാക്ക് ഇട്ട് 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.
ഈ ഫേസ്‍പാക്കിന്റെ ഏറ്റവും വലിയ പ്രത്യേകത കണ്‍തടങ്ങളിലും പുരട്ടാന്‍ കഴിയും എന്നതാണ്. ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ഇങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ചര്‍മത്തിന് തിളക്കവും കിട്ടും കറുത്ത പാടുകള്‍ മാറുകയും ചെയ്യും.