

തിരുവനന്തപുരം: ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലേക്ക് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി നടത്തിയ യാത്ര മുഖ്യമന്ത്രിയോ കേന്ദ്രസര്‍ക്കാരോ അറിയാതെ. കേന്ദ്രാനുമതി തേടാതെയാണ് മന്ത്രി പ്രാഗിലേക്ക് യാത്ര നടത്തിയതെന്ന് വ്യക്തമാകുന്ന രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 20നായിരുന്നു മന്ത്രി പ്രാഗിലേക്ക് എത്തിയത്. വിവാദ മദ്യ വ്യവസായി ജോണ്‍ സേവ്യറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അതീവ ഗുരുതരമായ ചട്ടലംഘനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
സെപ്തംബര്‍ 16 മുതല്‍ 26 വരെ നടത്തിയ യൂറോപ്യന്‍ യാത്രയില്‍ ഓസ്ട്രിയ, ബള്‍ഗേറിയ, സ്വിറ്റ്സര്‍ലഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായിരുന്നു പൊളിറ്റിക്കല്‍ ക്ലിയറന്‍സ് തേടിയത്. ഇതില്‍ പ്രാഗ് ഉള്‍പ്പെട്ടിരുന്നില്ലെന്ന് വ്യക്തമാകുന്ന രേഖയാണ് റിപ്പോര്‍ട്ടറിന് ലഭിച്ചിരിക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളുടെ സന്ദര്‍ശനവിവരം മാത്രമാണ് മന്ത്രി മുഖ്യമന്ത്രിയെയും അറിയിച്ചതെന്നാണ് വിവരം. എന്തിനാണ് മന്ത്രി പ്രാഗ് യാത്ര ഒളിച്ചുവെച്ചതെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. യാത്രയുടെ ചെലവുകള്‍ ആരാണ് വഹിച്ചതെന്നും സ്പോണ്‍സര്‍ഷിപ്പ് ഉണ്ടായിരുന്നോയെന്നും പ്രതിപക്ഷം ഉയര്‍ത്തുന്നു.
മന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് ടെക്നിക്കാലിറ്റികള്‍ ഉണ്ടാകുമെന്നും അത് അതിന്റെ വഴിക്ക് നടക്കുമെന്നുമായിരുന്നു വിവാദത്തില്‍ കെ എം ഷാജി പ്രതികരിച്ചത്. ലീഗല്‍ ആയിട്ടുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ചോദിച്ചാല്‍ പറയാം. ഞാന്‍ പോയ യാത്രക്ക് അനുമതിയുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കഥകള്‍ വരട്ടെ. അതിനൊന്നും മറുപടി പറയാനില്ലെന്നും കെ എം ഷാജി പറഞ്ഞിരുന്നു. അനുമതിയില്ലാതെ ചെക്ക് റിപബ്ലിക്കിയിലേക്ക് യാത്ര നടത്തിയ മന്ത്രി ഒന്നിലധികം ദിവസം അവിടെ ചെലവഴിച്ചെന്നാണ് സൂചന. സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ എടുത്ത ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Kerala Local Self Government Minister K M Shaji reportedly travelled to Prague, the capital of the Czech Republic, without the knowledge of the Chief Minister or the central government