ഇടയ്ക്കിടെയുണ്ടാകുന്ന തലവേദന അവഗണിക്കരുത്; കാരണങ്ങള്‍ പലതാണ്

തലവേദന ഇടയ്ക്കിടെ ഉണ്ടാകുന്നത് ശരീരത്തില്‍ എന്തോ കുഴപ്പമുണ്ട് എന്നതിന്റെ സൂചനയാണ്

ഇടയ്ക്കിടെയുണ്ടാകുന്ന തലവേദന അവഗണിക്കരുത്; കാരണങ്ങള്‍ പലതാണ്
dot image

ഇടയ്ക്കിടെയുണ്ടാകുന്ന തലവേദനകള്‍ സാധാരണയായി അവഗണിക്കുകയാണ് പലരും ചെയ്യുന്നത്. ഒരു വേദന സംഹാരി കഴിക്കുകയോ അതുമല്ലെങ്കില്‍ വേദന സഹിക്കുകയോ ചെയ്ത് ദിവസം തള്ളിനീക്കും. എന്നാല്‍ തലവേദന ഇടയ്ക്കിടെ വരാന്‍ തുടങ്ങുകയാണെങ്കില്‍ അതൊരു സാധാരണ കാര്യമായി തള്ളിക്കളയാതിരിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ എന്തോ കുഴപ്പമുണ്ട് എന്നതിന്റെ സൂചനയായിരിക്കും ഈ തലവേദന.

headache

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് ആന്‍ഡ് സ്‌ട്രോക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തലവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ചിലപ്പോള്‍ ഇത് സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടുള്ളതാകാം. അതല്ലെങ്കില്‍ ഭക്ഷണക്രമം, അല്ലെങ്കില്‍ ഭക്ഷണത്തിന്റെ അഭാവം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് സമ്മര്‍ദ്ദമാണ്. ജോലിസമ്മര്‍ദ്ദം, ഉത്തരവാദിത്തങ്ങള്‍, ആശങ്കകള്‍, ഇവയെല്ലാം സമ്മര്‍ദ്ദത്തിന് കാരണമാകാം. സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന പിരിമുറുക്കം കഴുത്ത്, തോളുകള്‍, താടിയെല്ല് എന്നിവയുടെ പേശികളെ മുറുക്കുന്നു.ഇത് ക്രമേണ തലവേദനയിലേക്ക് നയിക്കുന്നു. ഈ വേദന തലയ്ക്ക് ചുറ്റുമുള്ള ഭാരം അല്ലെങ്കില്‍ സമ്മര്‍ദ്ദം പോലെ അനുഭവപ്പെടുന്നു.

headache

ജലാംശത്തിന്റെ കുറവ്

മറ്റൊരു പ്രധാന കാരണം നിര്‍ജ്ജലീകരണമാണ്. പലരും ആവശ്യത്തിന് വെള്ളം കുടിക്കാറില്ല. കാപ്പിയോ ചായയോ മതിയെന്ന് കരുതുന്നു. എന്നിരുന്നാലും ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുമ്പോള്‍ അത് തലവേദനയായി പ്രത്യക്ഷപ്പെടാം. ഈ തലവേദന തലയ്ക്ക് ഭാരവും അസ്വസ്ഥതയും ഉണ്ടാക്കും.

സ്‌ക്രീന്‍ ടൈം അധികമാവുക

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്,ടിവി എന്നിവയൊക്കെ ദീര്‍ഘനേരം നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക് ആയാസം ഉണ്ടാക്കുന്നു. ഇത് കണ്ണുകള്‍ക്ക് പിന്നിലോ നെറ്റിയിലോ വേദനയ്ക്ക് കാരണമാകുന്നു. കുറച്ച് സമയം കണ്ണുകള്‍ അടയ്ക്കുകയോ സ്‌ക്രീനില്‍ നിന്ന് പുറത്തേക്ക് നോക്കുകയോ ചെയ്യുന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കില്‍, അത് നിങ്ങളുടെ കണ്ണുകള്‍ക്ക് വിശ്രമം ആവശ്യമാണെന്നതിന്റെ വ്യക്തമായ സൂചനയാണ്.

ഉറക്കക്കുറവ്

ഉറക്കക്കുറവും തലവേദനയ്ക്ക് കാരണമാകും. എത്രസമയം ഉറങ്ങി എന്നത് മാത്രമല്ല ഉറക്കത്തിന്റെ ഗുണനിലവാരവും പ്രധാനമാണ്. രാത്രിയില്‍ ഇടയ്ക്കിടെ ഉണരുകയോ, ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ, ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ രാവിലെ ഉണരുമ്പോള്‍ തലവേദന അനുഭവപ്പെടും.

ഭക്ഷണക്കുറവ്


ഭക്ഷണം ഒഴിവാക്കുകയോ, വൈകി ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് തലവേദനയ്ക്ക് കാരണമാകും. ഭക്ഷണം ദീര്‍ഘനേരം കഴിക്കാതിരിക്കുന്നുണ്ടെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും തലവേദന, ബലഹീനത,തലകറക്കം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

പ്രശ്‌നം വഷളാകുന്നത് എപ്പോഴാണ്

മിക്ക തലവേദനകളും അപകടകരമല്ലെങ്കിലും അവ മുന്‍പത്തേക്കാള്‍ കൂടുതലായോ ഇടയ്ക്കിടെയോ വേദന കഠിനമാവുകയാണെങ്കിലോ അവഗണിക്കരുത്. തീര്‍ച്ചയായും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുക, കൃത്യസമയത്ത് ഉറങ്ങുക, സ്‌ക്രീന്‍ ഇടവേളകള്‍ എടുക്കുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക. തുടങ്ങിയ ചെറിയ മാറ്റങ്ങള്‍ ജീവിത ശൈലിയില്‍ വരുത്തുന്നത് തലവേദന ഗണ്യമായി കുറയ്ക്കാന്‍ വളരെയധികം സഹായിക്കും.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights : If you start getting headaches frequently, don't dismiss them as normal. They could be a sign that something is wrong with your body.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image