

നല്ല പഴുത്ത പപ്പായ കിട്ടിയാൽ തൊലി കളഞ്ഞ് മുറിച്ച് അതിലെ വിത്തും കളഞ്ഞ ശേഷം കഷ്ണങ്ങളാക്കി കഴിക്കുക, അല്ലെങ്കിൽ ജ്യൂസാക്കി കുടിക്കുക എന്നതാണ് എല്ലാവരും ചെയ്യുന്നത്. എന്നാൽ ഈ വിത്തിന് കാൻസറിനെ തടയാൻ കഴിയുമെന്ന് ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എന്താണ് ഇതിന്‍റെ സത്യാവസ്ഥ. ബയോ ആക്ടീവ് സംയുക്തങ്ങളായ ഐസോതിയോസയനേറ്റ്, ലൈകോപീൻ എന്നിവ പപ്പായ വിത്തുകളിലുണ്ട്. ഇവ ചില അർബുദകോശങ്ങളുടെ വളർച്ചയെ തടയാൻ കഴിവുള്ളവയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് മനുഷ്യരിൽ പഠനമൊന്നും നടന്നിട്ടില്ലെന്നതാണ് വാസ്തവം.
അതേസമയം രക്തത്തിലെ കൊളസ്‌ട്രോളിനെയും പഞ്ചസാരയെയും കുറയ്ക്കാൻ പപ്പായ വിത്തിന് സഹായിക്കുമെന്ന് എലികളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല എന്റമീബ ഹിസ്റ്റോളിക്കയെന്ന അമീബയ്ക്ക് എതിരെ പപ്പായ വിത്തിന്റെ സത്ത് പ്രവർത്തിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയ പപ്പായ വിത്തുകൾ രോഗപ്രതിരോധശേഷി കൂട്ടും. ചർമത്തിനും നല്ലതാണ്. പപ്പായ വിത്തുകൾ ഉണക്കി തേനിൽ ചാലിച്ച് കഴിക്കുന്നത് കുടലിലെ പരാന്നജീവികളെ നശിപ്പിക്കുമെന്നാണ് പറയുന്നത്. പ്രോട്ടീനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന പപ്പൈയ്ൻ പോലുള്ള സംയുക്തങ്ങൾ പപ്പായ വിത്തിലുണ്ട്. അതിനാൽ ദഹനവുമായി ബന്ധപ്പെട്ട പരിഹാരമാർഗങ്ങൾക്ക് പപ്പായ വിത്ത് ഉപയോഗപ്പെടുത്താം. അൾസറിനും ഇതൊരു പരിഹാരമാണെന്ന് പറയപ്പെടുന്നുണ്ട്.
Content Highlights: Papaya seeds help improve digestion by supporting gut health and reducing bloating. they contain natural anti-parasitic properties that may help cleanse the intestines and assumed that they prevent growth of some cancer cells