പൂച്ചയെ ലാളിക്കുന്നവരുടെ മാനസികാരോഗ്യം അപകടത്തിലോ?

പൂച്ചയെ വളര്‍ത്തുന്നവര്‍ക്ക് സ്‌കീസോഫ്രീനിയ പോലെയുളള മാനസിക ആരോഗ്യ അവസ്ഥയുണ്ടാകുമെന്നാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്

പൂച്ചയെ ലാളിക്കുന്നവരുടെ മാനസികാരോഗ്യം അപകടത്തിലോ?
dot image

പൂച്ചയെ കാണുമ്പോള്‍ ഒരു ഓമനത്തമൊക്കെ തോന്നാത്തവരുണ്ടാവില്ല. കൊഞ്ചിക്കാനും ലാളിക്കാനും ഒക്കെ തോന്നുകയും ചെയ്യും. പലവീടുകളിലും പൂച്ചയെ വളര്‍ത്തുന്നുമുണ്ട്. എന്നാല്‍ പുതിയ ഒരു ഗവേഷണം പൂച്ച പ്രേമികളെ ആശങ്കപ്പെടുത്തുന്നതാണ്. പൂച്ചയെ വളര്‍ത്തുകയും അവയെ ലാളിക്കുകയും ചെയ്യുന്നവര്‍ക്ക് സ്‌ക്രീസോഫ്രീനിയ അടക്കമുള്ള മാനസിക ആരോഗ്യ അവസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷണം വെളിപ്പെടുത്തുന്നത്.

ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ചിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തം നടത്തിയത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അമേരിക്ക, യുകെ എന്നിവയുള്‍പ്പെടെ 11 രാജ്യങ്ങളിലായി നടത്തിയ 17 പഠനങ്ങളാണ് സ്‌ക്രീസോഫ്രീനിയ ബുളളറ്റിനില്‍ പ്രസിദ്ധീകരിച്ചത്. പൂച്ചകളുമായി സമ്പര്‍ക്കം പുലര്‍ത്താത്തവരെ അപേക്ഷിച്ച് പൂച്ചയുമായി സമ്പര്‍ക്കംപുലര്‍ത്തുന്ന ആളുകള്‍ക്ക് മാനസിക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് ഗവേഷകരുടെ റിപ്പോര്‍ട്ടുകള്‍.

എന്താണ് സ്‌ക്രീസോഫ്രീനിയ

ആളുകളുടെ ചിന്ത, പെരുമാറ്റം, വികാരം എന്നിവയെ ബാധിക്കുന്ന ഒരു ഗുരുതരമായ മാനസികാരോഗ്യ അവസ്ഥയാണിത്. മറ്റുള്ളവര്‍ കാണാത്ത കാര്യങ്ങള്‍ കാണുകയോ , ശബ്ദങ്ങള്‍ കേള്‍ക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഭ്രമാത്മകത ഉണ്ടാകുന്നു. സത്യമല്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള ഉറച്ച വിശ്വാസങ്ങളാണ് ഭ്രമാത്മകതയില്‍ ഉള്‍പ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ ദൈനംദിന ജീവിതത്തെ ദുഷ്‌കരമായി ബാധിച്ചേക്കാം.

മാനസികരോഗം ഉണ്ടാകാന്‍ കാരണം

പൂച്ചകളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു പാരസൈറ്റായ 'ടോക്‌സോപ്ലാസ്മ ഗോണ്ടി' യുമായി ബന്ധപ്പെട്ടാണ് രോഗം ഉണ്ടാകുന്നത്. പൂച്ചകളുടെ കാഷ്ഠം, പൂച്ച കടിക്കുന്നത് ഇവയിലൂടെയൊക്കെ ഈ ജീവി മനുഷ്യനിലേക്ക് കയറാം. ഒരിക്കല്‍ ഈ പാരസൈറ്റ് ശരീരത്തില്‍ കയറി കേന്ദ്ര നാഡീവ്യൂഹത്തില്‍ എത്തിയാല്‍ ന്യൂറോ ട്രാന്‍സ്മിറ്ററുകളെ ബാധിക്കുകയും ഇത് വ്യക്തിത്വ മാറ്റങ്ങള്‍, മാനസിക രോഗ ലക്ഷണങ്ങള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട മറ്റൊരു പഠനത്തിലും പൂച്ച കടിച്ചതായി റിപ്പോര്‍ട്ട് ചെയ്തവരില്‍ കൂടുതല്‍ മാനസികരോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടി-ഗോണ്ടി പാരസൈറ്റ് മാത്രമല്ല മറ്റ് രോഗകാരികള്‍(പാസ്റ്ററെല്ല മള്‍ട്ടോസിഡ)ളും ഇതില്‍ പങ്കുവഹിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ജൈവശാസ്ത്രപരമായി ഈ ബന്ധം വിശ്വസനീയമാണെങ്കിലും ചില വ്യക്തിഗത പഠനങ്ങള്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ജനനം മുതല്‍ 18 വയസുവരെയുള്ള 5,000 ആളുകളെ ഉള്‍പ്പെടുത്തി 2017 ല്‍ നടത്തിയ ഒരു പഠനത്തില്‍ പൂച്ചയും -സ്‌കീസോഫ്രീനിയ സിദ്ധാന്തത്തേയും എതിര്‍ക്കുകയായിരുന്നു.

പൂച്ചയെ വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ

ഇപ്പോള്‍ നടത്തിയ പഠനത്തെ സംബന്ധിച്ച് രണ്ട് വാദങ്ങള്‍ നിലനില്‍ക്കെ കൂടുതല്‍ പഠനങ്ങള്‍ ഇതേസംബന്ധിച്ച് നടത്തേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ കുറച്ച് ശുചിത്വശീലങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. പൂച്ചയുടെ മാലിന്യം കൈകാര്യം ചെയ്തശേഷം കൈകള്‍ വൃത്തിയായി കഴുകുക, വളര്‍ത്തുമൃഗം ആരോഗ്യമുള്ളതാണെന്ന് ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതാണ്.

Content Highlights :Cat owners are more likely to develop mental health conditions like schizophrenia, research finds





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image