

ഗർഭപാത്രത്തിനുള്ളിൽ പ്രഗ്നൻസിക്ക് (ഗർഭം) തുടക്കം കുറിക്കുന്ന 'ജനറ്റിക്ക് സ്വിച്ച്' കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ. ഈ സ്വിച്ചാണ് ഭ്രൂണം ഗർഭപാത്രത്തിലുറച്ച് വളരാൻ സഹായിക്കുന്നത്. നവംബർ 10ന് ഓൺലൈൻ റിസർച്ച് ജേർണലായ Cell Death Discoveryയിലാണ് ഇത് സംബന്ധിച്ച പഠന പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടു ജീനുകൾ അടങ്ങിയ ഈ 'സ്വിച്ച്' എങ്ങനെയാണ് ഗർഭം ധരിക്കാൻ സഹായിക്കുന്നതെന്ന വ്യക്തമായ വിവരം ഈ ലേഖനത്തിലുണ്ട്.
മുംബൈ ICMR - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ റിപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്തിലെ ഡോ. ദീപക് മോദിയാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയത്. HOXA10, TWIST2 എന്നീ ജീനുകളെ കുറിച്ചാണ് പഠനത്തിൽ പറയുന്നത്. ഇവ തമ്മിലുള്ള പരസ്പര സഹകരണമാണ് ഭ്രൂണം ഗർഭപാത്രത്തിലുറയ്ക്കാൻ സഹായിക്കുന്നത്. ഇവയിലൊന്ന് ഗർഭപാത്രഭിത്തികളെ അടച്ച് ഭ്രൂണത്തെ സംരക്ഷിക്കുമ്പോൾ മറ്റൊന്ന് യൂട്രൈൻ വാളിനെ മൃദുവായി തുറന്ന് ഭ്രൂണത്തെ സ്വീകരിക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്. മോളികുലാർ ബയോളജി, ജീനോമിക്‌സ്, കമ്പ്യൂട്ടേഷണൽ മോഡലിങ് എന്നിവയെല്ലാം അടങ്ങിയ പഠനത്തിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ ഡോ ശ്രുതി ഹൻസ്ദ, IISc ബെംഗളുരുവിൽ നിന്നുള്ള പ്രൊഫസർ മോഹിത് ജോളി, വിദ്യാർഥിയായ നാൻസി ആഷ്‌റേ എന്നിവരാണ് മറ്റ് സംഘാംഗങ്ങള്‍.

ഗർഭധാരണം നടക്കണമെങ്കിൽ ഗർഭപാത്രത്തിനുള്ളിലെ ഒരു ജീൻ സ്വിച്ച് ഓഫ് ആവുകയും മറ്റൊന്നു സ്വിച്ച് ഓണാവുകയും വേണമെന്ന് ഡോ മോദി പറയുന്നു. ഗർഭപാത്രത്തിന്റെ ഭിത്തികൾ സുരക്ഷിതമാകണമെങ്കിൽ HOXA10 സ്വിച്ച് ഓൺ ആകണം. അതേസമയം ഭ്രൂണമെത്തുമ്പോൾ ഈ ജീൻ ആ നിമിഷം തന്നെ സ്വിച്ച് ഓഫ് ആകണം, പിന്നാലെ രണ്ടാമത്ത ജീനായ TWIST2 സ്വിച്ച് ഓൺ ആയശേഷമാണ് ഭ്രൂണത്തിനായുള്ള പാത തുറന്ന് കൊടുക്കുമെന്ന് ഡോക്ടർ വിശദീകരിക്കുന്നു.
TWIST2 ഗർഭാശയ ഭിത്തിയില്‍ ഭ്രൂണം സ്വയമേ ഉറയ്ക്കാനുള്ള പാത തുറന്നു കൊടുക്കുമ്പോള്‍, ഈ ഗർഭാശയ ഭിത്തിയെ സംരക്ഷിക്കുന്ന ഉത്തരവാദിത്തം HOXA10നാണ്.
എലികൾ, ഹാംസ്റ്ററുകൾ, കുരങ്ങുകൾ, മനുഷ്യകലകൾ എന്നിവയിലെ ഈ 'സ്വിച്ചു'കളെ കുറിച്ച് ഗവേഷണ സംഘം വിശദീകരിക്കുന്നുണ്ട്. ലക്ഷകണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവികളിൽ ഉണ്ടായ പരിണാമമാണ് ഇതെന്നും അവർ പറയുന്നു.

എട്ടുവർഷത്തോളമാണ് ഇതിനെ കുറിച്ചുള്ള പഠനം ഗവേഷകർ നടത്തിയത്. പഠനത്തിനായി മനുഷ്യഗർഭപാത്രത്തിന്‍റെ കലകൾ ലഭിക്കുക എന്നതും, അത് ഭ്രൂണത്തിന്റെ ഇംപ്ലാന്റ് നടക്കുന്ന സമയത്തേതാകേണ്ടതും വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് ഗവേഷകർ പറയുന്നു. ലോകത്തുള്ള ആർക്കും ഗർഭപാത്രത്തിന്റെ ഭിത്തികൾ തുറന്ന് നൽകപ്പെടുന്ന സാഹചര്യത്തെ കുറിച്ച് പഠിക്കാനുള്ള അവസരം ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ഗവേഷകർ പറയുന്നു. ഇതിനാൽ എലികളിലാണ് ഇവർ പരീക്ഷണം ആരംഭിച്ചത്. പരീക്ഷണത്തിന്‍റെ ഭാഗമായി TWIST2വിന് തടസം സൃഷ്ടിച്ചപ്പോൾ ഭ്രൂണത്തിന് സ്വയം ഇംപ്ലാന്റാവാൻ കഴിഞ്ഞില്ലെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു.
പുതിയ കണ്ടെത്തലിലൂടെ ആരോഗ്യമുള്ള ഭ്രൂണമുള്ള സ്ത്രീകളും ഗർഭം ധരിക്കാത്തത് എന്താണെന്ന സംശയങ്ങൾക്ക് മറുപടിയാവുകയാണ്. ഈ രണ്ട് ജീനുകളിൽ ഏതെങ്കിലും ഒന്നു പ്രവർത്തിച്ചില്ലെങ്കിൽ ഭ്രൂണത്തിന് ഒരിടത്തുറയ്ക്കാൻ കഴിയില്ലെന്ന് ഗവേഷകർ വിശദീകരിക്കുന്നു.
Content Highlights: Indian scientists discoverd 'genetic switch' that allow pregnancy