

അമേരിക്കയുടെ ഇസ്രയേൽ അനുകൂല നിലപാടിനെ ശക്തമായി എതിർത്തും ഡോണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ചും തന്റെ നിലപാട് വ്യക്തമാക്കിയാണ് ഡെമോക്രാറ്റായ സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ പ്രസിഡന്റ് നഗരത്തിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്ത മംദാനി ജൂതന്മാർക്ക് സ്വാധീനമുള്ള നഗരത്തിൽ വിജയിച്ചത് ട്രംപ് അടക്കമുള്ള വലതുപക്ഷ നേതാക്കൾക്ക് ഉണ്ടാക്കിയ അമ്പരപ്പ് ചെറുതല്ല.
ജൂത സമൂഹത്തിന്റെയും ശക്തമായ പിന്തുണയോടെയാണ് വൻവിജയം മംദാനി സ്വന്തമാക്കിയതെന്ന് വ്യക്തമാവുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മംദാനിയുടെ വിജയം ആഘോഷമാക്കുകയാണ് ന്യൂയോർക്കിലെ ജൂതർ.
മംദാനിയുടെ വിജയാഘോഷത്തിൽ പങ്കെടുത്ത ജൂതരുടെ പ്രതികരണങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ, സൊഹ്‌റാന് വേണ്ടി നിന്ന ജൂതനാണോ താങ്കൾ എന്ന ചോദ്യത്തോടാണ് അദ്ദേഹത്തെ പിന്തുണച്ചവർ പ്രതികരിച്ചത്.
'ഞാൻ ദൈവത്തെ സേവിക്കുന്ന ഒരു ജൂതനാണ്. അതിനാൽ ഈ വിജയത്തിൽ ഞങ്ങളും ആവേശത്തിലാണ്. പലസ്തീൻ അധിനിവേശത്തിനെതിരെ മംദാനിയെ സ്വീകരിച്ച ധീരമായ നിലപാടിൽ അദ്ദേഹത്തെ ഞങ്ങൾ അഭിനന്ദിക്കുകയാണ്. ജൂതരായ ഞങ്ങളും ഗാസയിലെ ജനങ്ങൾക്ക് വേണ്ടി കരയുകയും വേദനിക്കുകയുമാണ്. മംദാനി ജൂതർക്ക് എതിരാണെന്ന ആരോപണത്തിൽ അദ്ദേഹത്തെ ഓർത്ത് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. ഗാസയെ പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ആന്റിസെമറ്റിസം. അദ്ദേഹം ജൂതർക്ക് എതിരല്ല, ജൂതർക്കൊപ്പമാണ്. അദ്ദേഹം ജൂതരുടെ നല്ല സുഹൃത്താണ്. അദ്ദേഹം തെരഞ്ഞെടുപ്പിൽ വിജയിച്ചതിൽ ദൈവത്തിന് നന്ദി. വിജയകരമായി അദ്ദേഹത്തിന് ഭരണം നടത്താൻ കഴിയട്ടെ എന്നാണ് ആശംസിക്കുന്നത്, ദൈവം അദ്ദേഹത്തിനൊപ്പം ഉണ്ടാകട്ടെ. ഞങ്ങൾ സമാധാനമായാണ് ജീവിക്കുന്നത്. മതത്തിന്റെ പേരിൽ ഒരു സംഘർഷവും ഞങ്ങൾക്കിടയിലില്ല. നല്ല മനസുള്ളവരെല്ലാം ഗാസയിൽ നടക്കുന്നതിനെതിരാണ്' എന്നാണ് മംദാനിയുടെ വിജയത്തിൽ ഒരാൾ പ്രതികരിച്ചത്.
'ഇതിലും വലിയ സന്തോഷമില്ല, മംദാനിക്ക് വേണ്ടി നിന്ന ജൂതരിൽ ഒരാളാണ് താൻ. വെറുപ്പിനെയും വിഭാഗീയതെയും എതിർത്ത രാഷ്ട്രീയത്തിനൊപ്പമായിരുന്നു. ഇത് ഒത്തൊരുമയുടെ നഗരമാണ്. പരസ്പരം മറ്റുള്ളവരെയും പരിഗണിക്കുന്നിടമാണ്. ലക്ഷകണക്കിന് വരുന്ന ന്യൂയോർക്ക് ജനതയുടെ തീരുമാനമാണ് സൊഹ്‌റാന്റെ വിജയം' എന്നായിരുന്നു ഒരു ജൂത യുവതിയുടെ പ്രതികരണം.
Content Highlights: The response of jews on Mamdani's victory