

ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകളെ കീഴടക്കി ഇന്ത്യന്‍ വനിതാ ടീം തങ്ങളുടെ കന്നി ലോകകപ്പ് കിരീടം നേടിയിരിക്കുകയാണ്. ഇന്ത്യ ആ കിരീടം നേടുമ്പോൾ ഓർക്കേണ്ട ഒരു പേര് കൂടിയുണ്ട്. ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകൻ അമോൽ മജുംദാർ.
ഇന്ത്യൻ ക്രിക്കറ്റിലെ ഇന്നോളമുള്ളതിൽ വെച്ച് ഏറ്റവും അൺലക്കിയായ താരമായിരുന്നു മജുംദാർ. രഞ്ജിയിലെ ഒരു വിധം റൺസ് മലകളെല്ലാം കളിച്ചിരുന്ന കാലത്ത് മറികടന്നെങ്കിലും ഒരിക്കൽ പോലും ഇന്ത്യയുടെ ജഴ്സിയിൽ അരങ്ങേറാൻ കഴിയാതെ പോയ കാലം തെറ്റി ജനിച്ച അതുല്യപ്രതിഭ.
മൂന്നാല് വർഷം മുമ്പ് ഇന്ത്യൻ ബാറ്റിങ് കോച്ചായി അപേക്ഷ അയച്ചവരിൽ പ്രമുഖനായിരുന്നു മുൻ രഞ്ജി കളിക്കാരനായിരുന്ന അമോൽ മജുംദാർ. എങ്കിലും അവസാനം നറുക്ക് വീണത് മുൻ ഇന്ത്യൻ ഓപണർ വിക്രം രാത്തോറിനും.
അതേ സമയത്ത് തന്നെ ക്രിക്കറ്റ് ആരാധകർക്ക് കൗതുകമുണർത്തിയ നീക്കവുമായി രംഗത്തെത്തിയത് സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് മാനേജ്മെന്റ് ആയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടാത്ത മജൂംദാറിനെ സൗത്ത് ആഫ്രിക്ക ആ സമയത്ത് ബാറ്റിങ് കോച്ചായി നിയമിച്ചു.
ഒരു അന്താരാഷ്ട്രമത്സരം പോലും കളിക്കാത്തെ മജുംദാറിനെ എന്തുകൊണ്ടാവും സൗത്താഫ്രിക്കയെ പോലുള്ള ഒരു രാജ്യം അവരുടെ ബാറ്റിങ് കോച്ചായി നിയമിച്ചതെന്നന്വേഷിക്കുമ്പോഴാണ് നമ്മൾ മറ്റൊരു ചരിത്രത്തിലേക്കും മജുംദാറിന്റെ പ്രതിഭാവിളയാട്ടത്തിലേക്കും എത്തുക.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 171 മത്സരങ്ങളിൽ നിന്ന് 11167 റൺസ് നേടിയിട്ടുണ്ട് അദ്ദേഹം. ഇതിൽ 30 സെഞ്ച്വറികളും 60 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഏതായാലും ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം കാഴ്ച വെച്ചിട്ടും അർഹിച്ച പരിഗണന കിട്ടാതെ പോയ അദ്ദേഹത്തിന് ഈ കിരീടം ഒരു കാവ്യനീതി കൂടിയാണ്.
Content Highlights: Amol Mazumdar, India Women's Team Coach With Over 11,000 Runs,