
രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്ന് ബഹുമതി കൈമാറി. പ്രതിരോധ മന്ത്രാലയം ഇന്ന് പുറത്തുവിട്ട പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചിരുന്നു. ഏപ്രിൽ 16 മുതൽ ചോപ്രയുടെ നിയമനം പ്രാബല്യത്തിൽ വന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
ടോക്കിയോ ഒളിമ്പിക്‌സിൽ ജാവലിനിൽ സ്വർണം നേടിയ താരത്തിന് അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് 4 രജ്പുത്താന റൈഫിൾസ് അദ്ദേഹത്തിന് പരം വിശിഷ്ട് സേവാ മെഡൽ നൽകി ആദരിച്ചരുന്നു.
കായികമേഖലയിൽ രാജ്യത്തിനുനൽകിയ സംഭാവനകൾ പരിഗണിച്ചാണ് താരത്തിന് ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകിയത്. 2016 ഓഗസ്റ്റ് 26ന് ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാർ റാങ്കിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായും നീരജ് ചോപ്ര ചുമതലയേറ്റിരുന്നു. പിന്നീട് 2024-ൽ സുബേദാർ മേജറായി സ്ഥാനക്കയറ്റം ലഭിച്ചു. 2018ൽ അർജുന അവാർഡ് ലഭിച്ച നീരജിന് ഒളിമ്പിക് സ്വർണ മെഡൽ നേടിയതിന് ശേഷം 2021-ൽ ഖേൽ രത്‌ന പുരസ്‌കാരവും സ്വന്തമാക്കി.
2023ലെ ലോകചാമ്പ്യൻഷിപ്പിൽ ജേതാവായ നിരജ് 2020 ടോക്യോ ഒളിമ്പിക്സിൽ സ്വർണവും 2024 പാരീസ് ഒളിമ്പിക്സിൽ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. ഒളിമ്പിക്‌സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റായിരുന്നു നീരജ്. എന്നാൽ അടുത്തിടെ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തന്റെ ലോക കിരീടം നിലനിർത്താൻ നീരജിന് സാധിച്ചിരുന്നില്ല. എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Content Highlights- Neeraj Chopra is lieutenant Colonal now