'സജിൻ മാപ്പ് പറഞ്ഞയാള്‍, എനിക്കും ജോലി ചെയ്യണം'; മീടു ആരോപണ വിധേയന്റെ സിനിമയില്‍ അഭിനയിച്ചതിൽ റിമ കല്ലിങ്കല്‍

തനിക്ക് ജോലി ചെയ്യണമെന്നും താനും മാറ്റി നിര്‍ത്തപ്പെടുന്നവരില്‍ ഒരാളാണെന്നും നടി കൂട്ടിച്ചേർത്തു.

'സജിൻ മാപ്പ് പറഞ്ഞയാള്‍, എനിക്കും ജോലി ചെയ്യണം'; മീടു ആരോപണ വിധേയന്റെ സിനിമയില്‍ അഭിനയിച്ചതിൽ റിമ കല്ലിങ്കല്‍
dot image

മീ ടു ആരോപണ വിധേയനായ സജിന്‍ ബാബുവിന്റെ തിയേറ്റർ എന്ന സിനിമയിൽ എന്തുകൊണ്ട് അഭിനയിച്ചുവെന്നതിന് മറുപടിയുമായി റിമ കല്ലിങ്കൽ. സജിൻ തന്റെ തെറ്റ് തുറന്ന് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്ത ആളാണെന്നും അതിനാലാണ് അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചതെന്നുമാണ് റിമ പറഞ്ഞത്. തനിക്ക് ജോലി ചെയ്യണമെന്നും താനും മാറ്റി നിര്‍ത്തപ്പെടുന്നവരില്‍ ഒരാളാണെന്നും നടി കൂട്ടിച്ചേർത്തു. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

'ഞാന്‍ സ്വാര്‍ത്ഥയാണ്. എനിക്ക് ഈ സിനിമ ആവശ്യമായിരുന്നു. എന്റെ പോരാട്ടങ്ങള്‍ക്കെല്ലാം ഇടയിലും ഒരു കലാകാരിയെന്ന നിലയില്‍ എനിക്ക് ജോലി ചെയ്യണം. അതായിരുന്നു എന്റെ പ്രാഥമിക കാരണം. രണ്ടാമത്തെ കാരണം, മീടു തുറന്നുപറച്ചിലുകളില്‍ താന്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്ത ഏക വ്യക്തി സജിന്‍ ആണെന്നതാണ്'.

'മീ ടു തുറന്നുപറച്ചിലുകളില്‍ നിന്നും നമുക്ക് മുന്നോട്ട് പോകണമെങ്കില്‍, ആദ്യം സംഭവിക്കേണ്ടത് കുറ്റാരോപിതര്‍ തെറ്റ് സമ്മതിക്കുക എന്നതാണ്. അത് ഇതുവരെ സംഭവിച്ചിട്ടില്ല. എല്ലാവരും പ്രതിരോധിക്കുകയോ ആരോപണങ്ങള്‍ തള്ളിക്കളയുകയോ ആണ് ചെയ്തിട്ടുള്ളത്. ആ സമയത്താണ് ഒരാള്‍ മുന്നോട്ട് വരികയും താന്‍ ചെയ്തത് തെറ്റാണെന്ന് പറയുകയും ചെയ്യുന്നത്. അദ്ദേഹത്തിന് മാപ്പ് നല്‍കാന്‍ ഞാന്‍ ആളല്ലെന്നും വ്യക്തമാക്കുന്നു. ഞാനല്ല ബാധിക്കപ്പെട്ടത്. അതിജീവിതയാണ് അത് തീരുമാനിക്കേണ്ടത്. ഇത് മുന്നോട്ടുള്ള ഒരു ചുവടുവെപ്പാണ്. അതിജീവിത പരാതി നല്‍കാന്‍ അല്ല ആഗ്രഹിച്ചത്. അദ്ദേഹം മാപ്പ് പറയണം എന്നായിരുന്നു. അത് സംഭവിച്ചു. ഇതോടെ എല്ലാ പ്രശ്‌നവും അവസാനിക്കുന്നില്ല', റിമ പറഞ്ഞു.

അതേസമയം, സജിന്‍ മാപ്പ് പറഞ്ഞില്ലായിരുന്നുവെങ്കില്‍ സാഹചര്യം മറ്റൊന്നായേനെ എന്നും റിമ പറയുന്നുണ്ട്. പുറമെ അറിയാത്ത പല കഥകളും എനിക്ക് അറിയാം. അവരെല്ലാവരുമായി ജോലി ചെയ്യാതിരിക്കാനുള്ള സാധ്യത എനിക്ക് ഇന്നില്ല. എനിക്ക് സ്വന്തമായൊരു ഇന്‍ഡസ്ട്രിയുണ്ടാക്കാനാകില്ലെന്നും റിമ പറഞ്ഞു. 'എനിക്ക് ജോലി ചെയ്യണം, മുന്നോട്ട് പോകണം . ഞാന്‍ പവര്‍ പൊസിഷനുള്ളയാളല്ല, ഞാനും മാറ്റി നിര്‍ത്തപ്പെടുന്നവരില്‍ ഒരാളാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് അധികാരമില്ല. ഒരു നടിയെന്ന നിലയില്‍ ഞാന്‍ ഇല്ലേയില്ല. എനിക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു എന്നെനിക്ക് അറിയാം. അതിന്റെ കുറ്റബോധവും എനിക്കുണ്ട്. പക്ഷെ ഞാന്‍ സ്വാര്‍ത്ഥയാണ്. എനിക്കും ജോലി ചെയ്യണം', റിമ കൂട്ടിച്ചേർത്തു.

Content Highlights: Rima Kallingal talks about why she did a movie with Me too accused Sajin Babu

dot image
To advertise here,contact us
dot image