
വിമാനയാത്രയ്ക്കിടെ പാനിക് അറ്റാക്ക് ഉണ്ടായ യാത്രക്കാരനെ, സഹയാത്രികന്‍ മര്‍ദിച്ചത് അടുത്തിടെയാണ് വാര്‍ത്തയായിരുന്നു. പാനിക് അറ്റാക്ക് ഉണ്ടായ യാത്രക്കാരന്റെ പെരുമാറ്റം സഹിക്കാനാവാതെ വന്നപ്പോഴാണ് സഹയാത്രികന്‍ അയാളെ മര്‍ദിച്ചത്. മാനസികാരോഗ്യത്തെ കുറിച്ചോ, പാനിക് അറ്റാക്കിനെ കുറിച്ചോ ഉള്ള അറിവില്ലായ്മയാണ് സഹയാത്രികനെ മര്‍ദിക്കുക എന്ന റിഫ്‌ളക്‌സ് ആക്ഷനിലേക്ക് അയാളെ എത്തിച്ചത്.
സ്‌ട്രെസ്സ്, ആങ്‌സൈറ്റി, പാനിക്, ഡിപ്രഷന്‍ തുടങ്ങിയ വാക്കുകള്‍ നിത്യജീവിതത്തിന്റെ ഭാഗമാണ് ഇന്ന്. പക്ഷെ പാനിക് അറ്റാക്കിനെയും ആങ്‌സൈറ്റി അഥവാ ഉത്കണ്ഠയെയും ആളുകള്‍ ഒന്നാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഉത്കണ്ഠ എന്നുപറയുന്നത് ഒരു വികാരവും, പാനിക് അറ്റാക്ക് എന്നുപറയുന്നത് വളരെ വേഗത്തില്‍ വ്യക്തിക്കുള്ളിലെ ഭയം പുറത്തേക്ക് ചാടുന്ന തരത്തിലുള്ള അനുഭവവുമാണ്.
ഉത്കണ്ഠ എന്നത് വളരെ സ്വാഭാവികമായ ഒരു പ്രതികരണമാണ്. നിങ്ങളെ ആശങ്കപ്പെടുത്തുന്നതോ, ഭയപ്പെടുന്നതോ ആയ ഒരു വികാരം. എന്തിനെന്നറിയാതെ നിങ്ങള്‍ക്ക് ഭയം തോന്നിയേക്കാം, മനസ്സില്‍ നിഷേധാത്മക ചിന്തകള്‍ നിറഞ്ഞേക്കാം. അസ്വസ്ഥരാകുകയും, ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരികയും കുറച്ചുനേരത്തേക്ക് ശാരീരക അസ്വസ്ഥതകളും അനുഭവപ്പെട്ടേക്കാം.
ഉത്കണ്ഠ അനുഭവപ്പെടുന്നവര്‍ അസ്വസ്ഥത പുറത്തക്ക് പ്രകടിപ്പിക്കും. ആള്‍ക്കൂട്ടത്തില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ വല്ലാതെ നിശബ്ദത പാലിക്കുകയും ചിലപ്പോള്‍ കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യും. ഓരോ വ്യക്തിക്ക് അനുസരിച്ചാണ് ഇത് പ്രകടമാകുക.
എന്താണ് പാനിക് അറ്റാക്ക്
10-15 മിനിറ്റിനുള്ളില്‍ തീവ്രമായി ഉയരുന്ന നിയന്ത്രിക്കാനാവാത്ത ഭയവും ആശങ്കയും ആണ് പാനിക് അറ്റാക്ക്. അത് ചിലപ്പോള്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ടുനിന്നേക്കാം. പാനിക് അറ്റാക്ക് ഉണ്ടാകുമ്പോള്‍ പ്രധാനമായി കണ്ടുവരുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, അമിത വിയര്‍പ്പ്, വിറയ്ക്കുക, ഓക്കാനം വരിക, ഹൃദയമിടിപ്പ് വര്‍ധിക്കുക, തലകറക്കം അനുഭവപ്പെടുക, നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെടുക എന്നിവയെല്ലാം അക്കൂട്ടത്തില്‍ പെടും.
പാനിക് അറ്റാക്ക് ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ അത് ഹൃദയാഘാതത്തെയോ, ആസ്തമയെയോ അനുകരിക്കും. പാനിക് അറ്റാക്ക് ഉണ്ടാകുന്ന വ്യക്തിയുടെ അവസ്ഥ മോശമാകുകയാണെങ്കില്‍ വൈകാതെ വൈദ്യസഹായം തേടണം. ഉത്കണ്ഠ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രശ്‌നമാണ്. അതേസമയം പാനിക് അറ്റാക്ക് വളരെ വേഗത്തില്‍ തീവ്രതയിലെത്തി മണിക്കൂറുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഒന്നും..
പാനിക് അറ്റാക്ക് ഉണ്ടായാല്‍
പാനിക് അറ്റാക്ക് ഉണ്ടായാല്‍ അവര്‍ ആശയക്കുഴപ്പം പ്രകടിപ്പിക്കും. അവര്‍ സുരക്ഷിതരാണെന്ന് അവരെ ഇടയ്ക്കിടെ ബോധ്യപ്പെടുത്തണം. സംസാരിക്കാന്‍ ബുദ്ധിമുട്ടുകയാണെങ്കില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടുകയാണെങ്കില്‍ യെസ്, അല്ലെങ്കില്‍ നോ എന്നുമാത്രം ഉത്തരം നല്‍കാനാവുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് അവരുടെ അവസ്ഥയുടെ തീവ്രത മനസ്സിലാക്കാനായി ശ്രമിക്കാം.
പാനിക് അറ്റാക്ക് ഉണ്ടായ വ്യക്തിയെ ആള്‍ക്കൂട്ടത്തിനിടയിലോ, അനാവശ്യ ശ്രദ്ധ കിട്ടുന്ന സ്ഥലത്തോ ആണെങ്കില്‍ ശാന്തമായ ഒരിടത്തേക്ക് മാറ്റാം. പിന്നെ ശ്വസനനില ക്രമീകരിക്കാനായി സഹായിക്കാം. പതുക്കെ ശ്വാസമെടുക്കാനും രണ്ടു സെക്കന്‍ഡുകള്‍ക്ക് ശേഷം മെല്ലെ അത് നിശ്വസിക്കാനും ആവശ്യപ്പെടാം. ചില സമയത്ത് പേപ്പര്‍ ബാഗിലേക്ക് നിശ്വസിക്കുന്നത് ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. സുരക്ഷിതരാണെന്ന് ശാന്തമായ ശബ്ദത്തില്‍ പറഞ്ഞ് അവര്‍ക്ക് ഉറപ്പുനല്‍കാന്‍ ശ്രമിക്കാം.
ചെയ്യാന്‍ പാടില്ലാത്തത്
റിലാക്‌സ്, ശാന്തരായിരിക്കൂ..തുടങ്ങിയ പദങ്ങള്‍ പാനിക് അറ്റാക്കില്‍ ആയിരിക്കുന്ന ആളുകളോട് പറയരുത്. അവര്‍ കേള്‍ക്കാന്‍ ഒട്ടും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അത്. അവരെ പിടിച്ചുകുലുക്കരുത്, ആള്‍ക്കൂട്ടത്തിലേക്ക് കൊണ്ടുപോകരുത്, അനാവശ്യമായ ശ്രദ്ധ ലഭിക്കുന്ന കേന്ദ്രബിന്ദുവായി മാറ്റരുത്. സംഭവിക്കുന്നത് മൊബൈലില്‍ പകര്‍ത്താതെ ഇരിക്കാനുള്ള മര്യാദയും കാണിക്കണം. അവരുടെ അനുവാദമില്ലാതെ അവരെ സ്പര്‍ശിക്കരുത്.
സിപിആര്‍ നല്‍കുന്നത് പോലെ പാനിക് അറ്റാക്ക് സംഭവിച്ചവര്‍ക്കും പ്രാഥമിക ശുശ്രൂഷ നല്‍കേണ്ടതുണ്ട്.
Content Highlights: Difference between panic attack and anxiety