
ശരീരത്തിലെ വിഷാംശം നീക്കി ക്ലെന്‍സ് ചെയ്യുന്നതിനും ദഹനപ്രക്രിയക്കും വളരെ നല്ലതാണ് നാരങ്ങാവെള്ളമെന്ന് കാലങ്ങളായി കേട്ടുകേള്‍വിയുള്ള കാര്യമാണ്. എന്നാല്‍ നാരങ്ങാവെള്ളം അമിതമായി കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഹാര്‍വാര്‍ഡില്‍ പരിശീലനം ലഭിച്ച ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നത്. അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
നാരങ്ങാവെള്ളം ജലാംശം വര്‍ധിപ്പിക്കുന്നു
ഡോ സേഥി പറയുന്നത് പ്രകാരം, നാരങ്ങാവെള്ളം ജലാംശം വളരെയധികം വര്‍ദ്ധിപ്പിക്കുന്നു കാരണം നാരങ്ങനീര് ഒഴിക്കുന്നതിലൂടെ ആളുകള്‍ക്ക് വെള്ളം കുടിക്കാനുള്ള താല്പര്യം വര്‍ധിക്കുന്നു. കൂടാതെ മികച്ച ദഹനം, കൂടുതല്‍ ഊര്‍ജം, പ്രതിരോധശേഷി, കൊളാജന്‍, ചര്‍മ്മ ആരോഗ്യം, ഇരുമ്പ് ആഗിരണം എന്നിവയ്ക്ക് സഹായിക്കുന്നു. ഒരു നാരങ്ങ ഏകദേശം 35 മില്ലിഗ്രാം വിറ്റാമിന്‍ സി ശരീരത്തിന് നല്‍കുന്നുണ്ട.
ദഹനം മെച്ചപ്പെടുത്താം
വയറ്റിലെ അസിഡിറ്റി കുറവുള്ളവര്‍ക്ക് നാരങ്ങാവെള്ളം കുടിക്കുന്നത് സഹായകമായേക്കാം. നാരങ്ങയുടെ നേരിയ അസിഡിറ്റി ഗ്യാസ്ട്രിക് ജ്യൂസും പിത്തരസവും ഉത്തേജിപ്പിക്കും, ഇത് ഭക്ഷണത്തിന് മുമ്പ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചൂടുള്ള നാരങ്ങാവെള്ളവും ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഉയര്‍ന്ന താപനിലയിലേക്ക് നാരങ്ങാനീര് ഒഴിക്കുമ്പോള്‍ അതിലെ വിറ്റാമിന്‍ സി നശിച്ചു പോകുന്നു. അതുകൊണ്ടു തന്നെ ചൂടുവെള്ളം ചെറുതായി തണുപ്പിച്ചിട്ടു വേണം അതിലേക്ക് നാരങ്ങാനീര് ഒഴിക്കാന്‍.
ആസിഡ് റിഫ്‌ലക്‌സ്
ആസിഡ് റിഫ്‌ലക്‌സ് അല്ലെങ്കില്‍ GERD ഉള്ളവര്‍ക്ക് നാരങ്ങാവെള്ളം വിപരീതഫലം ഉണ്ടാക്കുമെന്ന് ഡോ. സേഥി പറയുന്നു. റിഫ്‌ലക്‌സ് ലക്ഷണങ്ങളുള്ള ആളുകള്‍ക്ക് ഒഴിഞ്ഞവയറ്റില്‍ സിട്രസ് പഴങ്ങള്‍ കഴിച്ചതിനുശേഷം എരിച്ചില്‍ അല്ലെങ്കില്‍ വയറു വീര്‍ക്കല്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യുന്നു. അത്തരത്തിലുള്ളവര്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ഒഴിവാക്കുക.
പല്ലുകളെ ബാധിച്ചേക്കാം
നാരങ്ങാനീരിന്റെ pH ഏകദേശം 2 ആണ്. അതുകൊണ്ടു തന്നെ അസിഡിറ്റിയും വളരെ കൂടുതലായിരിക്കും. നാരങ്ങാവെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് കാലക്രമേണ ഇനാമലിനെ ജീര്‍ണിപ്പിക്കും. അതുകൊണ്ടു പല്ലുകള്‍ സംരക്ഷിക്കാന്‍ ഒരു സ്‌ട്രോ ഉപയോഗിച്ച് നാരങ്ങാവെള്ളം കുടിക്കുന്നതിനു പകരം ഗ്ലാസില്‍ നേരിട്ട് കുടിക്കാനും പിന്നീട് പ്ലെയിന്‍ വെള്ളത്തില്‍ വായ കഴുകാനും മറക്കരുതെന്ന് ഡോ. സേഥി പറയുന്നു.
ഇത് ശരീരത്തെ വിഷവിമുക്തമാക്കുമോ?
നാരങ്ങാവെള്ളം നിങ്ങളുടെ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നില്ലെന്ന് ഡോ സേഥി പറയുന്നു. നിങ്ങളുടെ കരളും വൃക്കകളുമാണ് ഈ പ്രക്രിയ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ദഹനപ്രക്രിയ സുഗമമാക്കുന്നതിനുമാണെന്നും ഡോ സേഥി കൂട്ടിച്ചേര്‍ത്തു.
Content Highlights: think lemon water is healthy a harvard trained doctor reveals