

കുവൈത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം. അമിത നിരക്കുകള്‍ ഒഴിവാക്കുന്നതിനൊപ്പം ഡെലിവറി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക കൂടിയാണ് പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള റെസ്റ്റോറന്റ്, റെഡിമെയ്ഡ് ഭക്ഷണ വിതരണ സേവനങ്ങള്‍ എന്നിവയുടെ പ്രവർത്തനം കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ-വ്യവസായ മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അല്‍-അജില്‍ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകള്‍ നടത്തുന്ന എല്ലാ കമ്പനികളും നിലവിലെ ലൈസന്‍സുകള്‍ പുതിയ വിഭാഗത്തിലേക്ക് മാറ്റണം.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇനി മുതല്‍ 'ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള ഡെലിവറി സേവനങ്ങളുടെ മാനേജ്മെന്റ്' എന്ന വിഭാഗത്തിലായിരിക്കും പുതിയ ലൈസന്‍സ് അനുവദിക്കുക. പുതിയ രീതിയിലേക്ക് മാറുന്നതായി രാജ്യത്തെ ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അതിനിടെ, സേവനദാതാക്കളും റെസ്റ്റോറന്റുകളുമായുള്ള നിലവിലുള്ള കരാറുകളിലെ ഫീസുകളും കമ്മീഷനുകളും പുതുക്കുന്നതിന് ഈ വര്‍ഷം അവസാനം വരെ സമയം ലഭിക്കും. നിശ്ചിത പരിധിക്ക് മുകളില്‍ ചാര്‍ജ് ഈടാക്കാന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് അനുമതിയുണ്ടാകില്ല. നിലവിലുള്ള കരാറുകള്‍ അവയുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ നിയമപരമായി നിലനില്‍ക്കും.
പുതിയ ചട്ടങ്ങള്‍ക്കനുസരിച്ച് സേവന നിരക്കുകള്‍ കുറയ്ക്കാന്‍ ഇരുപാര്‍ട്ടികളും സമ്മതിക്കുന്ന പക്ഷം അതിന് തടസമുണ്ടാകില്ലെന്നും ഉത്തരവില്‍ പറയുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയിലെ അമിത ചാര്‍ജുകള്‍ നിയന്ത്രിക്കാനും വിപണിയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനുമാണ് പുതിയ നടപടിയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Kuwait has decided to introduce strict regulations on online food delivery services to prevent excessive charges and protect consumers. The move aims to ensure price transparency and fair service practices across delivery platforms.