

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നരവനെ പരാമര്‍ശത്തിന് പിന്നാലെ സ്പീക്കര്‍ ഓം ബിര്‍ലയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര. നരേന്ദ്ര മോദി പണ്ട് നടത്തിയ ഒരു പ്രസംഗത്തില്‍ നെഹ്‌റുവിന്റെ ചരിത്രത്തെക്കുറിച്ച് പറയാന്‍ ഒരു വിദേശ എഴുത്തുകാരന്റെ പുസ്തകത്തിലെ വരികള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പവന്‍ ഖേര പറഞ്ഞു. വിദേശ പൗരന്റെ പുസ്തകം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉദ്ധരിക്കുന്നതില്‍ സ്പീക്കര്‍ക്ക് പ്രശ്‌നമില്ല. രാജ്യത്തിന്റെ മുന്‍ സൈനിക മേധാവിയുടെ ഓര്‍മക്കുറിപ്പിലെ ഭാഗങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ ഗുരുതര ചട്ടലംഘനമാണെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും പവന്‍ ഖേര ചോദിച്ചു. നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ ഭാഗം പങ്കുവെച്ച് എക്സിലൂടെയായിരുന്നു പവൻ ഖേരയുടെ പ്രതികരണം.
According to @ombirlakota, reading a book written by a foreigner is fine but quoting from a book written by an Indian General is not ok…
— Pawan Khera 🇮🇳 (@Pawankhera) February 3, 2026
Om Birla kii Jaijaikar hai! pic.twitter.com/1ssMWTbUxC
ലോക്സഭയിൽ ഇന്നും നരവനെയുടെ പുസ്തകത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന കാരവനിൽ പ്രസിദ്ധീകരിച്ച ലേഖനം രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടിയിരുന്നു. ലേഖനത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും തന്റെ ലക്ഷ്യം വസ്തുതകള്‍ അറിയിക്കുക എന്നത് മാത്രമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിൻ്റെ പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളംവെച്ചു. ഈ സമയം തനിക്ക് പ്രസംഗിക്കാന്‍ ആരുടെ അനുമതിയാണ് വേണ്ടതെന്ന് രാഹുൽ ചോദിച്ചു. താന്‍ പ്രതിപക്ഷ നേതാവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ മോശം വാക്ക് ഉപയോഗിച്ചെന്ന് സ്പീക്കര്‍ ആരോപിച്ചു. രാഹുലിന് സംസാരിക്കാനില്ലെങ്കില്‍ മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. പിന്നാലെ ഭരണപക്ഷത്തുള്ളവരെ സ്പീക്കര്‍ സംസാരിക്കാന്‍ വിളിച്ചു.
കഴിഞ്ഞ ദിവസവും രാഹുൽ ഗാന്ധി ലോക്സഭയിൽ നരവനെയുടെ പുസ്തകത്തിൻ്റെ ഭാഗങ്ങൾ ഉൾപ്പെടുന്ന കാരവൻ മാസികയിലെ പ്രസിദ്ധീകരണം ഉയർത്തിക്കാട്ടിയിരുന്നു. ഇത് സഭയിൽ വലിയ ഭരണപക്ഷ-പ്രതിപക്ഷ വാക് പോരിന് കാരണമായിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. പുറത്തിറങ്ങാത്ത പുസ്തകത്തിലെ ഭാഗങ്ങള്‍ സഭയില്‍ ഉന്നയിക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു രാഹുലിന്‍റെ ആരോപണങ്ങളെ ഭരണപക്ഷം പ്രതിരോധിച്ചത്.
മനോജ് നരവനെയുടെ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തെ ആധാരമാക്കിയായിരുന്നു 'ദി കാരവന്‍' കുറിപ്പ് പ്രസിദ്ധീകരിച്ചത്. 2024ല്‍ പുറത്തിറങ്ങേണ്ട പുസ്തകം ഇനിയും പുറത്തിറങ്ങിയിട്ടില്ല. ഒരു വര്‍ഷത്തിലധികമായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ഈ പുസ്തകം. ഇന്ത്യ-ചൈന സംഘര്‍ഷ സമയത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങുമായുള്ള സംഭാഷണം പുസ്തകത്തില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2020 ഓഗസ്റ്റ് 31ന് റെചിന്‍ ലാ പര്‍വ്വതപ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം ഇരച്ചെത്തിയപ്പോള്‍ താന്‍ രാജ്നാഥ് സിങിനെ വിളിച്ചുവെന്നും നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത് ചെയ്‌തോളൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ആ രാത്രിയില്‍ താന്‍ വിദേശകാര്യമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ മേധാവി എന്നിവരെയും വിളിച്ചിരുന്നുവെന്നും നരവനെ പറയുന്നുണ്ട്. ഏറെ വിവാദമായ അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചും നരവനെയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൃസ്വകാലത്തേയ്ക്കായി സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്‌നിപഥ്. പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ എത്ര പേരെ നിലനിര്‍ത്തണം എന്ന തീരുമാനത്തെ സംബന്ധിച്ച് പുസ്തകത്തില്‍ വെളിപ്പെടുത്തലുകളുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ 75 ശതമാനം പേരെയും നിലനിര്‍ത്താനായിരുന്നു ആദ്യ ഘട്ടത്തില്‍ ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീടത് 25 ശതമാനമായി എന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. 20,000 രൂപയായിരുന്നു അഗ്‌നിവീറുകള്‍ക്ക് ശമ്പളമായി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തിനായി ജീവിതം തന്നെ മാറ്റിവെച്ചവരോട് ദിവസവേതനക്കാരോടെന്ന പോലെ പെരുമാറരുത് എന്നും നരവനെ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു. പിന്നീട് ഈ സംഖ്യ 30,000 ആക്കി ഉയര്‍ത്തുകയായിരുന്നുവെന്നും പുസ്തകത്തില്‍ നരവനെ പറയുന്നുണ്ട് എന്നാണ് വിവരം.
Content Highlight; Congress Media and Publicity Wing Chairman Pawan Khera has come out against Speaker Om Birla after Rahul Gandhi's Naravane remark.