

യുഎഇക്ക് നേരെയുള്ള ഇറാനിയൻ പ്രകോപനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള 35 പേരെ അറസ്റ്റ് ചെയ്തു. യുഎഇ അറ്റോർണി ജനറലാണ് അറസ്റ്റിന് ഉത്തരവിട്ടത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായാണ് ഈ നടപടികൾ പ്രഖ്യാപിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുക, രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെയും നടപടികളെയും ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വീഡിയോ ക്ലിപ്പുകൾ പങ്കുവെക്കുക, യുഎഇക്ക് നേരെയുള്ള സൈനിക അതിക്രമങ്ങളെ ന്യായീകരിക്കുക തുടങ്ങിയ പ്രവർത്തികൾക്കാണ് ഇവർ അറസ്റ്റിലാവുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് യുഎഇ ഭരണകൂടം പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘര്‍ഷ മേഖലകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പബ്ലിക്ക് പ്രോസിക്യൂഷൻ നിലവിൽ 35 പേരെ അറസ്റ്റ് ചെയ്തപ്പോൾ അബുദബി പൊലീസ് 45 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് മുന്‍പ് അവയുടെ സത്യാവസ്ഥ പരിശോധിക്കേണ്ടത് അത്യവശ്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ആധികാരിക വിവങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണം. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: UAE plans to arrest 35 individuals for sharing Iranian provocation videos on social media amid rising regional tensions.