
ചരിത്രത്തില്‍ ആദ്യമായി ഹോര്‍മോണ്‍ രഹിത പുരുഷ ഗര്‍ഭനിരോധന ഗുളികയായ YCT-529 മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചു. ഗുളികയായി കഴിക്കുന്ന YCT -529 എന്ന പുതിയ മരുന്ന് മനുഷ്യനില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണത്തില്‍ പ്രതീക്ഷ നല്‍കുന്ന ഫലമാണ് നല്‍കിയത്. ഇത് സംബന്ധിച്ച പരീക്ഷണ ഫലങ്ങള്‍ 'കമ്മ്യൂണിക്കേഷന്‍സ് മെഡിസിന്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയുമായും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ യുവര്‍ചോയ്‌സ് തെറാപ്യൂട്ടിക്‌സുമായും സഹകരിച്ച് വികസിപ്പിച്ചെടുത്ത ഒരു നോണ്‍-ഹോര്‍മോണ്‍ ഓറല്‍ ഗുളികയാണ് YCT-529.
മുമ്പ്, എലികളിലും ആണ്‍ കുരങ്ങുകളിലും നടത്തിയ പരീക്ഷണങ്ങളില്‍ ഗുളിക 99% ഫലപ്രാപ്തി കാണിച്ചിരുന്നു. ഇതില്‍ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ 6 ആഴ്ചയ്ക്കുള്ളിലും കുരങ്ങുകളില്‍ നടത്തിയ പരീക്ഷണത്തില്‍ 10 മുതല്‍ 15 ആഴ്ചകള്‍ക്കുള്ളിലും അവ പ്രത്യുല്‍പാദനക്ഷമത വീണ്ടെടുത്തിരുന്നു.
മുന്‍പ് നടത്തിയ പരീക്ഷണാത്മക പുരുഷ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, YCT-529 ഹോര്‍മോണ്‍ അളവിനെ ബാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ ഇത് ദീര്‍ഘകാല ഉപയോഗത്തിന് സുരക്ഷിതവുമാണ്. മനുഷ്യരില്‍ നടത്തിയ ഈ ആദ്യ പഠനത്തില്‍, ആരോഗ്യമുള്ള 16 പുരുഷന്മാരില്‍ വ്യത്യസ്ത ശക്തികളിലുള്ള ഗുളികയുടെ ഒറ്റ ഡോസുകള്‍ നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഹൃദയമിടിപ്പ്, മാനസികാവസ്ഥ, ലൈംഗികത ഹോര്‍മോണ്‍ അളവ് എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മാറ്റങ്ങളും പാര്‍ശ്വഫലങ്ങളും ഇവരില്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.
മരുന്ന് പരീക്ഷണത്തില്‍ കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടാതെ മരുന്ന് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിനെയോ മറ്റ് പ്രത്യുത്പാദന ഹോര്‍മോണുകളുടെ അളവിനെയോ ബാധിച്ചിട്ടുമില്ല. ഭക്ഷണത്തോടൊപ്പമോ അല്ലാതെയോ മരുന്ന് കഴിക്കാം. ഒരു മരുന്നിന്റെ സുരക്ഷ പരിശോധിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഫേസ് 1 എ പരീക്ഷണമായിരുന്നു ഇതില്‍ നടന്നത്. പരീക്ഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ഈ പരീക്ഷണത്തിന്റെ വിജയം, കഴിഞ്ഞ 50 വര്‍ഷമായി കാര്യമായ പുരോഗതി കൈവരിക്കാത്ത മേഖലയില്‍ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :For the first time in history, a male contraceptive pill has been tested on humans